- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേശ് കുമാറിനെതിരായ പരാതി ഫയലിൽ സ്വീകരിച്ചു കോടതി; ഗണേശിനെതിരായ നീക്കം മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായതോടെ ഇടങ്കോലിടൽ; മുന്നണി തീരുമാനം മാറില്ല

കൊല്ലം: കേരളാ കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയുമായി കെ ബി ഗണേശ് കുമാർ ഒരാഴ്‌ച്ചക്കുള്ളിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന് ആ വകുപ്പു തന്നെ ലഭിക്കുമെന്നാണ് സൂചനകൾ. ഇതിനിടെയാണ് ഗണേശിന്റെ മന്ത്രിസ്ഥാനത്തിന് പാരവെക്കാനുള്ള ശ്രമങ്ങൽ അവസാന നിമിഷവും ഊർജ്ജിതമായി നടക്കുന്നത്.
ഗണഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി കാണിച്ചുള്ള പരാതിയാണ് ഇപ്പോൾ ഗണേശിനെതിരെ എത്തിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ മണ്ഡലത്തിൽ ഗണേശിന് ശത്രുക്കൾ ഏറെയുണ്ട്. കോൺഗ്രസുകാരെ കൂടാതെ ഇടതു മുന്നണിയിലെ തന്നെ ഒരു വിഭാഗം ആളുകൾ ഗണേശിനെതിരാണ്. സ്വന്തം കുടുംബത്തിലും ഗണേശിനെ എതിർക്കുന്നവരുണ്ട്. സഹോദരി ഉഷ ഗണേശിനെ മന്ത്രിയാക്കരുത് എന്ന് മുഖ്യമന്ത്രിയെ കണ്ട് നേരത്തെ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് ഗണേശിനെതിരെ പരാതി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയാണ്.
അതേസമയം ഈ പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ലെനന്നാണ് സൂചന. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മുൻ ധാരണപ്രകാരം ഗണേശിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേശ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.


