കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ പശുവാണ് താരം. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിന് പകരം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാണ് എങ്ങും. ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു, എന്നാണ് സർക്കുലറിൽ പറയുന്നത്. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോർഡിന്റെ സർക്കുലറിൽ പറയുന്നു. ഇതോടെ കേരളത്തിൽ ഇത് വൻ ട്രോളുകൾക്ക് വഴിവെച്ചിരിക്കായാണ്.

എന്നാൽ പശുവിൻെ കെട്ടിപ്പിടക്കൽ വിവിധ വിദേശ രാജ്യങ്ങളിലുണ്ട്. ബിബിസി ട്രാവൽ ഇതുസംബന്ധിച്ച് എഴുതിയ ലേഖനത്തിൽ ചോദിക്കുന്നത്്, 'പശുവിനെ കെട്ടിപ്പിടിക്കൽ ലോകത്തിലെ പുതിയ ട്രെൻഡ് ആവുകയാണോ' എന്നാണ്. കോവിഡിന് ശേഷമാണ് കൗ തെറാപ്പി വ്യാപകമായത്. സായിപ്പിന് പശുവിനെ കെട്ടിപ്പിടിക്കാൻ യാതൊരു മടിയുമില്ല എന്ന് വ്യക്തമാണ്. പക്ഷേ തന്നെ പശുസ്നേഹം അമിതമായാൽ അത് ഒരു മനോരോഗം ആവുമെന്ന് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നു.

കൗ ഹഗും കൗ തെറാപ്പിയും

കൗ ഹഗിന്റെ തുടക്കം ശരിക്കും ഇന്ത്യയിലല്ല നെതർലാൻഡ്സിലാണ്. സ്‌കാൻഡനേവിയൻ രാജ്യങ്ങളിലും, മറ്റ് യൂറോപ്പിലുമൊക്കെ പശുവിനെ മാത്രമല്ല മറ്റ് വളർത്തുമൃഗങ്ങശളയും കെട്ടിപ്പിടിക്കുന്ന രീതിയിയുണ്ട്. പൂച്ചയെയും നായയെയുമൊക്കെ കെട്ടിപ്പിടിച്ച് മാനസിക സമ്മർദം കുറക്കുന്ന തെറാപ്പികൾ പലയിടത്തുമുണ്ട്. പക്ഷേ ഇതിനൊന്നും ശാസ്ത്രീയ പഠനങ്ങൾ ഇല്ല. ചില വ്യക്തികൾ തുടങ്ങുന്നുവെന്ന് മാത്രം.

നെതർലൻഡിലെ ഗ്രാമ പ്രദേശങ്ങളിൽ ആരംഭിച്ച കൗ ഹഗ് രീതി കോവിഡിനുശേഷം ട്രെൻഡിങ്ങ് ആവുകയായിരുന്നെന്ന് ബിബിസി ട്രാവൽ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഡച്ച് പ്രവിശ്യകളിൽ ആരംഭിച്ച ഈ ആലിംഗന രീതി മനുഷ്യരെ പ്രകൃതിയോടും മൃഗങ്ങളോടും അടുപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. സിഎൻബിസിയുടെ ഒരു വീഡിയോയും ഇതോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോവിഡ് കാലത്ത് മനുഷ്യരെ കെട്ടിപ്പിടിക്കാൻ ആകാത്ത വിഷമം ആളുകൾ എങ്ങനെ മാറ്റുന്നുവെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് വഴി മനുഷ്യരിൽ ഓക്സിടോസിൻ എന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപെടുകയും മനസ്സിന് സന്തോഷമുണ്ടാകുകയും ചെയ്യും എന്നും ബിബിസി റിപ്പോർട്ട് പറയുന്നു..

https://www.bbc.com/travel/article/20201008-is-cow-hugging-the-worlds-new-wellness-trend

അതോടെ ഇത് കൗ തെറാപ്പിയെന്നല പേരിൽ അറിയപ്പെടാനും തുടങ്ങി. പശുവിനെ താലോലിച്ച് മസാജ് ചെയ്യുക, കെട്ടിപ്പിടിക്കുക, ഒപ്പം ഇരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെ എല്ലാ പ്രശ്‌നങ്ങളും മറന്ന് മനസിന് ഉന്മേഷം പകരുക എന്നതാണ് ഈ തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്. നായ്ക്കളെയും പൂച്ചകളെയും പോലെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിക്കുന്ന തെറാപ്പികളും വേറെയുണ്ട്. ചിലയിടത്ത് ഇത് ഒരു ബിസിനസായും വളർന്നിട്ടുണ്ടഷ്. ഈ സേവനം വാഗ്ദാനം ചെയ്യുന്ന ചിലർ ഒരു വെൽനസ് സെഷന് മണിക്കൂറിന് 200 ഡോളർ ഏകദേശം (16,500 ഇന്ത്യൻ രൂപ) വരെ ഈടാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

കോവിഡിനുശേഷം ഈ തെറാപ്പി ഇന്ത്യയിലും എത്തിയിരുന്നു. നേരത്തെ ഗുരുഗ്രാമിലെ ഒരു എൻജിഒ പശു ആലിംഗന കേന്ദ്രം തുറന്നിരുന്നു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമധേനു ഗൗതം ആൻഡ് ആരോഗ്യസംസ്ഥാൻ എന്ന എൻജിഒയാണ് ഇത്തരം സേവനം ആരംഭിച്ചത്. പശുക്കളുമായുള്ള ഈ ഇടപെടൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, നട്ടെല്ല് വേദന, ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദം, സങ്കടം, ഉത്കണ്ഠ, പിരിമുറുക്കങ്ങൾ എന്നിവയ്ക്ക് പരിഹാരമാണെന്നാണ് ഇവർ പറയുന്നത്. പക്ഷേ ഇത്തരം വാദങ്ങൾ തീർത്തും അശാസ്ത്രീയമാണ്. ആരെയും കെട്ടിപ്പിടിക്കാനില്ലാത്ത കാലത്ത് ഒരു ഓമന മൃഗത്തെ താലോലിച്ചാൽ നിങ്ങൾക്ക് സന്തോഷം കിട്ടും. പക്ഷേ അതുകൊണ്ട് അസുഖം മാറുമെന്ന് പറയുന്നതൊക്കെ ശുദ്ധ അന്ധവിശ്വാസമാണ്.

പശുവിനെപ്പോലെ ജീവിക്കുന്നവർ

പശുവിനോടും വളർത്ത്മൃഗങ്ങളോടുമൊക്കെ സ്നേഹം ആവാം. പക്ഷേ തന്മയീഭാവവും ഓവർ കെയറിങ്ങും ശരിക്കും ഒരു മനോരോഗം തന്നെയാണ്. പശുവിനെപ്പോലെ നാലുകാലിൽ നടന്ന് വൈക്കോൽ തിന്ന് ജീവിക്കുന്ന മനുഷ്യരുണ്ട് ഈ ലോകത്തിൽ. ബോആന്ത്രോപ്പി എന്ന മാനസിക വൈകല്യമാണ് അത്. നായയെപ്പോലെ ജീവിക്കുന്നവരും ഈ ലോകത്ത് ഉണ്ട്. മുനഷ്യന് സ്വയം മൃഗമായി തോന്നുന്നതാണ് സൊആന്ത്രോപ്പി. പശുവിനെ കെട്ടിപ്പിടിക്കലൊക്കെ ഇതൊക്കെ എത്രയാ ചെറിയ ഐറ്റങ്ങളാണ്.

എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്‌ബുക്കൽ ഇങ്ങനെ കുറിക്കുന്നു. 'ബോആന്ത്രോപ്പി എന്നു കേട്ടിട്ടുണ്ടോ? ഒരു മനുഷ്യൻ താൻ ശരിക്കും ഒരു പശുവോ, കാളയോ ആണ് എന്ന് വിശ്വസിക്കുന്ന ഒരു മാനസിക വൈകല്യമാണ് അത്. പൊതുവേ മൃഗമായി തോന്നുന്നതിനെ സൊആന്ത്രോപ്പി എന്നു പറയും. ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസ് നായയെപോലെയാണ് ജീവിച്ചിരുന്നത് എന്നാണ് പ്രസിദ്ധി.

പഴയ നിയമത്തിൽ നെബുക്നാസർ കാളയെപ്പോലെ പുല്ലു തിന്നു നടന്നതായി പറയുന്നുണ്ട്. (ദാനിയേൽ 4:33) 'അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു''. മൃഗങ്ങളെ അനുകരിച്ചു ജീവിക്കുന്ന, നായ്ക്കളെപോലെ നിലത്തുനിന്നു ഭക്ഷണം നക്കിത്തിന്നു ജീവിക്കുന്നവരേയും, കാളയെപോലെ രണ്ടു കൊമ്പും, വാലുമൊക്കെ വച്ചുകെട്ടി ചാണകം തിന്ന് കന്നുകാലികളുടെ കൂട്ടത്തിൽ ജീവിക്കുന്നവരുമായ താപസരെക്കുറിച്ച് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിൽ കാണാം. (മജ്ജിമ നികായ: 57- കുക്കുരവാടിക സുത്ത) ബുദ്ധനും ഇതുപോലെ കുറേകാലം നടന്നിരുന്നതായി ബുദ്ധൻ തന്നെ പറയുന്നുണ്ട്.

എന്തായാലും ബോധോദയം വന്നപ്പോൾ ബുദ്ധന് ഇവരെ വലിയ മതിപ്പില്ലാതായി. നായയെയും, കാളയെയും പോലൊക്കെ ജീവിച്ചാൽ കൂടിപ്പോയാൽ അടുത്ത ജന്മത്തിലും നായയും, കാളയുമാകാം. അതിൽ കൂടുതൽ നേട്ടമൊന്നും ഉണ്ടാകില്ല. എന്നാൽ അതിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ പിന്നെ നരകത്തിലായിപ്പോകും എന്ന് ബുദ്ധൻ. (ഇത് അന്ധവിശ്വാസമാണ്, ഈ രീതി ഒരു ഫലവും തരില്ല എന്നല്ല ബുദ്ധൻ പറയുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം (നിർവ്വാണം) കിട്ടില്ല, ചിലപ്പോൾ മോശമായ എന്തെങ്കിലും ഫലം പോലും ഉണ്ടായേക്കാം എന്നുമാണ്.ഒരാൾ നായയെപ്പോലെ വേഷം കെട്ടി ജീവിക്കുന്ന ഒരു വാർത്ത ഈയിടെ പത്രത്തിൽ കണ്ടിരുന്നു.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മൃഗമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ

മൃഗമായി സ്വയം തോന്നുന്നതിനെ സൊആന്ത്രോപ്പി എന്നുപറയുന്ന മാനസിക വൈകല്യം. കഴിഞ്ഞവർഷം ടോക്കിയോയിൽ നിന്ന് ഇതുപോലെ ഒരു വാർത്ത പുറത്തുവന്നിരുന്നു. സ്വയം ഒരു നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ടോക്കോ എന്ന യൂട്യൂബറാണ് വാർത്തകളിൽ ഇടം നേടിയത്. എന്നാലിപ്പോൾ, അതിന്റെ പേരിൽ തന്റെ സുഹൃത്തുക്കൾ തന്നെ വിചിത്രമായ ഒരാളായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി.

https://www.firstpost.com/world/man-from-japan-spends-rs-12-lakh-to-look-like-a-dog-shares-photos-and-videos-10721321.html

വളരെ ചെറുപ്പത്തിൽ തന്നെ ഒരു മൃഗമാകണം എന്നതായിരുന്നു ടോക്കോയുടെ ആ?ഗഹം. ഇതിനായാണ് അയാൾ ഇത്രയും ലക്ഷങ്ങൾ മുടക്കി നായയുടെ കോസ്റ്റ്യൂം വാങ്ങിയത്. മാസത്തിൽ പല തവണ ടോക്കോ ആ കോസ്റ്റ്യൂം ധരിക്കും. എന്നിട്ട് നായയെ പോലെ പെരുമാറുന്ന വീഡിയോകൾ യൂട്യൂബിൽ അപ്പ് ചെയ്യും. അതിൽ നായ എങ്ങനെ ഇരിക്കും, ഭക്ഷണം കഴിക്കും, എങ്ങനെ പെരുമാറും എന്നതെല്ലാം പെടുന്നു.എന്നാൽ, തന്റെ സുഹൃത്തുക്കളോട് താൻ തന്റെയീ ആഗഹത്തെ കുറിച്ചും മറ്റും വളരെ അപൂർവമായേ സംസാരിക്കാറുള്ളൂ എന്നാണ് ടോക്കോ പറയുന്നത്. ഇല്ലെങ്കിൽ അവർ തന്നെ ഒരു വിചിത്ര സ്വഭാവക്കാരനായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി. തനിക്ക് നായയെ പോലെ പെരുമാറാൻ ഇഷ്ടമാണ്. നായയുടെ കോസ്റ്റ്യൂം ധരിക്കുമ്പോൾ താനൊരു പെറ്റാണ് എന്ന് തനിക്ക് തോന്നാറുണ്ട്. അത് തന്നെ സന്തോഷിപ്പിക്കുന്നു എന്നും ടോക്കോ പറയുന്നു.

ഇതുപോലെ നിരവധിപേർ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. അടിയന്തരമായി ചികിത്സ വേണ്ട മാനസിക വൈകല്യം തന്നെയാണിത്.