മാഡ്രിഡ്: ശൈത്യകാലത്തെ അപൂർവ്വതയായ ഉഷ്ണതരംഗം സ്പെയിനിൽ അനുഭവപ്പെടുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, നിലവിലെ കാലാവസ്ഥയ്ക്ക് വിപരീതമായി അസാധാരണമായ താപനിലകളാണ് ഉള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ചൂട് ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങിയതോടെ പല തീരപ്രദേശങ്ങളിലും ഉഷ്ണകാലത്തിന് സമാനമായ കാലാവസ്ഥയായി. വെയിൽ കായാനും, ശൈത്യകാല നീന്തലിനുമൊക്കെയായി ജനങ്ങൾ ബീച്ചുകളിലേക്ക് ഓടിയെത്താൻ തുടങ്ങി.

ഒരു പ്രതിചക്രവാത (ആന്റി സൈക്ലോൺ) ത്തിന്റെ പ്രഭാവമാണ് ദക്ഷിണ യൂറോപ്പിൽ അന്തരീക്ഷ താപനില വർദ്ധിക്കാൻ കാരണമെന്ന് സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വിദൂര ദക്ഷിണ പ്രദേശങ്ങളിൽ നിന്നുള്ള ഉഷ്ണവായു പ്രവാഹത്തെ ഈ പ്രതിചക്രവാതം ആകർഷിക്കുകയാണ്. ആകാശം മേഘാവൃതമല്ലാത്തതും ചൂട് വർദ്ധിക്കാൻ കാരണമായതായി കേന്ദ്രം പറയുന്നു.

കഴിഞ്ഞയാഴ്‌ച്ച സ്പെയിനിലും യൂറോപ്പിന്റെ മറ്റു കില ഭാഗങ്ങളിലും കടുത്ത ശൈത്യവും മഴയും എല്ലാം അനുഭവപ്പെട്ടിരുന്നു. അതിന്റെ തുടർന്ന് സ്പെയിനിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച്ചയും ഉണ്ടായി. എന്നാൽ, ഈയാഴ്‌ച്ച രാജ്യത്തിന്റെ പല നഗരങ്ങളിലും, ഈ കാലയളവിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന തപനില രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 20 വർഷക്കാലത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്നും സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച കിഴക്കൻ മേഖലയിലെ ഒരു ഉൾനാടൻ പട്ടണമായ ഷെവ്ലയിൽ രേഖപ്പെടുത്തിയത് 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അന്തരീക്ഷ താപനില ഉയരാൻ തുടങ്ങിയതോടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ കാഡിസ് മുതൽ വടക്ക് കിഴക്കൻ മേഖലയിലെ ബാഴ്സിലോണ വരെയുള്ള തീരപ്രദേശങ്ങൾ സജീവമാകാൻ തുടങ്ങി.

നിലവിലെ അമിത ചൂടുള്ള കാലാവസ്ഥ, കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലമാണെന്ന് കൂടുതൽ പഠനങ്ങൾ നടത്താതെ പറയാൻ ആകില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, കൂടുതൽ ഇടവേളകളിൽ ചൂടു വർദ്ധിക്കുന്നതിനുള്ള പ്രവണതയ്ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടാകാം എന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ അടുത്ത കാലത്തായി കൂടുതൽ കൂടുതൽ ഉണ്ടാകുന്നതായും അവർ ചൂണ്ടിക്കാണിക്കുന്നു.

2023-ലെ ഡിസംബർ ദിനങ്ങളിൽ സ്പെയിനിൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വേനൽക്കാലത്ത് നാല് ഉഷ്ണ തരംഗങ്ങളായിരുന്നു ഉണ്ടായത്. തെക്കൻ സ്പെയിനിൽ ഇപ്പോൾ അതി തീവ്രവമായ കാലാവസ്ഥയാണ് അനുഭവവേദ്യമാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാകാം എന്ന് കാലാവസ്ഥാ ശാസ്ത്ര്ജ്ഞർ പറയുന്നു. അതുകാരണമാണ് അതി തീവ്രമായ ചൂടും അതി തീവ്രമായ തണുപ്പും അനുഭവപ്പെടുന്നത് എന്നും അവർ പറയുന്നു.