- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാട്ടുമുണ്ടനും പിതൃശൂന്യനും പണപ്പിരവുകാരെനെന്നും വരെ വിശേഷിപ്പിച്ചു; അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ടായെന്നും സിഐയ്ക്ക് പണികൊടുക്കുമെന്നും ഭീഷണി; ഏര്യാ സെക്രട്ടറിയുടെ വീമ്പു പറച്ചിലിൽ പേടിക്കാത്ത ഉദ്യോഗസ്ഥൻ; കോടതിയെ സമീപിച്ച് കേസെടുപ്പിച്ചു സിഐ സന്തോഷ് കുമാർ; നീതിക്ക് വേണ്ടിയുള്ള സിഐയുടെ യാത്ര ആരും സഞ്ചരിക്കാത്ത വഴിയിൽ
തിരുവനന്തപുരം: സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുക്കുന്നത് പൊലീസുകാരന്റെ നിയമ പോരാട്ടത്തിൽ. ജയദേവൻനായരുടെ പ്രസംഗത്തിന്റെ ശബ്ദരേഖയുൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയും പരിപാടി ലൈവ് ടെലികാസ്റ്റ് ചെയ്ത ടെലിവിഷൻ ചാനൽ റിപ്പോർട്ടർമാരുൾപ്പെടെയുള്ളവരെ സാക്ഷികളാക്കിയും അഡ്വ.അജിതാ വി.കെ.നായർ മുഖേന ഫയൽചെയ്ത സി.എംപിയിലാണ് കോടതി കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിലൊരു കേസ് തന്നെ കേരളത്തിൽ ആദ്യമാണ്.
രാഷ്ട്രീയ നേതാക്കൾക്കെതിരെ പരസ്യ നിലപാടുകൾ പൊലീസുകാർ എടുക്കാറില്ല. എന്നാൽ സിഐ സന്തോഷ് കുമാർ വ്യത്യസ്തനായി. കേസുമായി മുമ്പോട്ട് പോയി. ഇതിന്റെ ഫലമാണ് കേസ്. സിഐക്കൊപ്പം നേതാവിന്റെ അധിക്ഷേപങ്ങൾക്കിരയായ എസ്ഐ വിക്രമാദിത്യനും കേസിലെ സാക്ഷിയാണ്. ചാനലുകൾ ലൈവ് ടെലികാസ്റ്റിങ് നടത്തിയ പരിപാടിയിൽ സിഐയെ കൈക്കൂലിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസ് തുടർനടപടിക്കായി മാറ്റിയ കോടതി പ്രതിക്ക് സമൻസ് നൽകാനും ഉത്തരവിട്ടിരിക്കുകയാണ്.
നിലവിലെ സി ഐ സസ്പെൻഷനിലായപ്പോൾ തല്പരകക്ഷിയെ നെടുമങ്ങാട് എത്തിക്കാൻ നടത്തിയ രാഷ്ട്രീയ നീക്കം പൊളിഞ്ഞിരുന്നു. മണ്ണ് മാഫിയയ്ക്കും ബ്ലേഡ്കാർക്കും വേണ്ടി ശുപാർശ ചെയതപ്പോൾ പുതുതായി എത്തിയ സി ഐ സന്തോഷ് കുമാർ മൈൻഡ് ചെയ്തില്ല. ഇതിനിടെയാണ് സിഐയെ അധിക്ഷേപിച്ച് സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർ രംഗത്ത് വന്നത്. പിന്നാലെ സിഐയ്ക്ക് സ്ഥലം മാറ്റവും ഉണ്ടായി. ഒടുവിൽ മുഖ്യമന്ത്രിയെ വഴിയിൽ തടയുന്നതിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിൽ വിളിച്ചു പറഞ്ഞത് അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ടായെന്നും സിഐയ്ക്ക് പണികൊടുക്കുമെന്നുമായിരുന്നു.
സി ഐ ആറാട്ടുമുണ്ടനും പിതൃശൂന്യനും പണപ്പിരവുകാരെനെന്നും വരെ വിശേഷിപ്പിച്ചു. സി പി എം നെടുമങ്ങാട് ഏര്യസെക്രട്ടറിയെ വെട്ടിലാക്കി സി ഐ സന്തോഷ് കുമാർ കേസു കൊടുത്തു. ജയദേവനെതിരെ കോടതി കേസെടുത്തതോടെ ചർച്ചയാകുന്നത് സന്തോഷ് കുമാറിന്റെ സമാനതകളില്ലാത്ത ഇടപെടലാണ്.
കഴിഞ്ഞ വർഷം ജൂലൈ14ന് നെടുമങ്ങാട് നടന്ന യോഗത്തിൽ അഡ്വ. ജയദേവൻ നടത്തിയ പ്രസംഗം.
നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗമാണ് സിപിഎം ഏരിയാ സെക്രട്ടറി അഡ്വ.ആർ ജയദേവ് നടത്തിയത്. വ്യക്തിപരമായ അധിക്ഷേപമാണ് സിഐക്കെതിരെ നടത്തിയത്. മര്യാദ പഠിപ്പിക്കുമെന്നും അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ടന്നും നെടുമങ്ങാട് ഏരിയ സെക്രട്ടറി പ്രസംഗിച്ചു. സിഐ സന്തോഷ് കുമാർ ആറാട്ടുമുണ്ടനാണെന്നും പിതൃശൂന്യനാണെന്നും പറഞ്ഞ ഇയാൾ സിഐക്ക് പണികിട്ടുമെന്നും ഭീഷണിമുഴക്കി എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ഇയാളുടെ വിവാദ പരാമർശങ്ങൾ ഉണ്ടായത്. കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ അത് നെഞ്ചോട് ചേർത്ത് പിടിച്ചുവെന്ന് ജയദേവൻ ആരോപിച്ചു. സിഐയെ ആറാട്ടുമുണ്ടനെന്ന് വിശേഷിപ്പിച്ച ജയദേവൻ അധികകാലം സ്റ്റേഷനിൽ ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ടെന്നും ഭീഷണിപ്പെടുത്തി.
നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ സ്വന്തം കുടുംബത്തിന്റെ വകയാണെന്നാണ് സിഐ കരുതിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ജനങ്ങളുടെ വകയാണ്. അവിടെയിരുന്ന് ആവശ്യമില്ലാത്ത പണി ചെയ്താൽ ജനങ്ങൾ പണി കൊടുക്കും. സിഐ സന്തോഷിനുള്ള പണി സർക്കാർ നൽകും. ഈ പ്രസംഗം കേൾക്കുന്നവരിൽ സിഐയുടെ സഹപ്രവർത്തകരുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കണം. കുറേനാളായി നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുകയാണ്. പുറത്തുപറഞ്ഞാൽ നാണക്കേട് ആകും എന്നുള്ളതുകൊണ്ട് പറയുന്നില്ല.
പരാതിയുമായി എത്തുന്നവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ സിഐ തയ്യാറാകുന്നില്ല. ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണെന്നാണ് അവകാശവാദം. എന്നാൽ ജില്ലാ സെക്രട്ടറിയെ വിളിച്ച് ചോദിച്ചപ്പോൾ ഇത്തരത്തിൽ ബന്ധുവില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയദേവൻ വ്യക്തമാക്കി. വിക്രമാദിത്യൻ എന്ന എസ്ഐ ആണ് ഇതിനെല്ലാം സിഐക്ക് കൂട്ട്. അച്ഛൻ പാർട്ടിക്കാരനാണെന്നാണ് ഇയാളുടെ അവകാശവാദം. അതും വെറുതെയാണ്. കൊള്ളരുതായ്മ ചെയ്തിട്ട് പാർട്ടിയുടെ ബന്ധുത്വം ആരോപിച്ചിട്ട് കാര്യമില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.
അതേസമയം സിഐക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. എന്തായലും സി ഐ സന്തോഷ്കുമാർ ഒറ്റയ്ക്ക് ഫൈറ്റ് ചെയ്തു നേടിയ വിധിയിൽ പൊലീസുകാരും സന്തോഷത്തിലാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്