കോതമംഗലം: മലയാളി നഴ്സ് തമിഴ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങൾ ഹിറ്റ്. ദേവകന്യാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉല്ലാസ് ശങ്കർ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 1982 അൻപരശിൻ കാതൽ എന്ന ചിത്രത്തിന് വേണ്ടി കോതമംഗലം കോട്ടപ്പടി മരോട്ടിച്ചോട് പണിക്കരുകുടിയിൽ ഷൈൻ എല്യാസിന്റെ ഭാര്യ ജിൻസി മണിയാട്ട് ഒരുക്കിയ ഗാനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറിയിട്ടുള്ളത്. ഇതിനകം അര ലക്ഷത്തോളം ആളുകൾ ഗാനങ്ങൾ കണ്ടുകഴിഞ്ഞു.

ജിൻസി എഴുതി, ഈണം നൽകിയ പാട്ടുകൾ കെ എസ് ചിത്ര, ഹരിചരൻ, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി ജേക്കബ് എന്നിവരാണ് ആലപിച്ചിട്ടുള്ളത്. ഈ മാസം 12 -ന് ചിത്രം തീയറ്ററുകളിൽ എത്തും. ബിജു കരിമ്പൻ കാലായിൽ, ഷൈൻ ഏലിയാസ് (ഏയ്ഞ്ചൽ ഇഷാ പ്രൊഡക്ഷൻസ് ) എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് ആഷിക് മെർലിൻ ചന്ദന അരവിന്ദ് എന്നിവരാണ്. അമൽ രവീന്ദ്രൻ, അരുണിമ രാജ്, ഉല്ലാസ് ശങ്കർ, സെൽവ, ഹരീഷ് ശിവപ്രകാശം എിവരും ചിത്രത്തിൽ വേഷമിട്ടുണ്ട്.

ഉടൻ റീലീസ് ചെയ്യുന്ന മലയാളം ചിത്രത്തിനും 50 ഓളം ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇതിന് പുറമെ നിർമ്മാണ ഘട്ടത്തിലുള്ള മലയാളം, തമിഴ് സിനിമകൾക്കും ജിൻസി ഗാനരചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. അഭ്യുദയ കാംക്ഷികളിലൂടെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും താൽപര്യം കണക്കിലെടുത്ത് സിനിമ മേഖലയിലെ പ്രവർത്തനങ്ങളിലും എഴുത്തുകളിലും എസ് ചിന്താമണി എന്ന പേര് സ്വീകരിച്ചു. ഇനി മുതൽ ഈ പേരിൽ അറിയപ്പെടാണ് ഇഷ്ടം. മറുനാടനുമായുള്ള കൂടിക്കാഴ്ചയിൽ ജിൻസി പറഞ്ഞു.

പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുകയാണ്. സ്‌കൂൾ തലം മുതൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. ആൽബങ്ങൾക്കു വേണ്ടിയാണ് മുമ്പ് കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. നഴ്സ് പഠത്തിനുശേഷമാണ് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. സുഹൃത്തുക്കൾ വഴിയാണ് സിനിമയിലേയ്ക്ക് അവസരം ലഭിക്കുന്നത്.

ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാരും ചികത്സ തേടിയെത്തുന്ന രോഗികളും ഇവരുടെ കൂട്ടിരുപ്പുകാരും മറ്റുമായുള്ള ഇടപെടലുകളാണ് തമിഴ് സംസ്‌കരവുമായി ഇഴുക്കിച്ചേർന്നുള്ള ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തുന്നതിന് സഹായകമായത്. അവരോടുള്ള നന്ദിയും കടപ്പാടും എന്നും മനസിൽ ഉണ്ടാവും.കുടുംബം വലിയ സഹകരണമാണ് നൽകുന്നത്. അതുകൊണ്ട് ഈ മേഖലയിൽ തുടരും.ജിൻസി വിശദമാക്കി.

വരികൾക്കും ഈണത്തിനും ഒപ്പം ഫ്രെയിമുകളുടെ മനോഹാരിതയും ഗാനങ്ങൾ ഹിറ്റാവുന്നതിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് ചിന്താമണിയുടെ വിലയിരുത്തൽ. രാജാക്കാട് സ്വദേശിയായ ഉല്ലാസ് ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. നാടിന്റെ മനോഹാരിത ഗാന ചിത്രീകരണത്തിൽ പരമാവധി ആവാഹിക്കാൻ ഇദ്ദേഹം നടത്തിയ പരിശ്രമം കാണികളിൽ ഗാനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തേനി, ബോഡി, കമ്പം, ബോഡിമെട്ട്, മൂന്നാർ രാജാക്കാട് പ്രദേശങ്ങളിലായിട്ടായിരുന്നു ചിത്രീകരണം.