പാലക്കാട്: വേലി തന്നെ വിളവ് തിന്നുന്നു. നിയമം കാറ്റിൽ പറത്തിയ ഗ്രാമപഞ്ചായത്തംഗത്തിന് ഇറിഗേഷൻ വകുപ്പിന്റെ നോട്ടീസ്. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സിപിഐയിലെ കെ. മുത്തുവിനെതിരെയാണ് ചിറ്റൂർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ നിയമലംഘനത്തിന് നോട്ടീസ് നൽകിയത്. പന്ത്രണ്ടാം വാർഡ് മാഞ്ചിറയിൽ ചിറ്റൂർ ടെക്നിക്കൽ ഹൈസ്‌കൂളിനു സമീപം കന്പിളിയിൽ പ്രധാന കനാലിലേക്ക് മാലിന്യം തള്ളുന്നതായാണ് സ്ഥിരീകരിച്ചത്.

ഇതേ ഭാഗത്ത് മറ്റൊരു സ്വകാര്യവ്യക്തിക്കെതിരേയും ഇറിഗേഷൻ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിയമലംഘനം നടത്തുന്നതു താനല്ലെന്നും മെംബറാണെന്നുമുള്ളത്. തുടർന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ നിയമലംഘനം സ്ഥിരീകരിച്ച് വാർഡ് മെംബർക്കു നോട്ടീസ് നൽകുകയായിരുന്നു.

ആളിയാർ ഡാം വെള്ളം കടന്നുപോകുന്ന പ്രധാന കനാലിലേക്ക് പൈപ്പിട്ട് വീട്ടിലെ ശുചിമുറി, അടുക്കള എന്നിവിടങ്ങളിലെ മലിനജലം തള്ളിയതിനാണ് വാർഡ് മെംബർക്കു നോട്ടീസ്. ഏഴു ദിവസത്തിനകം പൈപ്പ് നീക്കം ചെയ്യണമെന്ന് നോട്ടീസിൽ നിർദ്ദേശമുണ്ട്. ഇദ്ദേഹത്തിനെതിരേ ഒന്നരവർഷം മുന്പ് നല്ലേപ്പിള്ളി പഞ്ചായത്ത് അധികൃതർക്കു മലിനജലം തള്ളുന്നതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നതാണ്. അന്ന് സ്വന്തം പഞ്ചായത്ത് അധികൃതർ കണ്ണടക്കുകയായിരുന്നു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഗ്രാമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ടു ചെയ്ത് ലംഘനം നീക്കംചെയ്യാൻ ഇടപെടേണ്ടയാളാണ് അതാത് വാർഡ് മെംബർമാർ. ഇവിടെ നിയമലംഘനം നടത്തിയതു തന്നെ വാർഡ് മെംബറാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും മുൻ മെംബറായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. നോട്ടീസ് റദ്ദാക്കാനും വാർത്തകൾ പുറംലോകം അറിയാതിരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ ചിറ്റൂർ ഇറിഗേഷൻ വകുപ്പിനെതിരെയും ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്. കനാലിലേക്ക് മലിനജലം തള്ളുന്നതു വിവിധ നിയമപ്രകാരം വലിയ കുറ്റവും കടുത്ത ശിക്ഷാനടപടികൾക്കു വിധേയവുമാണ്. ഇത്തരം നിയമലംഘനങ്ങൾക്കു നോട്ടീസ് നൽകുക മാത്രമല്ല ഉടനടി ലംഘനം ഒഴിവാക്കുക എന്നതാണ് നിയമം. നിയമലംഘനത്തിനു പിഴശിക്ഷയും ഈടാക്കണം. എന്നാൽ ഇതുരണ്ടും ഇറിഗേഷൻ വകുപ്പ് പാലിച്ചില്ലെന്നാണ് ആക്ഷേപം.

ജനപ്രതിനിധിയുടെ നിയമലംഘനം ആയതിനാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദ്ദേശവും പാലിക്കപ്പെട്ടില്ല. മാലിന്യ നിർമ്മാർജന ദൗത്യവുമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി നീങ്ങുന്പോഴാണ് നല്ലേപ്പിള്ളിയിൽ വാർഡ് മെംബറുടെ നിയമലംഘനം. നിയമനടപടികളടക്കം മിക്കകാര്യങ്ങളും ഉടനടി മാധ്യമങ്ങൾക്കു നൽകാറുള്ള ഇറിഗേഷൻ വകുപ്പ് ഈ വിഷയത്തിൽ മാത്രം കണ്ണടച്ചു.