ന്യൂഡൽഹി : കേരളത്തിൽ വീണ്ടും കോവിഡ് ഭീതി. യുഎസിൽ കണ്ടെത്തുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎൻ.1' കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ കൂട്ടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കിയിട്ടുണ്ട്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലേത് ആദ്യത്തെ കേസാണെന്നു പറയുമ്പോഴും സിംഗപ്പുരിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് നേരത്തേ ജെഎൻ.1 കണ്ടെത്തിയെന്നു റിപ്പോർട്ടുകളുണ്ട്. ഐസിഎംആറിനു കീഴിലെ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' കോവിഡ് പോസിറ്റീവ് സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎൻ.1 സ്ഥിരീകരിച്ചത്.

വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദ്ദേശം. പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. കേരളത്തിൽ കോവിഡ് പോസിറ്റീവായ 1324 പേർ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും കേരളത്തിലാണ്. ദിവസം 700-1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെ.എൻ. 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെ.എൻ. 1 വകഭേദം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പതിവ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും 18-നകം പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ വിലയിരുത്താനായി മോക്ക് ഡ്രിൽ നടത്താനും നിർദേശമുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകൾ ഉയരാൻ ഈ വകഭേദം കാരണമായിട്ടുണ്ട്.

ഒമിക്രോണിന്റെ ഉപവകഭേദമായ 'ജെഎൻ.1' ലക്‌സംബർഗിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സാധാരണ കോവിഡിന്റെ ലക്ഷണങ്ങൾ തന്നെയാണ് 'ജെഎൻ.1'ലും ഉണ്ടാവുക. പുതിയ കോവിഡ് വകഭേദത്തിനെതിരെ ചെറിയ മാറ്റങ്ങൾ വരുത്തിയ വാക്‌സിനുകൾ തന്നെ മതിയാകുമെന്നാണ് അനുമാനം.

കോഴിക്കോട് കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ജാ?ഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മരണവീട് സന്ദർശിക്കുന്നത് പ്രദേശവാസികൾ ഒഴിവാക്കണമെന്നും നിർദ്ദേശം. കണ്ണൂർ പാനൂരിലും കോവിഡ് ബാധമുള്ള മരണം സ്ഥിരീകരിച്ചിരുന്നു. പാനൂർ: പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ള (83) ആണ് മരിച്ചത്.

ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.