- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിത് യുവതികളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്ന സിവിക് ചന്ദ്രൻ കാലങ്ങൾക്ക് ശേഷം പൊതുവേദിയിൽ; സ്വന്തം ടീമിനെ വെച്ച് ദലിത് അനുകൂല സബാൾട്ടൻ ഫെസ്റ്റിവൽ നടത്തുന്നു; പ്രതിയെ വെള്ളപൂശുന്നതിൽ പ്രതിഷേധം
കോഴിക്കോട്: ദളിത് യുവതി അടക്കം രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും മുൻനക്സലൈറ്റും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന സിവിക് ചന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സബാൾട്ടൻ ഫെസ്റ്റിവൽ. ലൈംഗികാതിക്രമ പരാതി ഉണ്ടായപ്പോൾ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ഐ സി സി)യിലെ അംഗങ്ങൾ എല്ലാവരും പ്രതിക്കൊപ്പം സാംസ്കാരികോത്സവ സംഘാടനത്തിൽ സജീവമായുണ്ടെന്ന് ഇവർ ഇറക്കിയ നോട്ടീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 21,22,23 തീയതികളിലാണ് സിവിക് ചന്ദ്രൻ എഡിറ്ററും പ്രിന്ററും പബ്ലിഷറുമായ പാഠഭേദം മാസികയുടെ പേരിൽ ദലിത്-ആദിവാസി-പിന്നോക്ക ജനസമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സബാൾട്ടൻ ഫെസ്റ്റിവൽ നടത്തുന്നത്. സിവിക് ചന്ദ്രൻ പ്രതിയായ കേസുകളിലൊന്നിൽ ഐ സി സി അംഗമായിരുന്ന പി ഇ ഉഷയാണ് സബാൾട്ടൺ ഫെസ്റ്റിവൽ ഡയറക്ടർ.
പാഠഭേദം മാസികയിൽ ഗസ്റ്റ് എഡിറ്ററായിരുന്ന അദ്ധ്യാപിക കൂടിയായ യുവതിയെയാണ്, 'നിലാനടത്തം' എന്ന പരിപാടിക്കിടെ ഇയാൾ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയത്. ഇത്തരമൊരു സാംസ്കാരിക നിശയിൽ വച്ചാണ് മറ്റൊരു യുവതിക്ക് നേരെയും ഇയാൾെൈ ലംഗികാതിക്രമം നടത്തിയത്. ഈ രണ്ടുകേസുകളും ഇപ്പോൾ വിചാരണ കാത്ത് കോടതിയിലുണ്ട്. മാസങ്ങൾക്കുള്ളിൽ തന്നെ ഈ കേസുകൾ വിചാരണയ്ക്കെടുക്കുകയും ചെയ്യും. ഇതിനിടെ ഇയാൾ സാംസ്കാരിക സാമൂഹിക മേഖലയിൽ സജീവമാണെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതെന്നാണ് സിവിക്കിനെ എതിർക്കുന്ന സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നത്.
വൻതുകമുടക്കി പാഠഭേദം ഇത്തരത്തിലൊരു പരിപാടി നടത്തുന്നത് തങ്ങളുടെ എഡിറ്ററെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ട സാഹചര്യത്തെളിവുകളും മറ്റുമുണ്ടാക്കാനാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യകേസിലെ ഇരയുടെ പരാതികളെ അവഗണിച്ച് പ്രതിക്കനുകൂലമായി റിപ്പോർട്ടുണ്ടാക്കിയ ഐ സി സി അംഗമായിരുന്ന പി ഇ ഉഷയാണ് സബാൾട്ടൺ ഫെസ്റ്റിവൽ ഡയറക്ടർമാരിലൊരാൾ. ഐ സി സി അംഗങ്ങളായിരുന്ന ഡോ. ഖദീജ മുംതാസ്, എസ് മൃദുലാദേവി എന്നിവർ പരിപാടികളുടെ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുമുണ്ട്. പാഠഭേദം നിയമവിരുദ്ധമായി രൂപീകരിച്ച ഐ സി സി കമ്മിറ്റിയുടെ പ്രതിക്കനുകൂലമായി തയ്യാറാക്കിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഐ സി സി അംഗങ്ങൾ അടക്കമുള്ളവർ പ്രതിക്ക് അനുകൂലമായി വലിയ സമ്മർദ്ദമാണ് തന്റെമേൽ ചെലുത്തിയതെന്ന് ആദ്യകേസിലെ ഇര വാർത്താമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ട് ലൈംഗികാതിക്രമക്കേസുകളിലും കർശനമായ വ്യവസ്ഥകളോടെയാണ് സിവിക്ക് ചന്ദ്രന്് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജാമ്യം നൽകുന്നതിനായി കോടതിയിൽ പ്രതിഭാഗം ഉന്നയിച്ച ന്യായങ്ങൾ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പ്രതി സാമുദായിക പരിഷ്കർത്താവായിരുന്നെന്നും ജാതിയില്ലെന്നും ആരോഗ്യവാനല്ലാത്തതുകൊണ്ട് ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നതെന്നുമൊക്കെയുള്ള വാദങ്ങളാണ് ആദ്യകേസിന്റെ ജാമ്യത്തിനായി ഉന്നയിച്ചത്. രണ്ടാമത്തെ കേസിലെ ജാമ്യത്തിനായി ഇരയുടെ വസ്ത്രധാരണം വയോധികനായ പ്രതിയെ പ്രകോപിപ്പിച്ചിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. രണ്ട് കേസിലും കോഴിക്കോട്ടെ കോടതി ഇയാൾക്ക് ജാമ്യം നൽകിയത് നിയമരംഗത്തും വലിയ ചർച്ചയുണ്ടാക്കി. ജാമ്യം നേടുന്നതിനായി പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് രണ്ട് കേസുകളിലും അന്വേഷണോദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസിൽപ്പെട്ടതോടെ പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായ സിവിക് ചന്ദ്രൻ അടുത്തകാലത്ത് പച്ചക്കുതിര എന്ന മാസികയിൽ കവിത എഴുതുകയും പാലക്കാട് നിന്ന് പുറത്തിറങ്ങുന്ന ശാന്തം ഓൺലൈൻ മാസികയിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സബാൾട്ടൺ ഫെസ്റ്റിവലുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസ് കോടതി വിചാരണയ്ക്ക് എടുക്കുന്ന സമയത്ത് താൻ ഇപ്പോഴും സജീവമായി സാംസ്കാരക രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് തെളിവുണ്ടാക്കുകയാണ് സബാൾട്ടൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിലൂടെ സിവിക് ചന്ദ്രനും പാഠഭേദം പ്രവർത്തകരും ശ്രമിക്കുന്നതെന്ന് അതിജീവിതയ്ക്ക് വേണ്ടി നിലകൊണ്ട സ്ത്രീപക്ഷ പ്രവർത്തകരും എഴുത്തുകാരും ആരോപണം ഉയർത്തിക്കഴിഞ്ഞു. വലിയ ചെലവിൽ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ച് കോഴിക്കോട്ടെ സാംസ്കാരിക മണ്ഡലത്തിൽ തിരിച്ചുവരവ് നടത്താനുള്ള അവസരം സൃഷ്ടിച്ച് പൊതുസമൂഹത്തിന് മുന്നിൽ വെള്ളപൂശൽ നടത്താനുള്ള ശ്രമമാണ് സിവിക് ചന്ദ്രനും കൂട്ടരും നടത്തുന്നതെന്ന് ആക്ഷേപം ശക്തമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ