തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി നഷ്ടമായെന്ന് കത്ത് നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണറെ മെരുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിക്ക് പോയിട്ടുണ്ട്. മുഖ്യമന്ത്രിയായതിനാൽ സാധാരണ ഇത്തരം യോഗങ്ങളിൽ പിണറായി പങ്കെടുക്കാറില്ലായിരുന്നു.

എന്നാൽ ഇത്തവണ യോഗത്തിനായി പിണറായി ഡൽഹിയിലേക്ക് പോവുന്നത് അമിത് ഷായുമായുള്ള രഹസ്യ ഇടപാടിനാണെന്നാണ് വിവരം. പല വിഷയങ്ങളിലും ഇരുവർക്കുമിടയിൽ ഒത്തുതീർപ്പിന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരടക്കം ഡൽഹിയിൽ ഇടനിലക്കാരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷം ഈ മാസം 31ന് മുഖ്യമന്ത്രി മടങ്ങിയെത്തും.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മേലുള്ള തന്റെ പ്രീതി നഷ്ടമായെന്നും അദ്ദേഹത്തിനെതിരെ ഉചിതനടപടിയെടുക്കണമെന്നുമുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ കത്ത് സംസ്ഥാനസർക്കാരും ഗവർണറും തമ്മിലെ പോരിനെ ഭരണഘടനാപ്രതിസന്ധിയുടെ തലത്തിലേക്കെത്തിച്ചിരിക്കുകയാണ്. മന്ത്രി ബാലഗോപാലിന്റെ രാജിയാവശ്യമില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.

ഗവർണറുടെ കത്ത് മുഖ്യമന്ത്രി കൈയോടെ തള്ളിയെങ്കിലും ഗവർണർ അങ്ങനെ വിടാനിടയില്ല. തന്റെ പ്രീതിയില്ലാതെ മന്ത്രിക്ക് തുടരാനാവില്ലെന്നും, ഭരണഘടന അനുശാസിക്കുന്ന നടപടികളെടുക്കണമെന്നും ഗവർണർ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകും. ബാലഗോപാലിനെ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ടേക്കാം. ധനവകുപ്പിറക്കുന്ന ഉത്തരവുകൾ തടയുന്നതടക്കമുള്ള തീവ്രനടപടികളുമെടുത്തേക്കാം. ഇതൊഴിവാക്കാനാണ് അമിത് ഷായെ ഉപയോഗിച്ച് ഗവർണറെ നിശബ്ദനാക്കാനുള്ള ശ്രമം.

ഗവർണറുടെ അസാധാരണനീക്കം നിയമക്കുരുക്കിലേക്കും വഴിതുറക്കാനുള്ള സാദ്ധ്യത തള്ളാനാവാത്തതിനാൽ കരുതലോടെയും പ്രകോപനമൊഴിവാക്കിയും നീങ്ങാനാണ് ഭരണതലത്തിലെ ധാരണ. ഇതുപ്രകാരമാണ് മുഖ്യമന്ത്രിയുടെ അനുനയ നീക്കം. ഗവർണർ സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്ന സുപ്രീംകോടതി വിധികളുടെ പിൻബലത്തിലും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത് എന്നതിനാലും മന്ത്രി മാറേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഗവർണറെ തിരിച്ചറിയിച്ചിരിക്കുന്നത്.

ഇതിൽ തുടർനടപടികൾ ഉണ്ടാവരുതെന്ന ആവശ്യമാവും മുഖ്യമന്ത്രി അമിത് ഷായോട് ഉന്നയിക്കുക. നിയമക്കുരുക്കിന് പഴുതൊരുക്കുന്ന വിധത്തിൽ തന്ത്രപരമായുള്ള ഗവർണറുടെ കത്ത് സർക്കാരിനെ വെട്ടിലാക്കുന്നതാണ്. തനിക്കെതിരെ മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും നടത്തിയത് വ്യക്തിപരമായ അധിക്ഷേപമായതിനാൽ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ്, മന്ത്രി ബാലഗോപാലിനെതിരെ മാത്രം തിരിഞ്ഞ ഗവർണറുടേത് കൗശലത്തോടെയുള്ള നീക്കമാണെന്ന് അമിത് ഷായെ മുഖ്യമന്ത്രി അറിയിക്കും.

ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് കേരളത്തെ മനസ്സിലാക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞുവെന്നതാണ് മന്ത്രിക്കെതിരെ തിരിയാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഇത് ദേശീയൈക്യത്തെയും അഖണ്ഡതയെയും തകർക്കുന്നതാണെന്നും അതുവഴി മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നുമാണ് ഗവർണറുടെ വാദം. എന്നാൽ, മന്ത്രിയുടെ പ്രസംഗം പൂർണമായി കേട്ടാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നും യു.പിയിലെ സന്ദർശനാനുഭവം വിവരിക്കവേ സന്ദർഭവശാൽ പറഞ്ഞതിനെ ഗവർണർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

മന്ത്രിക്കെതിരായ ഗവർണറുടെ നീക്കം നിഷ്‌കളങ്കമല്ലെന്ന നിഗമനത്തിലേക്ക് പ്രതിപക്ഷവുമെത്തിയത് സർക്കാരിന് ഗുണമായി. സംസ്ഥാനസർക്കാരിന്റെ നയങ്ങളോട് സന്ധിയില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ഇത് വ്യാജ ഏറ്റുമുട്ടലെന്ന് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് മന്ത്രിമാരെ ഗവർണർ നിയമിക്കുന്നത് എന്ന ഭരണഘടനാവ്യവസ്ഥയിൽ പിടിച്ചാണ് കരുതലോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറുടെ പ്രീതി നഷ്ടമാക്കുന്ന പ്രസ്താവന മന്ത്രി നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി തനിക്ക് മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നുമറിയിച്ചു. അതിനാൽ അപ്രീതി ഗവർണർ പിൻവലിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.