- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീകളെ ഒന്നും കാണാഞ്ഞപ്പോൾ കരുതി കണ്ണൂരിലെ ഏതോ മുസ്ലിം വിവാഹമാണെന്ന്; പിന്നീടാണ് അറിഞ്ഞത് ഇത് മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നാണെന്ന്; മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രം; സോഷ്യൽ മീഡിയയിൽ വിവാദം
കോഴിക്കോട്: ലിംഗസമത്വത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചുമുള്ള വലിയ ചർച്ചകൾ നടക്കുന്ന കാലമാണല്ലോ. ഒരു പരമ്പരാഗത പരുഷാധിപത്യ സമൂഹം എന്നിടത്തുനിന്ന് ഏറെ മാറി സ്കൂളിൽ പോലും ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവരുന്നതിനെ പറ്റിയൊക്കെ നാം ഏറെ ചർച്ചചെയ്യുന്നു. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിലെയും സ്ത്രീകളുടെ പ്രാതിനിധ്യം പലപ്പോഴും സോഷ്യൽ മീഡിയ മോണിറ്റർ ചെയ്യാറുണ്ട്.
മുമ്പ് ആണുങ്ങൾ മാത്രം ചെയ്യാറുള്ള തൃശൂർ പുലിക്കളിയിൽ പോലും ഇപ്പോൾ പെൺപുലികൾ വരുന്നു. അങ്ങനെയുള്ള ഒരു കാലത്താണ്, ഈ ലിംഗനീതിയും നവോത്ഥാനവും ഒക്കെപ്പറയുന്ന, ഇടതുപക്ഷ സർക്കാറിന്റെ അമരക്കാരനായ സാക്ഷാൽ മുഖ്യമന്ത്രി പിണറായി നടത്തിയ ഇഫ്ത്താർ വിരുന്ന് വിവാദമാവുന്നത്. കാരണം ഈ ഇഫ്ത്താറിൽ മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം തീരെ കുറവായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എവിടെ മുസ്ലിം സ്ത്രീ?
മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തിന് വേണ്ടിയുള്ള ചർച്ചകളൊക്കെ പുരോഗമിക്കുകയും നിയമ നടപടിയിലേക്ക് നീങ്ങുന്ന സമയവുമാണിത്. അതുപോലെ തന്നെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ചും ചർച്ചകളും നിയമ വ്യവഹാരങ്ങളും നടക്കുന്നുണ്ട്. കേരളത്തിൽ മുജാഹിദുകൾ രംഗ പ്രവേശനം നടത്തുന്നതുവരെ പെരുന്നാൾ നമസ്ക്കാരങ്ങളിൽ പോലും സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി നടത്തിയ ഇഫ്ത്താർ വിരുന്നിൽ പേരിനുപോലും ഒരു മുസ്ലിം സ്ത്രീയെ കിട്ടിയില്ലേ എന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചോദിക്കുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഖലീൽ ഇബ്രാഹീം, ഇഫ്ത്താറിന്റെ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഇങ്ങനെ എഴുതുന്നു. 'സ്ത്രീകളെ ഒന്നും കാണാഞ്ഞപ്പോൾ ഞാൻ കരുതി കണ്ണൂരിലെ ഏതോ മുസ്ലിം വിവാഹമാണെന്ന്. നോക്കുമ്പോൾ മുഖ്യമന്ത്രി കേരളത്തിലെ പ്രമുഖർക്ക് ഒരുക്കിയ ഇഫ്താർ വിരുന്നാണ്.''
മറ്റൊരു വിമർശനം ഇങ്ങനെയാണ്. ''അതെന്താ മുഖ്യമന്ത്രീ? ഇഫ്താറിന് സ്ത്രീകളെ ക്ഷണിക്കാത്തതെന്താണ്? സ്ത്രീകളാരും നോമ്പ് പിടിക്കുന്നില്ലെന്നാണോ? നോമ്പ് പിടിക്കുന്നവരിൽ പ്രമുഖരായ സ്ത്രീകൾ ഇല്ലെന്നാണോ? അതോ, സ്ത്രീകൾ വല്ലതും വച്ചുണ്ടാക്കി വീട്ടിലിരുന്ന് നോമ്പ് മുറിച്ചാൽ മതിയെന്നാണോ? മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ സ്ത്രീകളെ ക്ഷണിക്കാത്തതെന്താണ്? ഉത്തരം വേണം.''- ഇങ്ങനെ പോവുകയാണ് വിമർശനങ്ങൾ.
ചൊവ്വാഴ്ച നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർവിരുന്നിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികൾക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കടുംബ സമേതം വന്ന ഏതാനും പ്രമുഖരുടെ ഭാര്യമാർ അല്ലാതെ അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരൊറ്റ മുസ്ലിം സ്ത്രീയും ഇ്ഫ്ത്താറിൽ ഇല്ലായിരുന്നു. ചിത്രങ്ങൾ എടുക്കരുതെന്ന് നിർദ്ദേശിക്കുകയും വാർത്തയും ചിത്രങ്ങളും പിആർഡി നൽകുമെന്ന് അറിയിച്ചിരുന്നു. വിരുന്നിന് മുഖ്യമന്ത്രി ഗവർണറെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് ആഘോഷപൂർവം ഇഫ്താർ നടത്തുന്നതിനോടുള്ള ആശയപരമായ എതിർപ്പുകൊണ്ടാണ്. പാവങ്ങൾക്കൊപ്പം ഇരുന്നാണ് നൊയമ്പ് മുറിക്കേണ്ടത് എന്നതാണ് ഗവർണറുടെ നിലപാട്. വള്ളക്കടവിലെ യത്തീംഖാനയിലായിരുന്നു അദ്ദേഹം ഇഫ്താർ വിരുന്നൊരുക്കിയത്.
ലോകായുക്ത പങ്കെടുത്തത് വിവാദത്തിൽ
അതേസമയം, മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത് ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും വിവാദമായി. ദുരിതാശ്വാസ നിധി ഫണ്ട് കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കേയാണ് ഇരുവരേയും മുഖ്യമന്ത്രി വിരുന്നിനായി ക്ഷണിച്ചത്.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് പങ്കെടുത്തത്. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയാണ് നൽകിയത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിക്കുകയും കേസ് ഫുൾബെഞ്ചിന് വിടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന് ആശ്വാസം ഏകുന്നതായിരുന്നു ഈ നടപടി. കേസ് ഈമാസം 12നാണ് ലോകായുക്തയുടെ ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.
ഇഫ്താർ വിരുന്ന് സംബന്ധിച്ച വാർത്താ കുറിപ്പിലും ലോകായുക്തയുടെ പേര് ഉണ്ടായിരുന്നില്ല. ലോകായുക്ത പങ്കെടുത്തത്തത് മനപ്പൂർവ്വം സർക്കാർ മറച്ചുവെച്ചുവെന്നാണ് വിവാദം ഉയരുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസ് പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ പ്രതികരിച്ചു.മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സത്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നാണ് സർക്കാർ വിശദീകരണം.
ലോകയുക്ത സിറിയക് ജോസഫിനെ രൂക്ഷമായി വിമർശിച്ചിരുന്ന മുൻ മന്ത്രി കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു. നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി.അബ്ദുറഹിമാൻ, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, എം വിഗോവിന്ദൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, ഇ.പി.ജയരാജൻ, ഒ.രാജഗോപാൽ, പ്രൊഫ. കെ.വി.തോമസ്, ഡോ. എം.കെ.മുനീർ, പന്ന്യൻ രവീന്ദ്രൻ ,പി.സി.ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഹാരി തങ്ങൾ, പി.കെ.സുഹൈബ് മൗലവി, ശുഭാംഗാനന്ദ സ്വാമി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ്പ് ബർണാവോസ്, എ.സെയ്ഫുദ്ദീൻ ഹാജി, ബിഷപ്പ് റോയ്സ് മനോജ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, വെള്ളാപ്പള്ളി നടേശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, മനോജ് കുമാർ, വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമസ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ