തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദം ഓമിക്രോൺ ജെ.എൻ.1 സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത്. ഏറ്റവും ഒടുവിൽ നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമെന്നാണ് കണക്ക്.

ലോകത്ത് അതിവേഗം പടരുന്ന ഓമിക്രോൺ ഉപവകഭേദമാണ് ജെ എൻ വൺ. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയിൽ കോഴിക്കോട് നാലുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ട്രാവൽ ഹിസ്റ്ററി ഉള്ളതായാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. അതിനാൽ ഈ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

പ്രത്യേകിച്ച് ക്രിസ്മസ്, പുതുവത്സര ഉത്സവ സീസൺ ആയതുകൊണ്ട് രോഗബാധ വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. പ്രായമായവരും മറ്റു രോഗങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തുന്നതാണ് അഭികാമ്യം എന്നാണ് നിർദേശത്തിൽ പറയുന്നത്. നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആക്ടീവ് കേസുകളുടെ എണ്ണം മൂവായിരമായിരിക്കുകയാണ്. രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.

തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ് ജെ എൻ 1 ആദ്യം കണ്ടെത്തിയത്. ഈ മാസം ആദ്യം രോഗബാധിതയായ ഇവരുടെ സാംപിൾ ഹോൾ ജീനോമിക് പരിശോധന നടത്തിയതോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവർക്ക് വീട്ടിൽ തന്നെയാണ് ചികിത്സ നൽകിയത്

ഇൻഫ്‌ളുവൻസയുടേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ആർടിപിസിആർ. പരിശോധന പോസിറ്റീവ് ആയതോടെയാണ് വിശദപരിശോധന നടത്തിയത്. കോവിഡ് രോഗബാധയിൽ സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ പുതിയ വകഭേദത്തിലില്ല. രുചിയും മണവും നഷ്ടമാകുകയെന്ന പ്രധാന ലക്ഷണം പുതിയ കോവിഡ് ഇനത്തിൽ കാണപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലെത്തി. 425 പേർക്ക് കൂടി കോവിഡും 1 മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

എന്താണ് ജെ എൻ 1?

ഓമിക്രോൺ ജെ എൻ 1 ന് വ്യാപനശേഷി കൂടുതലാണ്. ബി എ 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെ എൻ 1. 2021 യു എസ് ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയതരത്തിൽ ജീവഹാനി ഉണ്ടാക്കിയ ഓമിക്രോൺ വക ഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബി എ . 2.86. ഇതിന്റെ തുടർച്ചായണ് ജെ എൻ 1. ഇതിന് ശരീര പ്രതിരോധത്തെ തുളച്ചു കയറാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ജെ എൻ കണ്ടെത്തിയത്. തുടർന്ന് ചൈനയിലും ഇത് വ്യാപകമായി. ചൈനിയിൽ ഇപ്പോഴും ഇത് തുടരുകയാണ്. ചൈനയിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്‌സ് ബി വക ഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്.

പനി, ജലദോഷം, തൊണ്ടവേദന, തലവേദന, ചില പ്രത്യേക സാഹചര്യങ്ങൽ ചെറിയ ദഹന സംബന്ധമായി പ്രശ്‌നങ്ങൾ എന്നിവയാണ് രോഗികളിൽ ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ.