- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎ യ്ക്ക് പ്രവേശനം; ബികോം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എം.എ ക്ക് പ്രവേശനം അനുവദിച്ചത് റഗുലേഷനിൽ മാറ്റം വരുത്തി; കണ്ണൂർ വിസിയുടെ നടപടി കാസർകോഡ് ജില്ലാ നേതാവിന് വേണ്ടി; ഉന്നത വിദ്യാഭ്യാസ കൗൺസിലിന് പരാതി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎയ്ക്ക് പ്രവേശനം നൽകിയെന്ന് ആരോപണം. കണ്ണൂർ സർവകലാശാലയിലാണ് സംഭവം. ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാർത്ഥികൾക്ക്(LRP--Language Reduced Pattern)എം.എ (ഇംഗ്ലീഷ്) ബിരുദത്തിന് പ്രവേശനം ലഭിക്കുവാൻ കണ്ണൂർ സർവ്വകലാശാല പഠന റെഗുലേഷനിൽ മാറ്റം വരുത്തിയത് ബികോം സപ്പ്ളിമെന്ററിയായി ജയിച്ച ഒരു SFI നേതാവിന് എം എ ഇംഗ്ലീഷ് വിഷയത്തിന് പ്രവേശനം നൽകാനായിരുന്നു എന്നാണ് ആരോപണ.
എസ്എഫ്ഐയുടെ കാസർഗോഡ് ജില്ലാ നേതാവ് ഇമാനുവൽ എന്ന വിദ്യർഥിക്ക് കാസർഗോഡ് സർക്കാർ കോളേജിൽ എം എയ്ക്ക് പ്രവേശനം നൽകുന്നതിനായിരുന്നു തിരക്കിട്ട ചട്ട ഭേദഗതി. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുകയായിരുന്നു. മാർക്ക് കുറവായതിനാൽ സ്പോർട്സ് ക്വാട്ടയിലാണ് നേതാവിന് പ്രവേശനം നൽകിയത്.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ഇംഗ്ലീഷ് അദ്ധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽ വച്ചാണ് ഒന്നാം ഭാഷയായി ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബികോം വിദ്യാർത്ഥികൾക്ക് എം. എ ഇംഗ്ലീഷിൽ ചേരുവാൻ റെഗുലേഷനിൽ ഭേദഗതി വരുത്തിയത്. 1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്.
കാസർഗോഡ് ഗവൺമെന്റ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായ ഇമ്മാനുവലിന് അതേ കോളേജിൽ തുടർ പഠനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്കാദമിക് കൗൺസിലിനെ ഒഴിവാക്കി വിസി മുൻകൈയെടുത്ത് നടപ്പാക്കിയ വിചിത്രമായ തീരുമാനം.
കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും മറ്റ് അസാന്മാർഗ്ഗ പ്രവർത്തനങ്ങളും നടക്കുന്നതായ മുൻ പ്രിൻസിപ്പലിന്റെ പരസ്യമായ വെളിപ്പെടുത്തലിനെ തുടർന്ന് പ്രിൻസിപ്പലിനെ ശിക്ഷാ നടപടിയുടെ ഭാഗമായി കാസർഗോഡിൽ നിന്നും സ്ഥലം മാറ്റുന്നതിന് മുൻകൈയെടുത്ത അതേ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാല ആദ്യമായി പ്രവേശന ചട്ടം മാറ്റുന്നത്.
പിജി കോഴ്സുകളുടെ നിലവാരം തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നടപ്പാക്കിയ കണ്ണൂർ വിസിയുടെ നിലപാട് അക്കാദമിക് സമൂഹത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ മറ്റ് അഫീലിയേറ്റിങ് സർവ്വകലാശാലകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി വിസി കൈക്കൊണ്ട തീരുമാനം ക്രമവിരുദ്ധമാണെന്നും, പുനപരിശോധിക്കാൻ കണ്ണൂർ വിസി ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന് നിവേദനം നൽകി.