- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരങ്ങള്‍ പ്രതിസന്ധിയില്‍; ചൂരല്‍മലയും മുണ്ടക്കൈയും പുനര്‍നിര്‍മ്മിക്കും; കേന്ദ്രസഹായം അനിവാര്യത; മുഖ്യമന്ത്രിയുടെ സര്‍വ്വകക്ഷിയോഗം നിര്‍ണ്ണായകം
കല്‍പറ്റ: ചൂരല്‍മലയും മുണ്ടക്കൈയും പുനര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ ധാരണ. ഇതിന് വേണ്ടി പ്രത്യേക പദ്ധതികളുണ്ടാക്കും. 4000 കുടുംബങ്ങളെ ദുരന്തം ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പുനരധിവാസത്തിനും മറ്റും വലിയ തുക വേണ്ടിവരും. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം.
വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വ്യാഴാഴ്ച ജില്ലയിലെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരേയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. രാവിലെ ഏഴിനു ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങും. റോഡ് മാര്‍ഗം ഒരുമണിയോടെ മേപ്പാടിയിലെത്തും.
രാഹുലും വ്യക്തമായ പദ്ധതികളുമായാണ് എത്തുന്നത്. മുഖ്യമന്ത്രിയുമായി രാഹുലും സംസാരിക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയം മറന്ന് വയനാടിന്റെ പുനരധിവാസത്തിന് കോണ്‍ഗ്രസ് സഹകരിക്കും. എല്ലാ അര്‍ത്ഥത്തിലും വയനാട്ടിലേക്ക് സഹായം എത്തിക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ മുന്‍ എംപിയാണ് രാഹുല്‍. അടുത്ത ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിക്കുക പ്രിയങ്കയാണ്. ഈ സാഹചര്യത്തില്‍ വയനാടിനെ ചേര്‍ത്ത് പിടിക്കാന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം എല്ലാ അര്‍ത്ഥത്തിലും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ഒപ്പം നില്‍ക്കും.
തിരച്ചിലിന് കൂടുതല്‍ യന്ത്രങ്ങളും സന്നാഹങ്ങളും ഇന്നെത്തും. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി പറഞ്ഞു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. മേല്‍ക്കൂര ഉയര്‍ത്തി ആളുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കും പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. ബെയ്‌ലി പാലം ഇതിന് മാറ്റമുണ്ടാക്കും.
ഉരുള്‍പൊട്ടല്‍ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും എത്തിയ നൂറുകണക്കിനാളുകള്‍ക്ക് എന്ത് സംഭവിച്ചുവെന്നതും പരിശോധിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനില്‍ക്കുന്നവരെ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ കഴിഞ്ഞോ എന്നും പരിശോധിക്കും.
മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മാണം രാത്രിയിലും നടന്നു. ഇത് ഉടന്‍ പൂര്‍ത്തിയാകും.