ലോകത്തെ കീഴ്‌മേൽ മറിക്കാൻ ശേഷിയുള്ള അപൂർവം സംരംഭകരിലൊരാളാണ് ഇലോൺ മസ്‌ക്ക്. വിഖ്യാതമായ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല മോട്ടോർസിന്റെയും, ബഹിരാകാശ ടൂറിസത്തിന് വഴിയിട്ട സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകൻ എന്ന രീതിയിൽ മസ്‌ക്ക്, ശാസ്ത്ര- വ്യാവസായിക ലോകത്തിന് സുപരിചിതനാണ്. പക്ഷേ ഇപ്പോൾ മസ്‌ക്ക് വാർത്തകളിൽ ഇടം പിടിക്കുന്നത്, അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം മൂലമാണ്. മസ്‌ക്കിന്റെ സ്വകാര്യ ജീവിതവും, സത്യത്തിൽ ഒരു ഗംഭീര സയൻസ് ഫിക്ഷൻ ത്രില്ലർ ഡ്രാമയാണ്. ഹീറോയെന്നോ, കോമാളിയെന്നോ, കിറുക്കനെന്നോ കൃത്യമായി വേർതിരിച്ച് മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ അപ്രവചനീയമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം.

ഇപ്പോഴിതാ ഇലോൺ മസ്‌കിനെതിരെ വീണ്ടും ലൈംഗികാരോപണം ഉയർന്നിരിക്കയാണ്. കമ്പനിയിലെ രണ്ട് വനിത ജീവനക്കാരെ മസ്‌ക്ക് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും, തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് പരാതി. അതിലൊരാൾ ഇന്റേൺ ആണ്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം ദുസ്സഹമായ പെരുമാറ്റത്തിലൂടെ മസ്‌ക്ക് തന്റെ കമ്പനി വനിതകൾക്ക് ജോലി ചെയ്യാൻ പറ്റാത്ത ഇടമാക്കി മാറ്റിയെന്നും പരാതിയിലുണ്ട്.

മസ്‌ക്കിനെതിരെ ഉയരുന്ന ഏറ്റവും പുതിയ ആരോപണമാണിത്. കമ്പനിയുടെ ബോർഡ് അംഗങ്ങളുമായി പ്രവർത്തിക്കുമ്പോൾ പോലും എൽ.എസ്.ഡി, കൊക്കെയ്ൻ, കെറ്റമൈൻ എന്നിവ ഉപയോഗിക്കാറുണ്ടെന്ന് മസ്‌കിനെതിരെ ആരോപണം ഉയർന്നിരുന്നു. മസ്‌ക്കിന്റെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല. സെക്സ് ജോക്ക്സ് അവിടെ പതിവായിരുന്നു. തൊഴിലിടത്തിൽ സെക്സിസ്റ്റ് സംസ്‌കാരം കൊണ്ടുവരാനാണ് മസ്‌ക്ക് ഉദ്ദേശിച്ചത്. ലൈംഗിക ധ്വനിയുള്ള പരാമർശങ്ങളും മറ്റ് കാര്യങ്ങളും വനിത ജീവനക്കാർ സഹിക്കുകയോ അവഗണിക്കുകയോ ആണിവിടെ പതിവ്. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമായിരുന്നു നൽകിയിരുന്നത്. പരാതിപ്പെടുന്നവരെ നിർദയം പിരിച്ചുവിടും.

2016ൽ താനുമായി ലൈംഗിക ബന്ധം പുലർത്തിയാൽ പകരം ഒരു കുതിരയെ സമ്മാനമായി നൽകാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റന്റന്റ് ആരോപിച്ചിരുന്നു. നിരവധി തവണ മസ്‌കിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി കാണിച്ച് 2013-ൽ സ്പേസ് എക്സിലെ മറ്റൊരു വനിത ജീവനക്കാരിയും പരാതിപ്പെട്ടിരുന്നു. പിന്നീടവർ കമ്പനിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. നിലവിൽ 10 കുട്ടികളെങ്കിലുമുണ്ട് മസ്‌കിന്. ലോകം ജനസംഖ്യ പ്രതിസന്ധി നേരിടുന്നതിന് പരിഹാരമായാണ് താൻ മുന്നോട്ട് വന്നിരിക്കുന്നത് എന്നാണ് മസ്‌കിന്റെ ന്യായീകരണം.

രാത്രികാലങ്ങളിൽ മസ്‌കിന്റെ വീട്ടിലുറങ്ങാൻ നിരവധി തവണ ക്ഷണം ലഭിച്ച കാര്യം മറ്റൊരു വനിത ജീവനക്കാരിയും വെളിപ്പെടുത്തി.അതിന്റെ ടെക്സ്റ്റ് മെസേജുകളും അവർ പുറത്തുവിട്ടു. എന്നാൽ സന്ദേശങ്ങൾക്ക് പിറ്റേ ദിവസം യുവതി മറുപടി നൽകുകയും ചെയ്തു. താൻ ഉറങ്ങിപ്പോയതിനാൽ മസ്‌കിന്റെ സന്ദേശം കണ്ടില്ലെന്നുമായിരുന്നു അവരുടെ മറുപടി. അതേസമയം ഈ ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നായിരുന്നു സ്പേസ് എക്സിന്റെയും മസ്‌കിന്റെയും അഭിഭാഷകരുടെ വാദം.

ലോകമെമ്പാടും കാമുകിമാർ

പണം പലരെയും പലരീതിയിലാണ് മാറ്റി മറിക്കുക. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തന്റെ പണം മുഴുവൻ പാവങ്ങൾക്കായി സംഭാവനചെയ്യുമെന്ന് അറിയിച്ച് ലോകത്തെ ഞെട്ടിച്ചത് ഈയിടെയാണ്. എത്രയും പെട്ടെന്ന് ലോക കോടീശ്വര ലിസ്റ്റിൽ നിന്ന് ഇറങ്ങണം എന്നാണ് ഗേറ്റ്സ് പറയുന്നത്. ഇലോൺ മസ്‌ക്കും ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാർക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ് ദ സൺ പോലുള്ള പത്രങ്ങൾ എഴുതുന്നത്. മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്. തന്റെ ബീജം കിട്ടിയാൽ ലോകത്ത് ഉന്നതരായ പ്രതിഭകൾ ഉണ്ടാകുമെന്നാണ് മസ്‌ക്കിന്റെ വാദം. അതിനായി അദ്ദേഹം ബീജവും ദാനം ചെയ്യുന്നുണ്ട്.

കാനഡയിലെ ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് മസ്‌ക് തന്റെ ആദ്യ ഭാര്യ, കാനഡക്കാരി ജസ്റ്റിൻ വിൽസണെ പരിചയപ്പെടുന്നത്. ഒരു നോവലിസ്റ്റായിരുന്നു അവർ. 2000-ത്തിൽ ഇരുവരും വിവാഹിതരായി. അദ്യ കുട്ടിയുടെ 10 ആഴ്ചക്കുള്ളിൽ മരിച്ചുപോയത് ഈ ദമ്പതികൾക്ക് ഞെട്ടലായിരുന്നു. അതിനുശേഷം വാടക ഗർഭധാരണത്തിലുടെ ഇവർക്ക് 2004-ൽ ഇരട്ടക്കുട്ടികളും തുടർന്ന് 2006-ൽ മൂന്ന് കുട്ടികളും ജനിച്ചു. തുടർന്ന് അധിക നാൾ ഈ ദാമ്പത്യം നീണ്ടില്ല. ഇവർ 2008-ൽ വിവാഹമോചനം നേടി. പക്ഷേ കുട്ടികളുടെ സംരക്ഷണം ഇരുവരും ഏറ്റെടുത്തു. പക്ഷേ മസ്‌കുമായി തീർത്തും പൊരുത്തപ്പെടാനാകാത്ത ഒരു മകൻ തന്റെ ജെൻഡർ മാറുന്നതിനും പേരിൽ നിന്ന് മസ്‌കിന്റെ സർ നെയിം മാറ്റുന്നതിനുമായി കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു. അമ്മയുടെ സർ നെയിം ആണ് അവൻ ഇപ്പോൾ ഉപയോഗിക്കുന്നത്.

ഒരേ സ്ത്രീയെ തന്നെ രണ്ടുതവണ വിവാഹം കഴിക്കുകയും ഡിവോഴ്സ് ചെയ്യുകയും ചെയ്ത അനുഭവവും മസ്‌ക്കിനുണ്ട്. 2008-ലാണ് മസ്‌ക് ഇംഗ്ലീഷ് നടി താലുല റിലേയുമായി ഡേറ്റിങ് ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം സ്‌കോട്ട്ലൻഡിലെ ഡോർണോച്ച് കത്തീഡ്രലിൽ വച്ച് അവർ വിവാഹിതരായി. പക്ഷേ 2012 -ൽ, ദമ്പതികൾ വിവാഹമോചനം നേടി. അടുത്ത വർഷം വീണ്ടും വിവാഹം കഴിച്ചു. 2016-ൽ വീണ്ടും വിവാഹമോചനം നേടി. മസ്‌ക് ഉടൻ തന്നെ അടുത്ത ബന്ധത്തിലേക്ക് കടുന്നു. നടി ആംബർ ഹേർഡുമായിട്ടായിരുന്നു പ്രണയം. പക്ഷേ അതും അധികാലം മുന്നോട്ട് പോയില്ല. ബ്രേക്കപ്പായി. നടൻ ജോണി ഡെപ്പിന് ഹേർഡുമായി ബന്ധമുണ്ടെന്ന് മസ്‌ക്ക് ആരോപിച്ചിരുന്നു. പക്ഷേ ഇരുവരും അത് നിഷേധിക്കയാണ്.

2018ൽ, മസ്‌കും കനേഡിയൻ സംഗീതജ്ഞ ഗ്രിംസും തങ്ങൾ ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തി. 2020 മെയ് മാസത്തിൽ ഗ്രിംസ് ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അതിന് റോമൻ അക്കങ്ങൾകൊണ്ട് പേരിട്ടത് കോടതി കയറി. സെക്സിൽ യാതൊരു എത്തിക്സും ഇല്ലാത്ത ആളാണ് മസ്‌ക്ക്. തന്റെ അടുത്ത സുഹൃത്തും, പാപ്പരായപ്പോൾ സഹായിച്ചതുമായ വ്യക്തിയുടെ ഭാര്യയെ കാമുകിയാക്കാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ഗൂഗിളിന്റെ സ്ഥാപകരിൽ ഒരാളായ സെർജി ബിന്നിന്റെ ഭാര്യയും നിയമജ്ഞയുമായ നിക്കോളെ ഷനഹൻ ആണ് മസ്‌ക്കിന്റെ പുതിയ ലൈംഗിക പങ്കാളി. കഴിഞ്ഞ വർഷം മിയാമിയിൽ നടന്ന ആർട്ട് ബേസലിൽ വെച്ച് എലൺ മസ്‌കും നിക്കോളെ ഷനഹനുമായി ബന്ധപ്പെട്ടതായാണ് വാർത്തകൾ. ഇതറിഞ്ഞ ഗൂഗിൾ സ്ഥാപകൻ ജനുവരിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു.