- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിച്ച് ക്രിസ്മസ്; ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിഷമകാലങ്ങൾ മറന്ന് വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്മസിനെ വരവേറ്റ് വിശ്വാസി സമൂഹം

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ക്രിസ്മസിനെ വരവേറ്റു. ക്രൈസ്തവരുടെ ഒരു തിരുനാൾ ആഘോഷത്തിനപ്പുറം, ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ഒരു ആഘോഷമായി ക്രിസ്മസ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
കരോളും ആശംസ കാർഡുകളും പുൽക്കൂടുകളുമൊക്കെയായി ആഘോഷപൂർവ്വമാണ് ക്രിസ്മസിനെ ജനങ്ങൾ കൊണ്ടാടുന്നത്. മഞ്ഞുള്ള ഡിസംബറിൽ, ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി കാലഘട്ടത്തെ തന്നെ തന്റെ പിറവി കൊണ്ടു വേർതിരിച്ച ഉണ്ണിയേശു വിരാജിച്ചു തുടങ്ങിയിട്ട് രണ്ടു സഹസ്രാബ്ദങ്ങളായി.
ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിലാണ് ലോകം. നക്ഷത്രവിളക്കും സാന്റയേയും കേക്കും ഒരുക്കി മലയാളികളും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളിൽ പാതിരാ കുർബാനകളോടെയാണ് പുണ്യദിനത്തെ വരവേറ്റത്.
വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികൾ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നാണ് ലോകമൊന്നാകെ ക്രിസ്മസ് ആഘോഷിക്കുന്നത്. ആഘോഷത്തിന് വർണശോഭ നൽകി അലങ്കാര വിളക്കുകളും പുൽകൂടുകളും പാട്ടുകളുമുണ്ട്.
ലോകത്തെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. തിരുപ്പിറവിയെ നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ വീടുകളിൽ ഒരുക്കി നാടും നഗരവും ക്രിസ്മസിനെ വരവേറ്റു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.
സ്‌നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്റെ പൂർണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നൽകിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാർഥ്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിക്കുന്നത്.
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ക്രിസ്മസ് ആശംസകൾ നേർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്.
മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.
ക്രിസ്മസ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്
ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്റേയും ദുരിതത്തിന്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റയും അർത്ഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു.
പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം.
അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്നേഹത്തിന്റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്‌നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
എല്ലാവർക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകൾ.
കോവിഡ് വീണ്ടും ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും വീടുകളിലും ആരാധനാലയങ്ങളിലും പുൽക്കൂടൊരുക്കിയും അലങ്കരിച്ചും തിരുപ്പിറവി ആഘോഷമാക്കുകയാണ് വിശ്വാസ സമൂഹം. ഭൂമിയിൽ സന്മസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്‌ത്തുകയാണ് ലോകം. ഏവർക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ ക്രിസ്മസ് ആശംസകൾ


