- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടില്ല; പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ റോഡ് ഉപരോധിച്ചു, വൻ സംഘർഷം; ഉന്നത ഇടപെടലിൽ ജാമ്യമില്ലാ വകുപ്പ് ചേർത്തെന്ന് നേതാക്കൾ
കൊച്ചി: എറണാകുളത്തെ നവകേരള യാത്രയ്ക്കിതെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിൽ എടുത്തവരെ വിടാത്തതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം. എം പി ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസുകാരെ എത്തിച്ചു.
നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിടാത്തതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് പ്രവർത്തകർ തടിച്ചു കൂടുകയും സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ, ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ കയറിയ ശേഷം ജാമ്യത്തിൽ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ഇതോടെ ജാമ്യത്തിൽ വിടാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതിനടെ കച്ചീട്ട് ഒപ്പിട്ടുവാങ്ങിയശേഷം പിന്നീട് ജാമ്യത്തിൽ വിടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരെ ആദ്യം ജാമ്യത്തിൽ വിടാൻ തുടങ്ങിയ പൊലീസ് പിന്നീട് മനം മാറുകയായിരുന്നു. അതിനിടെ രാഷ്ട്രീയ ഇടപെടലുണ്ടാവുകയും പിന്നാലെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ കൂടി എഴുതിച്ചേർക്കുകയുമായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു.
പ്രവർത്തകരെ വിടണമെന്ന് ആവശ്യപ്പട്ട് സ്റ്റേഷനിലെത്തിയവരോട് മോശമായാണ് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെ നേതാക്കളും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. സ്റ്റേഷനിലേക്ക് പ്രവർത്തകർ തള്ളിക്കയറാനും ശ്രമിച്ചു. തുടർന്ന് നേതാക്കന്മാരുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ