തിരുവനന്തപുരം: പരീക്ഷക്കിടെ അലർജി മൂലം അവശയായ ബാഡ്മിന്റൻ താരം കൂടിയായ വിദ്യാർത്ഥിനിക്കു ചികിത്സ വൈകിയ സംഭവം വിവാദമായതോടെ വീണ്ടും തിരുവനന്തപുരത്തെ ഗവ.കോട്ടൺഹിൽ സ്‌കൂൾ വാർത്തകളിൽ നിറയുകയാണ്. ദേശീയ ബാഡ്മിന്റൺ താരം കൂടിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് സ്‌ക്കൂൾ അധികൃതരിൽ നിന്നും ദുരനുഭവം ഉണ്ടായത്. പ്ളസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെയാണ് കുട്ടിക്ക് കലശലായ നടുവേദനയും വയറു വേദനയും ഉണ്ടായത്. രക്ഷകർത്താവിനെ ഫോണിൽ വിളിച്ചു തരണമെന്നും തനിക്ക് അലർജി പ്രശ്നം ഉണ്ടെന്നും കുട്ടി അപേക്ഷിച്ച് പറഞ്ഞിട്ടും ക്ളാസിൽ ഡ്യൂട്ടിക്ക് നിന്ന ടീച്ചർ അലിവു കാട്ടിയില്ല എന്ന വിമർശനമാണ് ഉയരുന്നത്.

പോസ്റ്റ് കോവിഡ് സിൻ ഡ്രം ഉള്ളതു കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കണമായിരുന്നു. ഇക്കാര്യം കുട്ടി പറഞ്ഞിട്ടും സ്‌ക്കൂൾ അധികൃതർ ചെവികൊണ്ടില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് സക്കൂളിൽ പരീക്ഷ നടന്നത്. പരീക്ഷയ്ക്കിടെ 3.20 ആയപ്പോഴാണ്  വയറു വേദനയും നടുവേദനയും അനുഭവപ്പെട്ടത്. ഉടൻ തന്നെ ടീച്ചറോട് അമ്മയെ ഫോണിൽ വിളിച്ചു തരാൻ കുട്ടി ആവിശ്യപ്പെട്ടു. എന്നാൽ പരീക്ഷ 4.20നെ കഴിയൂ അതിന് ശേഷമേ വിളിക്കാൻ അനുവദിക്കു എന്ന് ടീച്ചർ നിലപാടെടുത്തു. വേദന കലശലായതോടെ കുട്ടി പിൻസിപ്പാളിനെ കാണണമെന്ന് ടീച്ചറോടു പറഞ്ഞു. അങ്ങനെ പ്രിൻസിപ്പാൾ പരീക്ഷ ഹാളിൽ എത്തി. തനിക്ക് പോസ്റ്റ് കോവിഡ് സിൻ ഡ്രം ഉണ്ടെന്നും അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടതുണ്ടെന്നും കുട്ടി പറഞ്ഞു.

അതിനാൽ അമ്മയെ ഫോണിൽ വിളിച്ചു തരണമെന്ന് കുട്ടി കരഞ്ഞു പറഞ്ഞു. എന്നാൽ നിയമം അതിന് അനുശാസിക്കുന്നില്ലന്ന് പറഞ്ഞ പ്രിൻസിപ്പാൾ പരീക്ഷയ്ക്ക് ഒന്നും പഠിക്കാതെ വന്നതിന്റെ അടവാണോ എന്ന് ചോദിച്ച് പരിഹസിക്കുക കൂടി ചെയ്തു. പിന്നീട് പരീക്ഷ കഴിഞ്ഞ് മാത്രമാണ് കുട്ടിയുടെ അമ്മയെ വിളിക്കാൻ അനുവദിച്ചത്. അമ്മ  സ്‌ക്കൂളിൽ എത്തിയപ്പോൾ ഗേറ്റിന് പുറത്ത് റോഡരുകിൽ തൂണിൽ ചാരി അവശയായി നില്കുന്ന മകളയൊണ് കണ്ടത്. ഡോക്ടറെ ഉടൻ ബന്ധപ്പെട്ട് കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദേശീയ ബാഡ്മിന്റൺ മത്സത്തിന് പോയപ്പോഴാണ് കോവിഡ് പിടിപെട്ടത്.

അതിന് ശേഷമാണ് അലർജി പ്രശ്നങ്ങൾ ഉണ്ടായത്. എന്നിരുന്നാലും സ്പോർട് സിൽ സജീവമായിരുന്ന കുട്ടി  കഴിഞ്ഞയാഴ്ച നടന്ന ഒരു മത്സരത്തിൽ കോട്ടൺഹിൽ സ്‌ക്കൂളിനെ ഒന്നാമത് എത്തിച്ചിരുന്നു. അങ്ങനെ ഒരു കുട്ടിയോട് ക്രൂരത കാട്ടിയ പ്രിൻസിപ്പളിനെ രക്ഷിച്ചെടുക്കാനും നീക്കം സജീവമാണ്. പ്രിൻസിപ്പളിനെ ഡിസ്മിസ് ചെയ്യേണ്ട കുറ്റമാണ് അവർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും അവഹേളിച്ചതിനും പോക്‌സോ കേസും എടുക്കണം.

കുട്ടിയുടെ അമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
.

ജീവിതത്തിലെ വിലപ്പെട്ട ആ ഒരു മണിക്കൂർ ....

ഇന്നലെ എന്റെ മകൾക്കുണ്ടായ, അവളുടെ ജീവൻ തന്നെ റിസ്‌കിൽ ആകാമായിരുന്ന അനുഭവമാണ് ..
അവൾ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന 17 വയസ്സുള്ള വിദ്യാർത്ഥിനി ആണ് .. കൂടുതൽ സമയവും സ്പോർട്സ് ട്രെയിനിംഗിന് വിനിയോഗിച്ചിരുന്ന അവൾക്കു ഈ കഴിഞ്ഞ ജനുവരി യിൽ ചെന്നൈയിൽ ബാഡ്മിന്റൺ നാഷണൽസ് കളിക്കുമ്പോൾ covid പിടിക്കുകയും അതിനു ശേഷം മെയ് മാസം മുതൽ allergy issues ഡെവലപ്പ് ചെയ്യുകയും ചെയ്തു .. ഹോസ്പിറ്റൽ സഹായത്തോടു കൂടി മാത്രമേ allergy symptoms തുടങ്ങിയാൽ കണ്ട്രോൾ ചെയ്യാൻ പറ്റുള്ളൂ എന്ന അവസ്ഥ . കോവിഡിന് മുൻപ് allergy history ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും ടൂർണമെന്റ് കളിക്കാൻ പോകുന്ന അവളെ അവളുടെ ഡോക്ടറും , ഞങ്ങളും allergy symptoms തുടങ്ങിയാൽ ഉടനെ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഹോസ്പിറ്റലിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവതിയാക്കിയിട്ടുള്ളതും വളരെ കൃത്യമായി അവൾ അത് പാലിക്കുയും ചെയ്തിരുന്നതിനാൽ ഈ ഒരു മാസമായി വല്യ ബുദ്ധിമുട്ടുകൾ ഇല്ലാതെ പോകുകയായിരുന്നു .. കുറച്ചു നാളുകൾ കഴിയുമ്പോൾ ഇത് റിവേഴ്‌സ് ചെയ്യാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു ..

ഇന്നലെ സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ട് വരെ രണ്ടു പരീക്ഷകൾ ഉണ്ടായിരുന്നു .. പരീക്ഷ എഴുതാൻ മാത്രമാണ് സ്പോർട്സിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന അവൾ സ്‌കൂളിൽ പോകുന്നത് .. ഉച്ചക്കുള്ള പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ അവൾക്കു അലർജി symptoms വരുന്നതായി മനസിലാകുകയും Invigilator ആയി നിന്നിരുന്ന ടീച്ചറിനോട് പറയുകയും അവരോടു അമ്മയെ ഫോൺ വിളിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു .. എന്നാൽ 3 .20 pm മുതൽ നിരന്തരമായി അവൾ ആവശ്യപ്പെട്ടിട്ടും ആ അദ്ധ്യാപികയോട് അവളുടെ അലർജി issues നെ കുറിച്ചും ഹോസ്പിറ്റൽ ഫസിലിറ്റിയിൽ മാത്രമേ കണ്ട്രോൾ ചെയ്യാൻ പറ്റുകയുള്ളു എന്ന് പറഞ്ഞിട്ടും നാലര ആകാതെ വിടാൻ പറ്റില്ല എന്നതാണ് നിയമം എന്ന് പറഞ്ഞു കുട്ടിയെ നിസ്സഹായാവസ്ഥയിൽ ആക്കുകയായിരുന്നു.. വയറു വേദനയും, നടു വേദനയും സഹിക്കാതെ വന്നപ്പോൾ പിന്നെയും പിന്നെയും അവരോടു അഭ്യർത്ഥിച്ചെങ്കിലും അമ്മയെ ഫോൺ വിളിക്കാൻ അവർ സമ്മതിച്ചില്ല .. അപ്പോഴേക്കും അവളുടെ nose block ആകാൻ തുടങ്ങിയിരുന്നു .. പ്രിൻസിപ്പലിനെ വിളിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോൾ അവർ പ്രിൻസിപ്പലിനെ വിളിച്ചു .. അവരോടും കുട്ടി പറഞ്ഞു എനിക്ക് അമ്മയെ വിളിക്കണം അലർജി കൂടുന്നു എന്ന് ..'പരീക്ഷക്ക് പഠിച്ചില്ലേ?, അതുകൊണ്ടാണോ?' എന്ന് ചോദിച്ചു pain കൊണ്ട് നിസ്സഹായയായി നിൽക്കുന്ന കുട്ടിയെ അപമാനിക്കുകയാണ് പ്രിൻസിപ്പൽ ചെയ്തത്.. നാലര മണി കഴിഞ്ഞാലേ വിടാൻ പറ്റുള്ളൂ എന്ന് അവരും പറഞ്ഞു
.. 4.20pmകഴിഞ്ഞപ്പോൾ പ്രിൻസിപ്പലിന്റെ ഫോണിൽ നിന്നും കരഞ്ഞു കൊണ്ട് കുട്ടി എന്നെ വിളിച്ചു പറഞ്ഞു 'അമ്മ എനിക്ക്പറ്റുന്നില്ല , വേഗം വരൂ ,ഒരു മണിക്കൂർ ആയി ഞാൻ ട്രൈ ചെയ്തിട്ട് ഇപ്പോഴാണ് എന്നെ ഫോൺ ചെയ്യാൻ സമ്മതിച്ചത് '... മറ്റൊന്നും കേൾക്കാൻ നിക്കാതെ ഞാൻ സ്‌കൂളിലേക്ക് 6 മിനിറ്റിൽ എത്തുമ്പോൾ അലർജിയുടെ ഒരു ടാബ്ലറ്റും കഴിച്ചു റോഡ് സൈഡിലെ തൂണിൽ ചാരി വയറിൽ കൈ അമർത്തി നിലത്തിരിക്കുകയായിരുന്നു അവൾ ..ഡോക്ടറിനെ ഫോൺ ചെയ്യുകയും ഒറ്റ റിങ്ങിൽ ഫോൺ എടുത്ത ഡോക്ടർ അവളെ കാഷ്വാലിറ്റിയിൽ എത്തിക്കാൻ പറയുകയും 20 മിനിറ്റിൽ അവിടെ എത്തിക്കുകയും ചെയ്തു .. പോകുന്ന വഴി മുഴുവൻ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത് ടീച്ചേഴ്‌സിന് അവൾ എത്ര പറഞ്ഞിട്ടും മനസിലാകാത്തതിനെ പറ്റിയും അവൾ അപമാനിക്കപ്പെട്ടതിനെ പറ്റിയും, helpless situation അഭിമുഖീകരിക്കേണ്ടി വന്നതിനെ പറ്റിയും ...ഹോസ്പിറ്റലിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു അപ്പോഴുത്തെ എന്റെ ശ്രദ്ധ ..

Situation ഒന്ന് കൺട്രോളിൽ ആയപ്പോ ഞാൻ അവൾ വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. എന്തുകൊണ്ടാണ് കുട്ടി ഇത്രയും request ചെയ്തിട്ടും അമ്മയെ വിളിച്ചു കൊടുക്കാത്തതെന്ന് ചോദിച്ചു.. അവരുടെ നിയമം അത് അനുവദിക്കുന്നില്ല എന്ന് അവർ ആവർത്തിച്ച് എന്നോട് തർക്കിച്ചു കൊണ്ടേയിരുന്നു .. അവരുടെ നിയമം എന്റെ കുഞ്ഞിന്റെ ജീവനെക്കാളും വലുതാണോ എന്ന് ചോദിച്ചപ്പോൾ നിയമം അനുസരിച്ചു മാത്രമേ അവർക്കു ചെയ്യാൻ പറ്റുള്ളൂ എന്ന് എന്നോട് പറഞ്ഞ അവർ കുഞ്ഞിനെ എത്ര harass ചെയ്തു എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു .. ഒരു കുട്ടിയുടെ medical emergency ക്കു മേൽ എന്ത് നിയമമാണ് ഉള്ളത്, അതെനിക്ക് അറിയണമെന്ന് ആവർത്തിച്ചപ്പോൾ അവർ കുട്ടി സീരിയസ് ആയി പറഞ്ഞില്ല എന്ന് കള്ളം പറഞ്ഞു .. പിന്നെന്തു കൊണ്ടാണ് Invigilator പ്രിൻസിപ്പലിനെ വിളിച്ചു വരുത്തിയതെന്ന ചോദ്യം അവിടെ നിക്കട്ടെ .. പിന്നെ വെപ്രാളത്തിൽ പറയുകയാണ് ഞാൻ അവരെ നേരത്തെ അറിയിച്ചില്ല എന്ന് .. ഇന്ന ദിവസം ഇത്ര മണിക്ക് കുട്ടിക്ക് allergy വരുമെന്ന് പറയാനുള്ള ഗണിതശാസ്ത്രം ഒന്നും ഞാൻ പഠിച്ചിട്ടില്ല മാഡം എന്ന് പറഞ്ഞപ്പോൾ മുഴുവൻ കുറ്റവും കുട്ടി യുടെ മേൽ ഇടാനുള്ള ഒരു ത്വര മനസ്സിലാക്കിയ ഞാൻ അവരോടു ചോദിച്ചു ഇത്രേം നേരം നിയമം മാത്രം പറഞ്ഞിരുന്ന ആൾ എന്തിനാണ് ഇപ്പൊ മാറ്റി പറയുന്നതെന്ന് ..

ഒരാഴ്ച മുൻപ് നടന്ന സ്‌കൂൾ ഗെയിംസിൽ സ്‌കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ചു അവളുടെ ക്യാറ്റഗറിയിൽ ഒന്നാം സീഡായി ഡിസ്ട്രിക്ടിൽ qualify ചെയ്ത അവരുടെ സ്വന്തം വിദ്യാർത്ഥിനിയെ പഠിക്കാത്തതുകൊണ്ടു അസുഖം അഭിനയിക്കുവാനോ എന്ന് രണ്ടു പെണ്ണുങ്ങൾ ചേർന്ന് ഊറി ചിരിച്ചുകൊണ്ട് സ്മാർട്ട് ആകാൻ നോക്കി അപമാനിക്കുമ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കൂടി ഉള്ള പക്വത ഇല്ലേ ?

Medical emergency ഒരു കുട്ടിയുടെ human rights അല്ലെ ?
ഇവരുടെ non comprehensive സ്‌കില്ലിൽ തകർക്കാൻ ഉള്ളതാണോ ഒരു കുട്ടിയുടെ ജീവൻ?
ഒത്തിരി നല്ല അദ്ധ്യാപകർ ഉള്ളപ്പോൾ ഇത്തരക്കാരെ ആയിരിക്കുമല്ലോ ഇനി വരും അദ്ധ്യാപക ദിനത്തിൽ എന്റെ മകൾ ആദ്യം ഓർക്കുക ..
Allergy symptoms കൂടിയാൽ ഒരാൾ കോമ സ്റ്റേജിലേക്ക് വരെ എത്താമെന്നുള്ള സാമാന്യ ബോധം ഇല്ലാത്ത അദ്ധ്യാപകർക്ക് awareness കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ് ..
അദ്ധ്യാപകരുടെ ഈ പ്രവർത്തിയുടെ ഷോക്കിൽ ഇരിക്കുന്ന ഞാൻ ഇതിലെന്ത് നടപടി എടുക്കണം എന്ന് ആലോചിക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ല ഇപ്പോൾ .. നിങ്ങൾ പറയൂ

വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മാതാവിന്റെ പരാതിയിൽ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർത്ഥിനിയെ പൂജപ്പുരയിലെ വീട്ടിലെത്തി സന്ദർശിച്ച മന്ത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
ബാഡ്മിന്റൻ താരമായ വിദ്യാർത്ഥിനി സ്‌കൂൾ ഗെയിംസിൽ ജില്ലയിലെ ഒന്നാം സീഡ് ആണ്. കഴിഞ്ഞ ജനുവരിയിൽ കോവിഡ് വന്നതിനെ തുടർന്നാണ് ഗുരുതരമായ അലർജി പ്രശ്നം പിടിപെട്ടത്. അലർജി ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.
സ്‌ക്കൂൾ അധികൃതരുടെ വിശദീകരണം.

കായികതാരമായ പെൺകുട്ടി പരിശീനത്തിന് കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ സ്‌കൂളിൽ പരീക്ഷയ്ക്കും കുറഞ്ഞ ദിവസങ്ങളിലും മാത്രമാണ് എത്തുന്നതെന്നും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് രക്ഷാകർത്താക്കൾ പ്രിൻസിപ്പലിനെയോ ക്ലാസ് അദ്ധ്യാപികയെയോ മറ്റ് അദ്ധ്യാപകരെയോ അറിച്ചിരുന്നില്ലെന്നുമെന്നുമാണ് സ്‌കൂൾ അധികൃതർ വിശദീകരിച്ചത്. ബാഡമിന്റൻ മത്സരങ്ങളും പരിശീലനവും ഉള്ളതിനാലാണ് ഏറെ ദിവസം കുട്ടിക്കു സ്‌കൂളിൽ ഹാജരാകാൻ കഴിയാത്തതെന്ന് രക്ഷാകർത്താക്കൾ രേഖാമൂലം അറിയിച്ചിരുന്നുവെന്നും അധികൃതർ പറയുന്നു.