- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു; പരിക്കേറ്റത് കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസിന്; ശസ്ത്രക്രിയ നടത്തി; കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം കാലിലൂടെ കയറ്റിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസിനാണ് പരിക്കേറ്റത്. അകമ്പടി വാഹനം ഇടിച്ചാണ് കാലൊടിഞ്ഞത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റിയതായി കോൺഗ്രസ് ആരോപിച്ചു. നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ, കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാതിൽ തുറന്നുപിടിച്ച നിലയിലാണ് വാഹനം ഓടിച്ചുകയറ്റിയത്.
വാഹനത്തിന്റെ വാതിലിൽത്തട്ടി നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ പൊലീസാണ് ഇയാളെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ ആൻസല ദാസന്റെ കാലിൽ രണ്ടിടത്ത് ഒടിവുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
നേരത്തെ ആറ്റിങ്ങലിൽ പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കിയവരെ ഡിഫിക്കാർ സ്റ്റേഷൻ കയറി ആക്രമിച്ച സംവം അടക്കം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നവകേരള ബസ് എത്തിയപ്പോൾ സിപിഎം രീതി മാറ്റി. നൂറു കണക്കിന് പേരെ മഞ്ഞ ബനിയനിട്ട് 'രക്ഷാപ്രവർത്തനത്തിന് ഇറക്കി'. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ ആദ്യം ആക്രമിക്കാനെത്തിയവരെ നേരിട്ടു. എന്നാൽ മലവെള്ളം പാഞ്ഞു വരുന്നത് പോലെ 'രക്ഷാ പ്രവർത്തകർ' പാഞ്ഞടുത്തു. കാര്യം മനസ്സിലായ യൂത്ത് കോൺഗ്രസുകാർ അടിനിർത്തി ഓടി രക്ഷപ്പെട്ടു. ചിലരെ ഈ ആൾക്കൂട്ടം പൊതിരെ തല്ലി. പൊലീസും വെറുതെ വിട്ടില്ല. അങ്ങനെ നവകേരള സദസ്സ് തീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 'രക്ഷാപ്രവർത്തനത്തിൽ' സിപിഎം വിജയം നേടി.
കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കടകളിൽ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള ബസ് എത്തിയപ്പോൾ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെയാണ് രക്ഷാപ്രവർത്തകർ എത്തിയത്. പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധക്കാരെ മർദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ തലസ്ഥാനത്ത് വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലിൽ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടർച്ചയായി ആക്രമമങ്ങളുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിന്റെ വീടും വാഹനവും ഡിവൈഎഫ്ഐക്കാർ തകർത്തു. മണിക്കൂറുകൾക്കുള്ളിൽ ആറ്റിങ്ങൽ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നജാമിന്റെയും വീട് ആക്രമിച്ചു. പൊലീസ് സ്റ്റേഷനിൽ കയറി യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.


