- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വണ്ടിപ്പെരിയാർ കൊലക്കേസിലെ പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല; ഇത് ഗൗരവമായി പരിഗണിക്കും; തുടർനടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി; പ്രതി നൂറ് ശതമാനവും അർജ്ജുൻ, അന്വേഷണത്തിൽ വീഴ്ച്ചയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും

ആലപ്പുഴ: വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്തുസംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല. ഇത് ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം ്‌വ്യക്തമാക്കി.
അതേസമയം, പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.
സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. പ്രോസിക്യൂഷൻ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഇല്ല. അന്വേഷണത്തിൽ പാളിച്ച എന്ന പരാമർശം ശരിയല്ല.പൊലീസ് കൃത്യ സമയത്ത് സ്ഥലതെത്തി. സി ഐ പിറ്റേദിവസം ആണ് കേസ് ഏറ്റെടുക്കുന്നത്. വിരൽ അടയാള വിദഗ്ദ്ധർ ഒപ്പം ഉണ്ടായിരുന്നു. മൊഴികളിലെ വൈരുദ്ധ്യമെന്നതിൽ അടിസ്ഥാനമില്ല. മൊഴികളിൽ ചെറിയ വ്യത്യാസം ഉണ്ടാകും എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് തിരുത്തേണ്ട കാര്യം ഇല്ലെന്നും അഡ്വ. സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.
അതേസമയം വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനിൽ കുമാർ പറഞ്ഞു. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അർജുൻ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും.
വിധിയിലെ മറ്റുകാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീൽ നൽകും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്‌സിലെത്തിയിരുന്നു. തുടർന്ന് സ്ഥലം സീൽ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയായിരുന്നു. വിരൽ അടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടിഡി സുനിൽകുമാർ പറഞ്ഞു. കേസിലെ തുടർനടപടികൾ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനിൽകുമാർ കൂടിക്കാഴ്ച നടത്തി.
2021 ജൂൺ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അർജുൻ പിടിയിലായി. വണ്ടിപ്പെരിയാർ സിഐ. ആയിരുന്ന ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രതിയും പെൺകുട്ടിയുടെ സമീപവാസിയുമായ അർജുനെ(24)യാണ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടത്. പ്രതിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.


