- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; വി ഡി സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കവേ വേദിയിലേക്ക് ടിയർഗ്യാസ്; പൊലീസിനു നേരെ കല്ലെറിഞ്ഞു പ്രവർത്തകർ; ജലപീരങ്കി പ്രയോഗിച്ചു പൊലീസ്; കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി; സംഘടിച്ചെത്തി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം:കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിനിടെ സംഘർഷം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ചുകൊണ്ടിരിക്കവേ തന്നെ സംഘർഷം തുടങ്ങി. സതീശൻ സംസാരിച്ചു കൊണ്ടിരിക്കവേ വേദിയിലേക്ക് ടിയർ ഗ്യാസ് വീണു. പിന്നാലെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ദേഹാസ്വാസഥ്വം അനുഭവപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോൾ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയിട്ടുണ്ട്.
പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ തിരികെ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്.
നിരവധി തവണ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടർന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. സത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തി.
മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയതോടെ വലിയ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോൺഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാർച്ച് പ്രഖ്യാപിച്ചത്.
സമാപന നാൾ തന്നെ പ്രതിപക്ഷ പ്രതിഷേധം കൂടി നടക്കുന്നതിനാൽ തലസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്ന് കൂടി കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
സമാധാനപരമായ മാർച്ച് ആരംഭിക്കുന്നതിനു മുൻപുതന്നെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമർത്താണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിർദേശമാണോ പൊലീസിനു നൽകിയതെന്നു ഞങ്ങൾ സംശയിക്കുന്നു. മുഖ്യമന്ത്രി ഇതിനു മറുപടി നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. ഡിജിപി ഓഫിസിലേക്ക് സമാധാനപരമായി മാർച്ച് സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരുന്നതെന്നും എന്നാൽ പൊലീസ് അപ്രതീക്ഷിതമായി നടപടി സ്വീകരിക്കുകയായിരുന്നു എന്നും പ്രവർത്തകർ പറഞ്ഞു.


