- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേർഡ് പാർട്ടി ഇൻഷുറൻസുണ്ടെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ഏമാന്മാർ; പരിവാഹൻ ആപ്പിൽ നോക്കിയാൽ അറിയാമെന്ന് പറഞ്ഞിട്ടും പിടിപാടില്ലാതെ പൊലീസുകാർ; സ്റ്റേഷനിൽ വച്ച് അബദ്ധം മനസ്സിലായി നാണംകെട്ടപ്പോൾ യുവാവിന്റെ മേൽ പുതിയ കുറ്റം ചുമത്തി പിഴയും; കരിമണ്ണൂർ പൊലീസിന്റെ 'കാര്യപ്രാപ്തിയിൽ' അന്വേഷണം
തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ ആപ്പിനെക്കുറിച്ച് അറിയാത്ത പൊലീസുകാർ വിരളമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരിൽ ചിലർക്ക് ഈ ആപ്പിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലന്നാണ് പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ അനുഭവത്തിൽ നിന്നും വ്യക്തമാവുന്നത്.
ഇനിയെങ്കിലും ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണം നടത്തിയില്ലങ്കിൽ ചിലപ്പോൾ അത് സേനയ്ക്കാകെ നാണക്കേടാവുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേക്കും.
സംഭവം ഇങ്ങനെ..
ജോലി സംബന്ധമായ യത്രയ്ക്ക് ശേഷം ബൈക്കിൽ വരവെ തൊടുപുഴ സ്റ്റേഷൻ പരിധിയിലെ ഞറുകുറ്റിയിൽ വച്ചാണ് യുവാവിനെ പൊലീസ് സംഘം തടയുന്നത്.
പരിശോധനയിൽ വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്നായിരുന്നു ഏമാന്മാരുടെ കണ്ടെത്തൽ. തുടർന്ന് പിഴയടക്കാനും നിർദ്ദേശിച്ചു. ഫുൾ കവർ ഇൻഷുറൻസാണ് തീർന്നതെന്നും തേർഡ് പാർട്ടി ഇൻഷുറൻസുണ്ടെന്നും യുവാവ് പറഞ്ഞെങ്കിലും ഏമാന്മാർ ചെവിക്കൊണ്ടില്ല.
ഇൻഷുറൻസ് ഉണ്ടോയെന്ന കാര്യം പരിവാഹൻ ആപ്പിൽ നോക്കിയാൽ കണ്ടെത്താവുന്നതേയുള്ളൂവെന്ന കാര്യമൊന്നും ഏമാന്മാർ അറിഞ്ഞ മട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ കാര്യം പിടി കിട്ടുമായിരുന്നു. എന്തായാലും പേരും അഡ്രസും എഴുതിയെടുത്തു. സ്റ്റേഷനിൽ എത്തിയിട്ട് പോയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകി. ഇതോടെ ആശങ്കയിലായ ജീവനക്കാരൻ ഉടൻ സ്വന്തം ഓഫീസിലേക്ക് വിളിച്ച് പറഞ്ഞിട്ട് ഏഴ് കിലോമീറ്ററോളം അകലെയുള്ള കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി.
അവിടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോൾ സഹപ്രവർത്തകരായ ഏമാന്മാർക്ക് പറ്റിയ അബദ്ധം വ്യക്തമായി. അവരെ വിളിച്ച് കാര്യം പറഞ്ഞു.
ഇതോടെയാണ് ഏമാന്മാരുടെ പതിവ് സ്വഭാവം പുറത്തെടുത്തത്. അത്രയും നേരമില്ലാത്ത കുറ്റം ഉടൻ ഏമാന്മാർ യുവാവിന്റെ പിടലിക്ക് ചാർത്തി. അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്നും അതിന് പിഴ അടച്ചിട്ട് പോയാൽ മതിയെന്നുമായി ഏമാന്മാരുടെ പിന്നീടുള്ള നിലപാട്.
യുവാവ് പലതും പറഞ്ഞു നോക്കിയെങ്കിലും നിയമപാലകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒടുവിൽ ഗതികെട്ട് യുവാവ് അഞ്ഞൂറ് രൂപാ പിഴയടയ്‌ക്കേണ്ടിയും വന്നു. കടുത്ത മാനസിക വിഷമവുമായിട്ടാണ് യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയത്. സംഭവം ഉടൻ തന്നെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതെത്തുടർന്ന് കരിമണ്ണൂർ പൊലീസിന്റെ വീഴ്ചയെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിശദ വിവരങ്ങൾ ഉൾപ്പെടുത്തി യുവാവ് പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.