- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളികേരത്തിന് കിലോയ്ക്ക് കിട്ടുന്നത് 24 രൂപ; വില നിയന്ത്രിക്കുന്നത് പാരച്യൂട്ട് കമ്പനിയായ മാരിഗോ; പച്ചത്തേങ്ങ സംഭരണ പദ്ധതി പാളിയതും തിരിച്ചടിയായി; ഒപ്പം ഭീഷണിയായി മായം കലർന്ന വെളിച്ചെണ്ണയും; പൂട്ടിയത് നിരവധി മില്ലുകൾ; നടുവൊടിഞ്ഞ് കേരളത്തിലെ നാളികേര കർഷകർ
കോഴിക്കോട്: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നാളികേര വിപണി നിയന്ത്രിക്കുന്നത് കുത്തക കമ്പനിയായ മാരിഗോ. പാരച്യൂട്ട് എന്ന ട്രേഡ് നാമത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ വിറ്റഴിക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നതാണ് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം. തമിഴ്‌നാട്, മഹാരാഷ്ട്ര മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കായിരുന്നു കേരളത്തിൽനിന്ന് നാളികേരം കയറ്റിയയച്ചിരുന്നത്.
എന്നാൽ കേരളത്തിലും കൂടുതൽ തമിഴ്‌നാട് നാളികേരം ഉൾപാദിപ്പിക്കാൻ തുടങ്ങിയതോടെ കേരളത്തിന് ഇതര സംസ്ഥാനങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന കമ്പോള കുത്തക അവസാനിക്കുകയായിരുന്നു. ഇതും കേരളത്തിലെ നാളികേര കർഷകർക്ക് തിരിച്ചടിയായിരിക്കയാണ്. വെളിച്ചെണ്ണയിലെ മായത്തെക്കുറിച്ച് അടിക്കടി മാധ്യമങ്ങളിൽ വാർത്തകൾ നിറയുന്നതും ഇതിന് പിന്നിൽ പാംഓയൽ ലോബി പ്രവർത്തിക്കുന്നതുമെല്ലാം നാളികേരത്തെ ആശ്രയിച്ച് നിലകൊള്ളുന്ന വെളിച്ചെണ്ണ വിപണിക്ക് തിരിച്ചടിയായിട്ടുമുണ്ട്.
കേരളത്തിലെ നാളികേര കർഷകരും സ്വന്തമായി മില്ലുൾപ്പെടെയുള്ളവ നടത്തി മികച്ച വെളിച്ചെണ്ണ വിപണനം ചെയ്യുന്നവരെയുമെല്ലാം മായമെന്ന വജ്രാസ്ത്രം തകർത്തുകൊണ്ടിരിക്കുന്നതും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തിരിച്ചടിയായിട്ടുണ്ട്. കിലോക്ക് കർഷകർക്ക് 45 മുതൽ അൻപത് രൂപവരെ വില ലഭിച്ചിരുന്നതാണ് ഇപ്പോൾ നേർപകുതിയിലേക്കു എത്തിയിരിക്കുന്നത്. കേരളത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പച്ചതേങ്ങ സംഭരണ പദ്ധതി പാളിയതും തിരിച്ചടിയായിട്ടുണ്ട്. പല സ്ഥലങ്ങളിലും തോട്ടങ്ങളിൽ നാളികേരം മലപോലെ കൂട്ടിയിട്ടിരിക്കയാണ്. പലയിടത്തും മഴയിൽ കുതിർന്ന് നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയുമായിട്ടുണ്ട്.
ഒരു ലിറ്റർ വെളിച്ചെണ്ണക്ക് സ്വന്തമായി ആട്ടി വിൽപന നടത്തുന്നവർ 150 മുതൽ 160 രൂപവരെയാണ് ഈടാക്കുന്നത്. എന്നാൽ കോഴിക്കോട്ടെ വലിയങ്ങാടിയിൽ ഉൾപ്പെടെ 135 രൂപക്ക് വെളിച്ചെണ്ണ ലഭ്യമാവുന്ന സ്ഥിതിയുണ്ട്. 100 കിലോഗ്രാം കൊപ്ര ആട്ടിയാൽ 63 കിലോ വെളിച്ചെണ്ണയാണ് ശരാശരി ലഭിക്കുക. 100 കിലോഗ്രാം കൊപ്രക്ക് 8,200 രൂപയാണ് കോഴിക്കോട് മാർക്കറ്റിലെ വില. വെളിച്ചെണ്ണ 130നും 135നും രൂപ ലഭ്യമാവുന്നെന്നു പറയുമ്പോൾ ആ വെളിച്ചെണ്ണയിൽ മായം കലരുമെന്ന് ഉറപ്പാണെന്ന് ആർക്കും ബോധ്യപ്പെടുമെന്ന് കോവൂരിലെ എം കെ ഓയൽമിൽസ് ഉടമ മുനീർ മരക്കാട്ടിൽ വ്യക്തമാക്കി. ഇത് കോഴിക്കോട് നഗരത്തിലേയോ, ജില്ലയിലേയോ സ്ഥിതിയല്ല. കേരളത്തിൽ എല്ലാ നഗരങ്ങളിലും ഇതേ പ്രവണതയാണ് നിലനിൽക്കുന്നത്. കിലോക്ക് 82 രൂപ നിരക്കിൽ ചെറുകിട മില്ലുകാർ കൊപ്ര വാങ്ങി ആട്ടി വെളിച്ചെണ്ണയാക്കുമ്പോൾ കൂലിയും വാടകയും വൈദ്യുതി ചാർജും എല്ലാം കണക്കുകൂട്ടിയാൽ ഒരിക്കലും 150 രൂപയിൽ കുറഞ്ഞ് ആർക്കും വെളിച്ചെണ്ണ ഇന്നത്തെ അവസ്ഥയിൽ വിൽപ്പന നടത്താനാവില്ല.
തമിഴ്‌നാട്ടിലെ കാങ്കയത്ത് നിന്നാണ് കേരളത്തിൽ മായം കലർന്ന വെളിച്ചെണ്ണ എത്തുന്നത്. പെട്രാളിന്റെ ഉപ ഉൽപന്നങ്ങൾ കലർത്തിയാണ് ഇവ കുറഞ്ഞ വിലക്ക് വിൽക്കാൻ സാധിക്കുന്നത്. സൾഫർ ഇട്ട തമിഴ്‌നാട് കൊപ്ര ഇവിടെ കേരളത്തിലെ ഓയ്ിൽ മില്ലുകാരൊന്നും പൊതുവിൽ എടുക്കാറില്ല. ചില മില്ലുകാർ വിലകുറഞ്ഞ ഇവരുടെ കൊപ്രയെടുത്ത് ആട്ടും. ഇത് വിപണി വിലയിലും കുറഞ്ഞ നിരക്കിൽ വിൽക്കാനാവും. ഇതോടെ ഞങ്ങളെപ്പോലെ സത്യസന്ധമായി ബിസിനസ് നടത്തുന്ന ആയിരക്കണക്കിന് ചെറുകിട മില്ലുകാരാണ് സംശയത്തിന്റെ നിഴലിൽ അകപ്പെടുന്നത്. ഇത്തരം കാര്യങ്ങളിൽ കർശനമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതും പ്രശ്നം രൂക്ഷമാക്കുന്നതായും മുനീർ സൂചിപ്പിച്ചു.
മായം കലർന്ന വെളിച്ചെണ്ണയോട് കമ്പോളത്തിൽ വിലയിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ നിരവധി മില്ലുകളാണ് പൂട്ടിയിരിക്കുന്നത്. സന ഓയൽ മിൽ (വടകര) ഉടമ അബൂബക്കർ ഹാജിയായിരുന്നു നാലു വർഷം മുൻപ് ഓയൽ മിൽ ഉടമകളുടെ സംഘടനാ പ്രസിഡന്റ്. മായം കലർത്തി വിൽക്കുന്നവർ തങ്ങളുടെ താൽപര്യങ്ങൾക്ക് അരുനിൽക്കാൻ നിർബന്ധിച്ചതോടെ ഇദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു.
ചെറിയ അങ്ങാടിയായ കോവൂരിൽ മൂന്നു മില്ലുകാർ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടായി കുറഞ്ഞു. പല സ്ഥലങ്ങളിലും പാതിയോളം ആളുകൾവരെ ഈ രംഗത്തുനിന്നു പിടിച്ചുനിൽക്കാനാവാതെ മാറിക്കഴിഞ്ഞു. അതിനർഥം കൂടുതൽ മായമുള്ള ആരോഗ്യത്തിന് ഹാനികരമായ വെളിച്ചെണ്ണ ഗൃഹങ്ങളിലേക്കു എത്തുമെന്നു തന്നെയാണ്. ചെറുകിടക്കാരെ രക്ഷിക്കുന്നതിനൊപ്പം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക ഇടയാക്കുന്ന മായംകലർന്ന വെളിച്ചെണ്ണ വിപണിയിൽ കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മില്ലുടമകൾ പറയുന്നത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്