തിരുവനന്തപുരം: കേരള സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നു. നയപ്രഖ്യാപന ദിനത്തിൽ അസാധാരണ നടപടി സ്വീകരിച്ചതിന് ശേഷം ഈ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു എന്ന് വ്യക്തമാകുന്നു എന്നതാണ് റിപ്പബ്ലിക് ദിനത്തിലും വ്യക്തമായ കാര്യം. ഇന്ന് റിപ്പബ്ലിക് ദിന പരേഡിൽ കണ്ടപ്പോഴും പരസ്പ്പരം മിണ്ടാതെ അകന്നു മാറുകയായിരുന്നു ഗവർണറും മുഖ്യമന്ത്രിയും ചെയ്തത്. ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് വൈകുന്നേരം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌ക്കരിച്ചു.

രാജ്ഭവനിൽ ഗവർണറുടെ അറ്റ് ഹോം വിരുന്നിൽ പങ്കെടുത്തില്ല. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. മന്ത്രിമാരെ കൂടാതെ പല ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിന് എത്തിയില്ല. ബിജെപി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും പൗരപ്രമുഖരും വിരുന്നിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഗവർണറുടെ വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. സർക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയായിരുന്നു തുക അനുവദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മന്ത്രിമാർക്ക് പുറമെ വിശ്ഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. മുൻപ് പുതിയ മന്ത്രിമാരായ കെ.ബി.ഗണേശ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ചായ സത്ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.

റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചയാക്കിയത് കേന്ദ്ര സർക്കാർ നേട്ടങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി സംസ്ഥാന സർക്കാർ പദ്ധതിയ കുറിച്ചു കാര്യമായി പറഞ്ഞില്ല. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി.

വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി. മുഖ്യമന്ത്രി എത്തി കുറച്ചു സമയം കഴിഞ്ഞാണ് ഗവർണർ ചടങ്ങിന് വന്നത്. മുഖ്യമന്ത്രിയെ നോക്കാതെയാണ് ചടങ്ങിലേക്ക് ഗവർണർ കടന്നത്. പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് അടുത്ത് ഇരിക്കുകയും ചെയ്തു. എന്നാൽ ഇരുവരും പരസ്പ്പരം മിണ്ടിയില്ല.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി ശിവൻകുട്ടിയും ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സ്വന്തം കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസയാത്ര നടത്താനുള്ള പദവിയല്ല ഗവർണറുടേതെന്നും അതിനുള്ള പണം മുടക്കുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

'കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ 70 ശതമാനം സമയവും ഗവർണർ കേരളത്തിൽ ഇല്ലായിരുന്നു. ആരോഗ്യപ്രശ്നം ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ മുഴുവൻ സമയവും പ്രസംഗം വായിച്ചതെങ്ങനെയാണ് പരേഡിൽ മുഴുവൻ കേന്ദ്രസർക്കാരിനെ പുകഴ്‌ത്തിയാണ് സംസാരിച്ചത്. റിപ്പബ്ലിക് ദിന പരിപാടിയിൽ കേരളത്തെ കുറിച്ച് ചുരുങ്ങിയ വാക്കുകൾ മാത്രമാണ് പറഞ്ഞത്. ജനാധിപത്യവിരുദ്ധമായ പദപ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്.- മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പിന്തുണ ഉള്ളതുകൊണ്ട് എന്തും ചെയ്യും എന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. നേരത്തേ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗവർണർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് അദ്ദേഹം എടുക്കന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.