റിയാദ്: ആധുനികതയിലെക്ക് എത്തിപ്പെടാൻ കഠിന ശ്രമം നടത്തുമ്പോഴും എന്തെല്ലാമോ സൗദി അറേബ്യയെ പുറകോട്ട് വലിക്കുന്നു. മോഹ വില നൽകി വാങ്ങിയ ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരും കാമുകിമാരും പലയിടങ്ങളിലും പരസ്യമായി തന്നെ അപമാനിക്കപ്പെടുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

പലയിടങ്ങളിലും അവർക്ക് ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും അവർക്ക് പ്രവേശനം പോലും നിഷേധിക്കപ്പെടുകയാണത്രെ. ശരീരം പൂർണ്ണമായും മൂടാത്ത വസ്ത്രം ധരിച്ചു എന്നതാണത്രെ പ്രശ്നം. ഇങ്ങനെ പോയാൽ, സൗദി അറേബ്യയുടെ, ഭാവിയിലേക്കുള്ള കുതിപ്പ് എവിടെ എത്തുമെന്ന് കാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്ത കാലത്താണ് പൊതുവെ ഒരു യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ ആധുനികതയെ പുണരാൻ തുടങ്ങിയത്. രാജ്യത്തിന്റെ ബഹുമുഖ വികസന പ്രക്രിയയുടെ ഭാഗമായി, കായിക രംഗവും വികസിപ്പിക്കാൻ ലോകോത്തര പ്രതിഭകളെ സൗദി ക്ഷണിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മാർ തുടങ്ങി ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ഫുട്ബോൾ കളിക്കാരെ സൗദി ക്ലബ്ബുകൾ മോഹ വില നൽകിയാണ് സ്വന്തമാക്കിയത്.

ഭർത്താക്കന്മാർക്ക് വൻ തുക ലഭിക്കുമ്പോഴും, പ്രതീക്ഷിക്കാത്ത ആഡംബരങ്ങളോടെയുള്ള ജീവിതം സാധ്യമാകുമ്പോഴും, കളിക്കാരുടെ ഭാര്യമാർക്കും കാമുകിമാർക്കും എല്ലാം നല്ല അനുഭവങ്ങൾ അല്ല എന്നതാണ് വസ്തുത. അവർ തികച്ചും ഒറ്റപ്പെട്ടുപോയ ഒരു നിലയിലാണ് ഈ യാഥാസ്ഥിക രാജ്യത്ത്. സൗദി സംസ്‌കാരവുമായി ഇടപഴകാനാകാതെ, അനുഭവിക്കേണ്ട വരുന്ന കഷ്ടപ്പാടുകൾ ചില കളിക്കാരുടെ ഭാര്യമാരും കാമുകിമാരും മെയിൽ ഓൺലൈനിനോട് തുറന്നു പറയുകയായിരുന്നു.

പ്രതികാര നടപടികൾ ഉണ്ടായേക്കുമെന്ന് ഭയക്കുന്നതിനാൽ, പേര് വെളിപ്പെടുത്തരത് എന്നാവശ്യപ്പെട്ടാണ് അവർ തുറന്ന് പറയാൻ തയ്യാറായതെന്ന് ഡെയ്ലി മെയിൽ വെളിപ്പെടുത്തുന്നു. പാശ്ചാത്യ രീതിയിൽ വസ്ത്രധാരണം ചെയ്ത് പൊതുയിടങ്ങളിൽ എത്തിയാൽ പലപ്പോഴും പരിഹാസങ്ങൾക്കും, ചിലപ്പോൾ ഭീഷണികൾക്കും വിധേയരാകേണ്ടി വരുന്നതായി അവർ പറയുന്നു. ഒരിക്കൽ തന്റെ തോളും, കാലിന്റെ ഒരു ഭാഗവും വസ്ത്രത്തിന് പുറത്ത് ദൃശ്യമായി എന്നതിനാൽ ചിലർ തന്റെ നേർക്ക് ആക്രോശിച്ചതായി കളിക്കാരുടെ ഭാര്യമാരിലൊരാൾ പറഞ്ഞു.

കടുത്ത ചൂടാണെങ്കിൽ പോലും ഷോട്ട്സ് ധരിക്കാൻ അനുവാദമില്ല. ബീച്ചുകളിൽ പോലും അത് ധരിച്ചാൽ മറ്റാളുകൾ തങ്ങളെ വെറുപ്പോടെയാണ് നോക്കുക എന്നും അവർ പറയുന്നു. അതുപോലെ ഷോപ്പിങ് മാളുകളിൽ നിന്നും, വസ്ത്രധാരണത്തിന്റെ പേരിൽ മടക്കി അയയ്ക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും അവർ പറയുന്നു. പാശ്ചാത്യ നാടുകളിലേത് പോലെ, സ്ത്രീകൾക്ക് ഒരു സ്വാഭാവിക ജീവിതം ഇവിടെ നയിക്കാൻ കഴിയുന്നില്ല എന്ന്അവർ കുറ്റപ്പെടുത്തുകയാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന നിമിഷം മുതൽ നിങ്ങൾ കരുതലെടുക്കണം.