- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 26.86 ലക്ഷം! ട്രഷറി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി അധികഫണ്ട് അനുവദിച്ചു; വൻതുക ചെലവാക്കിയ ഓണസദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിന് കണക്കില്ല! പുതുവർഷപ്പിറവിയോട് അനുബന്ധിച്ചും വിരുന്നൊരുക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: മറിയക്കുട്ടിമാർക്ക് പെൻഷൻ കൊടുത്തില്ലെങ്കിലും സർക്കാർ കാര്യങ്ങൾ മറുപോലെ നടക്കുന്നുണ്ട് കേരളത്തിൽ. കെ വി തോമസിന് ഓററേറിയം അനുവദിച്ചത് ട്രഷറി നിയന്ത്രണങ്ങളെല്ലാം മറികടന്നായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി നടത്തിയ ഓണ സദ്യക്കും പണം അനുവദിച്ചു കൊണ്ട് ഉത്തരവായി.
4 മാസം മുൻപു മുഖ്യമന്ത്രി നൽകിയ ഓണസദ്യയ്ക്കായാണ് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ നടന്ന സദ്യയ്ക്കായി 19 ലക്ഷം രൂപ നവംബർ 8ന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്ക്ക് ആകെ ചെലവ് 26.86 ലക്ഷം രൂപയായി.
അതേസമയം എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ, ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സർക്കാർ നൽകിയ മറുപടി.
5 തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയത്. സ്പീക്കർ എ.എൻ.ഷംസീറും നിയമസഭയിൽ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെയായിരുന്നു പൗരപ്രമുഖർക്കായി മുഖ്യമന്ത്രിയുടെ സദ്യ. പുതുവർഷപ്പിറവിയോടനുബന്ധിച്ചു 3ന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും സർക്കാറിന്റെ മുൻഗണനാ വിഷയങ്ങളാണ് വിമർശന വിധേയമാകുന്നത്.
നേരത്തെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് കെവി തോമസ് ചുമതലകൾ നിർവഹിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചതെന്നാണ് വിവരം. കെവി തോമസിന്റെ നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് കെവി തോമസ് കോൺഗ്രസ് വിട്ടത്. കെവി തോമസ് കോൺഗ്രസ് വിട്ട സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ ആരംഭിക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി അദ്ദേഹം പ്രചരണം നടത്തി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ് കെവി തോമസ്.
യുപിഎ സർക്കാരിന്റെ കാലത്ത് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായിരുന്ന പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ പ്രൊഫ കെവി തോമസിനായി കേരള സർക്കാർ നിയമിച്ചിട്ടുണ്ട്. ജൂൺ മാസം വരെയുള്ള ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. കെ വി തോമസിന് നേരത്തെ ഓണറേറിയം അനുവദിച്ചത് വൻ വിവാദമായിരുന്നു.


