കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ ചോദ്യപ്പേര്‍ ചോര്‍ച്ചാവിവാദത്തിലും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് സര്‍ക്കാര്‍. പത്താംക്ലാസിലെ ക്രിസ്തുമസ് ചോദ്യപരീക്ഷകള്‍ ചോര്‍ന്ന സംഭവത്തില്‍, കോഴിക്കോട് കൊടുവള്ളിയിലെ എം എസ് സൊല്യൂഷന്‍സ് എന്ന യുട്യൂബ് ചാനല്‍ മാത്രമാണ് കുടുങ്ങിയത്. തങ്ങള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ സൈലത്തില്‍ നിന്ന് അടക്കമാണ് ചോദ്യങ്ങള്‍ എടുത്തത് എന്നും, ചോര്‍ത്തിയത് അല്ല എന്നും പറഞ്ഞിട്ടും അന്വേഷണം സൈലത്തിനെതിരെയൊന്നും നീങ്ങിയിട്ടില്ല. സിപിഎം ബന്ധമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ സംരക്ഷിച്ച് മറ്റുള്ളവര്‍ക്ക് നേരെ നടപടിയെടുക്കയാണ്, പൊലീസ് ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്.

അതുപോലെ തന്നെ വന്‍ തുക ശമ്പളം പറ്റിക്കൊണ്ട് ചില പ്രമുഖ സര്‍ക്കാര്‍- എയ്ഡഡ് അധ്യാപകന്‍ സ്വകാര്യ എജു പ്ലാറ്റ്ഫോമുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് എതിരെയും അന്വേഷണം പോയിട്ടില്ല. എഇഒമാരും ഡിഇഒമാരും വരെ ഉള്‍പ്പെട്ട നെറ്റ്വര്‍ക്കാണ് ഇതെന്ന് വ്യക്തമായിട്ടും, പൊലീസ് അന്വേഷണം എം എസ് സൊല്യൂഷ്യന്‍സില്‍ മാത്രം ഒതുക്കയാണ്. മറ്റ് പല ലേണിങ്ങ്പ്ലാറ്റ്ഫോമിലും ചോര്‍ന്ന ചോദ്യപേപ്പര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു. പക്ഷേ നടപടി വന്നത് എം എസ് സൊല്യൂഷന്‍സിന് നേരെ മാത്രമാണ്. ഇതിന്റെ ഉടമ ഷുഹൈബ് ആവട്ടെ അറസ്റ്റ് ഭയന്ന് ഗള്‍ഫിലേക്ക് കടന്നിരിക്കയാണെന്നാണ് അറിയുന്നത്.

കോവിഡ്കാലത്തിനുശേഷം കേരളത്തില്‍ വളര്‍ന്ന പുതിയൊരു സംഭവമാണ് ഓണ്‍ലൈന്‍ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍. യു ട്യൂബിലൂടെയും, വാട്‌സാപ്പിലൂടെയും, ആപ്പുകളിലൂടെയും ഇവര്‍ നടത്തുന്ന ട്യൂഷന് ഏറെ വിദ്യാര്‍ത്ഥികളുണ്ട്. അശ്ളീല തമാശകള്‍ പറഞ്ഞ് കുട്ടികളെ ആകര്‍ഷിക്കുന്ന ഇവരുടെ രീതിയെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. സെക്സ് ജോക്കുകള്‍ പറഞ്ഞാണ് ഒരു പ്രമുഖ ചാനലില്‍ മാത്സ് ക്ലാസുകള്‍ തന്നെ നടക്കുന്നത്. ക്ലാസിനിടെ അശ്ലീലപരാമര്‍ശം നടത്തിയെന്ന് എംഎസ് സോല്യൂഷ്യന്‍സിനെതിരെ കൊടുവള്ളി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്ലാസിനിടെ അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ ലിങ്കുകള്‍ സഹിതം എ.ഐ.വൈ.എഫ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി സമര്‍പ്പിച്ച പരാതിയിലാണ് പോലീസിന്റെ തുടര്‍നടപടി.

വീഡിയോകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന തരത്തിലുമാണെന്നാണ് ആരോപണം. പ്രാഥമികാന്വേഷണത്തില്‍ വീഡിയോകളില്‍ പലതും നീക്കംചെയ്തതായി കണ്ടെത്തി. യുട്യൂബ് ചാനലില്‍, സി.ഇ.ഒ. ആയ ഷുഹൈബ് ക്ലാസിനിടെ ദ്വയാര്‍ഥപ്രയോഗം നടത്തുന്നതും മറ്റുമായ വീഡിയോകള്‍ നേരത്തേ പ്രചരിച്ചിരുന്നു. സാമൂഹികമാധ്യമത്തില്‍ പ്രചാരംകൂട്ടി പണം സമ്പാദിക്കുകയും സ്‌കൂള്‍ വിദ്യാര്‍ഥികളെ തെറ്റായ രീതിയില്‍ ചൂഷണംചെയ്യുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പക്ഷേ ഇതിലും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. ഒരുരുപാട് പേര്‍ ഇങ്ങനെ അശ്ളീല തമാശകള്‍ പറഞ്ഞ് ക്ലാസ് എടുക്കാറുണ്ടെങ്കിലും ഇവിടെയും പെട്ടിട്ടുള്ളത് എം എസ് സൊല്യൂഷ്യന്‍സാണ്.

നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല ലേണിങ്ങ് ആപ്പുകളും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തുപോലെ, വിദ്യാലയങ്ങളില്‍ എന്‍ട്രിയുള്ളവയാണ്. ഒരു ലക്ഷം രൂപയിലേറെ മാസ ശമ്പളം പറ്റി, സര്‍ക്കാര്‍ അധ്യാപകര്‍ ഇവിടെയും ജോലിചെയ്യുന്നുണ്ട്. മണിക്കൂറിന് 2000 രൂപയിലേറെ പറ്റുന്നവ വിദഗ്ധരും ബുസ്റ്റര്‍ ക്ലാസുകളില്‍ എത്താറുണ്ട്. അധ്യാപക സംഘടനയുടെ സമ്മേളനത്തിനും ലക്ഷങ്ങള്‍ കൊടുത്തുമൊക്കെ ഇവര്‍ അധികൃതരെ കൈയിലെടുക്കുന്നുണ്ട്. ഈ കൂട്ടുകെട്ടില്‍ എഇഒമാവും ഡിഡിഇയുമൊക്കെ ഉള്‍പ്പെടുന്ന ഒരു വലിയ കോക്കസ് ഉണ്ട്. സ്വകാര്യ ട്യൂഷന്റെ പേരില്‍ ആരോപിതര്‍ ആയിരിക്കുന്നവര്‍ ഇടത് അധ്യാപക നേതാക്കളുമുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ്, ഒരുപാട് യുട്യൂബ് എജു പ്ലാറ്റ്ഫോമുകള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും, ഒന്നിനെതിരെ മാത്രം നടപടിയെടുത്ത്, തടിയെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

ഇവര്‍ തമ്മിലുള്ള കിടമത്സരം വര്‍ധിച്ചതോടെ ഇപ്പോള്‍ ചോദ്യപേപ്പര്‍വരെ ചോരുകയാണ്. ഓണപ്പരീക്ഷയെ പ്രഹസനമാക്കികൊണ്ട് പത്താംക്ലാസിലെ പരീക്ഷയുടെ ചോദ്യങ്ങള്‍ യുട്യൂബില്‍ ഇവര്‍ ചോര്‍ത്തിയിരുന്നത് വിവാദമായിരുന്നു. ഇപ്പോഴിതാ ക്രിസ്മസ് പരീക്ഷയുടെ പത്താംക്ലാസില്‍ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണില്‍ ഗണിതത്തിന്റെയും ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി പല പ്രമുഖ ഓണ്‍ലൈന്‍ ആപ്പുകാരും, യു ട്യൂബ് എജുപ്ലാറ്റ്‌ഫോമുകാരും ചോദ്യപേപ്പര്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണമുണ്ട്. ഒരു പ്രമുഖ യുട്യൂബ് എഡു ടീമിന്റെ ബൂസ്റ്റര്‍ ക്ലാസില്‍ പറഞ്ഞ അതേ ചോദ്യങ്ങള്‍ തന്നെ പരീക്ഷകളില്‍ ആവര്‍ത്തിച്ച സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും' എന്ന് കട്ടായം പറഞ്ഞായിരുന്നു അവരുടെ ക്ലാസ്. എന്നാല്‍ ഒരുപാട് പേര്‍ ഉള്‍പ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഒരാളെ മാത്രം പ്രതിയാക്കി തടിയെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.