തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ താമസം മുഖ്യമന്ത്രി പിണറായി വിജയന് മടുത്തുവോ? തുർച്ചയായി രണ്ടാ വട്ടുവും മുഖ്യമന്ത്രിയായ പിണറായി ഈ വീട്ടിൽ ഏഴരക്കൊല്ലത്തിൽ അധികം തുടർച്ചയായി താമസിച്ചു. നീന്തൽകുളവും കാലിത്തൊഴുത്തുമെല്ലാം ലക്ഷങ്ങൾ മുടക്കി പണിതു. ഇപ്പോൾ ചാണകുഴിക്കും പണം മുടക്കാൻ പോകുന്നു. അതിനിടെ ക്ലിഫ് ഹൗസിലെ സുരക്ഷിത താമസം തന്നെ ചോദ്യമായി ഉയരുകയാണ്. ഈ വീടിന് ബലം പോരെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊളിക്കണോ വേണ്ടയോ എന്ന ചർച്ചയാണ് ഉയരുന്നത്. ഫലത്തിൽ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലെ താമസം മാറ്റുമെന്നാണ് സൂചന.

എന്ത് രാജകീയ പ്രൗഢിയുണ്ടെങ്കിലും 81 വർഷം പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിധിച്ചുകഴിഞ്ഞു. പക്ഷേ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിന് പോലും ക്ലിഫ് ഹൗസിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. തീർത്തും ദുർബലമായ അവസ്ഥയിലാണ് തിരുവനന്തപുരത്ത് നന്തൻകോട്ട് ക്ലിഫ് ഹൗസ് എന്നാണ് റിപ്പോർട്ട്. വൈദ്യുതിക്കും വെള്ളത്തിനുമുള്ള കണക്ഷനുകൾ മാത്രമല്ല കെട്ടിടം ആകെയും പഴക്കം ബാധിച്ച അവസ്ഥയിലാണെന്നാണ് സൂചന. തടി കൊണ്ട് പണിതിട്ടുള്ള തറയും തട്ടുമെല്ലാം പലയിടത്തും പൊളിഞ്ഞിളകി. ഇതുകൊണ്ടുള്ള അപകടസാധ്യത കൂട്ടുന്നത് വൈദ്യുതി കണക്ഷനുകളാണ്. സുരക്ഷക്ക് ഏറ്റവും പ്രാഥമികമായി വേണ്ട ഇഎൽസിബി സംവിധാനം ക്ലിഫ് ഹൗസിൽ ഇല്ല. അതുകൊണ്ട് തന്നെ ഷോർട് സർക്യൂട്ട് ഉണ്ടായാൽ വൈദ്യുതി സ്വയം ഓഫാകില്ലത്രേ. അതുകൊണ്ട് തന്നെ ഈ വീട് മുഖ്യമന്ത്രിക്ക് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ ശുപാർശ ഉണ്ടായിരുന്നു. രാജകീയ പ്രൗഢിയുണ്ടെങ്കിലും ഇത്ര പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രിമാർ താമസിക്കുന്നത് സുരക്ഷിതമല്ല. കൂടുതൽ മോശമായ കെട്ടിടങ്ങളുടെ കാര്യത്തിൽ നടത്താറുള്ള പീരിയോഡിക് ഇൻസ്‌പെക്ഷനിലാണ് ഇത്തവണ വിശദമായി പരിശോധിച്ച് പൊളിച്ച് പണിയുകയാണ് പോംവഴി എന്ന നിഗമനം ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാന നഗരാസൂത്രണ വകുപ്പിന്റെ വെബ്‌സൈറ്റിൽ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ക്ലിഫ് ഹൗസ് ഉണ്ട്. തിരുവനന്തപുരത്തെ പല കൊട്ടാരങ്ങളടക്കം ഈ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും പൊളിക്കാനും കഴിയില്ല.

ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നു ക്ലിഫ് ഹൗസിലെ ആദ്യ മുഖ്യമന്ത്രി. കെ.കരുണാകരൻ ആണ് ക്ലിഫ് ഹൗസ് വളപ്പിൽ നീന്തൽകുളം നിർമ്മിച്ചത്. മുഖ്യമന്ത്രിയായിരിക്കെ കുറച്ചു കാലം ഉമ്മൻ ചാണ്ടിയും എകെ.ആന്റണിയും സ്വന്തം വീടുകളിൽ താമസിച്ചിരുന്നെങ്കിലും പിന്നീട് ക്ലിഫ് ഹൗസ് തന്നെ ഔദ്യോഗിക വസതിയായി തെരഞ്ഞെടുക്കുകയായിരുന്നു. വി എസ് അച്യുതാനന്ദനും ഇകെ നായനാരും ഇവിടെയാണ് താമസിച്ചത്. ക്ലിഫ് ഹൗസ് വളപ്പിന് 4.2 ഏക്കറാണ് വലിപ്പം. ക്ലിഫ് ഹൗസിനു പുറമേ മറ്റ് 4 മന്ത്രിമന്ദിരങ്ങളും ഈ വളപ്പിലുണ്ട്. ഉഷസ്, അശോക, നെസ്റ്റ്, പൗർണ്ണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസും വളപ്പിലുണ്ട്.

രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ ചെറിയ സ്വാധീനവും ഈ കെട്ടിടത്തിൽ കാണാം. 15,000 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീർണ്ണം. തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്‌കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്ദൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്‌കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുക്കുകയും ഇത് ഒരു സംസ്ഥാന അതിഥിമന്തിരമായി മാറ്റിയെടുക്കുകയും ചെയ്തു. 1956-ൽ ഇത് മന്ത്രിമന്ദിരമായി. 1957-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്റെ ഔദ്യോഗികവസതിയായി തിരഞ്ഞെടുക്കുകയായിരുന്നു.