- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎൽഎ ബാലചന്ദ്രനെതിരെ തൃശൂർ സിപിഐയിൽ ഇപ്പോഴും അതൃപ്തി ശക്തം
തൃശ്ശൂർ: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി. ബാലചന്ദ്രൻ എംഎൽഎ.യുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പാർട്ടിയുടെ അച്ചടക്കനടപടി വരുമ്പോഴും സിപിഐയിലെ ഒരു വിഭാഗം അതൃപ്തിയിൽ. സാമൂഹിമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായി സി.പി ഐ. വിലയിരുത്തിയിരുന്നു. ബാലചന്ദ്രനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന അഭിപ്രായം ഇപ്പോഴും സജീവമാണ്. തൃശൂർ ലോക്‌സഭാ തിരിഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും എംഎൽഎയെ അകറ്റി നിർത്തണമെന്ന അഭിപ്രായം ഇപ്പോഴും സജീവമാണ്.
അച്ചടക്കനടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാൻ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. പോസ്റ്റ് പിൻവലിച്ച് എംഎൽഎ. ഖേദപ്രകടനം നടത്തിയെങ്കിലും പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട വ്യക്തിയും ജനപ്രതിനിധിയുമായ ആളുടെ ഭാഗത്തുനിന്ന് യോജിക്കാത്തവിധത്തിൽ പ്രവർത്തനമുണ്ടായതായി കണ്ടെത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി എസ്. പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എന്നിവരും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും പങ്കെടുത്തു. ഇതിൽ കെപി രാജേന്ദ്രന്റെ നിലപാടാണ് പരസ്യ ശാസനയിൽ കാര്യങ്ങളൊതുക്കിയത്.
തൃശൂർ ലോക്‌സഭയിൽ സിപിഐയ്ക്ക് വേണ്ടി വി എസ് സുനിൽകുമാർ മത്സരിക്കുമെന്നാണ് സൂചന. ബിജെപിക്കായി സുരേഷ് ഗോപിയും കോൺഗ്രസിനായി സിറ്റിങ് എംപി ടിഎൻ പ്രതാപനും. ഈ സാഹചര്യത്തിൽ വേണ്ട കരുതൽ എംഎൽഎയുടെ ഭാഗത്തുണ്ടായില്ല. സുനിൽകുമാറിന്റെ വിജയ സാധ്യതകളെ പോലും പ്രതികൂലമായി പോസ്റ്റ് ബാധിച്ചു. അതുകൊണ്ട് തന്നെ കൂടുതൽ കടുത്ത നടപടികൾ വേണമെന്ന അഭിപ്രായം സിപിഐയിൽ ശക്തമാണ്. എന്നാൽ കാനം രാജേന്ദ്രനൊപ്പം നിന്നവർ അദ്ദേഹത്തിന്റെ മരണ ശേഷവും അതിശക്തരാണ്. ഇതുകൊണ്ടാണ് നടപടി ചുരുങ്ങിയത്. ഇതിൽ സുനിൽകുമാർ പക്ഷം തീർത്തും അതൃപ്തിയിലാണ്. പരസ്യ ശാസനയ്ക്ക് അപ്പുറം നടപടി വേണമെന്നതാണ് ഇവരുടെ ആവശ്യം.
തൃശൂരിൽ ബാലചന്ദ്രനെ പ്രചരണത്തിൽ സജീവമാക്കുന്നതിനോടും അവർക്ക് താൽപ്പര്യമില്ല. ബിജെപി അയോധ്യ ചർച്ചയാക്കുമ്പോൾ രാമനെ അധിക്ഷേപിച്ച എംഎൽഎയുടെ പോസ്റ്റ് ഗുരുതര പ്രത്യാഘാതമായി മാറുമെന്നും സിപിഐയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാർട്ടിയാണ് സി.പിഐ. എന്നും വിഷയത്തിൽ നേരത്തേ പാർട്ടി ഖേദപ്രകടനം നടത്തിയിരുന്നതായും കെ.കെ. വത്സരാജ് വിശദീകരിച്ചിട്ടുണ്ട്. ഇതൊന്നും വിഷയത്തെ ഇല്ലായ്മ ചെയ്യില്ലെന്നാണ് വിലയിരുത്തൽ.
ഫേസ്‌ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിന്റെ പേരിൽ ആരും വിഷമിക്കരുതെന്നും എംഎൽഎ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.' പി. ബാലചന്ദ്രന്റെ പോസ്റ്റ് ഇത്തരത്തിലായിരുന്നു.
ബാലചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരേ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി ബിജെപി രംഗത്തു വന്നിരുന്നു. പി.ബാലചന്ദ്രൻ രാജിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ ആവശ്യപ്പെട്ടു. പി. ബാലചന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടണമെന്നും അനീഷ് കുമാർ പറഞ്ഞു. രാജി ആവശ്യമുന്നയിച്ച് പി. ബാലചന്ദ്രന്റെ പാർട്ടി ഓഫീസിലേക്ക് മാർച്ചു ഇന്ന് വൈകിട്ട് മാർച്ച നടത്തും. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് പി ബാലചന്ദ്രൻ പോസ്റ്റ് ചെയ്തത്. രാമായണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ചു കൊണ്ട് മോശമായി ചിത്രീകരിച്ചു പി ബാലചന്ദ്രനെതിരെ സ്പീക്കർക്കും, കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
രാമായണവുമായി ബന്ധപ്പെട്ട് തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്, ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നതോടെ പി .ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചു.രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്.
'രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയാണ് ബാലചന്ദ്രന്റെ പോസ്റ്റിലെ വാചകങ്ങൾ.