- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചോദ്യം രസിക്കാത്ത പിണറായി വിജയൻ രോഷാകുലനായി
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും മുഖം മിനുക്കാനായി നടത്തുന്ന പരിപാടിയാണ് മുഖാമുഖം പരിപാടി. ഈ പരിപാടിയിൽ നടത്തുന്നത് തന്നെ ഇവന്റ് മാനേജ്‌മെന്റ് ടീമിനെ വച്ചാണെന്ന വിമർശനം ശക്തമാണ്. എല്ലാവർക്കും ചോദ്യം ഉന്നയിക്കാൻ അവസരമില്ല. മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾക്കാണ് പിണറായി മറുപടി നൽകുന്നത്. ഇതിൽ വിമർശനം ശക്തമായിരിക്കവേ ചോദ്യം ഇഷ്ടപ്പെടാതെ വന്ന മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.
സാംസ്‌കാരിക രംഗത്തുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം പോയത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി ദേഷ്യത്തോടെ ചോദിച്ചത്.
സാംസ്‌കാരിക മുഖാമുഖത്തിൽ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ആശങ്കയാണ് ഗാനരചയിതാവ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. 'നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് 10 വർഷമായി, കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ' - എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്.
ഈ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. പിന്നാലെ 'അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ' - എന്നായിരുന്നു മുഖ്യമന്ത്രി രോഷത്തോടെ ഷിബു ചക്രവർത്തിയോട് ചോദിച്ചത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മികച്ച നിലയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യന്ത്രിയുടെ മുഖാമുഖം പരിപാടി കവർ ചെയ്യാൻ മാധ്യമങ്ങളെ നേരിട്ട് അനുവദിക്കുന്നുമല്ല. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന വിവരങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം പരിപാടിയിൽ ആളെ എത്തിക്കാൻ വകുപ്പുകൾ പെടാപ്പാടു പെടുന്നു എന്ന വാർത്ത വന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത് സ്‌പോൺസർഷിപ്പിലൂടെയാണെങ്കിലും ആളെ എത്തിക്കാൻ വകുപ്പുകൾ സ്വന്തം ഫണ്ടാണു ചെലവാക്കുന്നത്. പരിപാടി നടക്കുന്ന ജില്ലയിലേക്ക് മറ്റെല്ലാ ജില്ലയിൽ നിന്നും ആളെ എത്തിക്കേണ്ടതിനാൽ ലക്ഷക്കണക്കിനു രൂപ ഓരോ വകുപ്പിനും ചെലവാകുന്നുണ്ട്.
ഈ മാസം 18ന് കോഴിക്കോട്ട് ആരംഭിച്ച മുഖാമുഖം പരിപാടി മാർച്ച് മൂന്നിനാണു സമാപിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ പല സ്ഥാപനങ്ങളും താൽക്കാലിക ജീവനക്കാർക്കു മാസങ്ങളായി ശമ്പളം പോലും നൽകിയിട്ടില്ല. ഇതിനിടെയാണ് ഫണ്ടില്ലെങ്കിലും സർക്കാർ പരിപാടിക്കായി പണം ചെലവാക്കേണ്ടി വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഇവന്റ് മാനേജ്‌മെന്റ് ടീം സംഘടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ചോദ്യം ചോദിക്കേണ്ട ആളിനെ നേരത്തേ കണ്ടെത്തി അവർക്ക് ചോദ്യം നൽകി സർക്കാറിന് എതിരായ ഒരു ചോദ്യവും വരില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്.
ജോലി ലഭിക്കാത്ത യുവാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും പുല്ലുതിന്നും പ്രതിഷേധിക്കുമ്പോൾ അവരെ കേൾക്കാതെയാണ് ഓരോ വകുപ്പുകളും ചോദ്യം നൽകി ആളെ എത്തിക്കുന്നതെന്നും സതീശൻ വിമർശിച്ചിരുന്നു.