- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം ലോക്കൽ കമ്മിറ്റിംയംഗം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് ഒടിച്ചു
വൈക്കം: സിപിഎം ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച് വാരിയെല്ല് ഒടിച്ച സംഭവത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ചേരുന്ന തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി ചർച്ചചെയ്യും. മറവൻതുരുത്ത് ചിറേക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവട്ടം എടാട്ട് എ.പി.സനീഷിനെ (46) മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കുംതറ വീട്ടിൽ ആർ.രതീഷ് മർദിച്ച് വാരിയെല്ല് ഒടിച്ചുവെന്നാണ് പരാതി. മദ്യത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
മർദ്ദനമേറ്റ സനീഷ് പൊലീസിൽ പരാതി നൽകുന്നതിന് മുമ്പ് രതീഷിനെതിരേ മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ കഴിഞ്ഞ ഡിസംബർ അഞ്ചിന് പരാതി നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. ഡിസംബർ 17-ന് സനീഷിൽനിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രതീഷിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിലനിർത്തി മറ്റ് പദവികളിൽനിന്ന് മാറ്റിനിർത്താനും സനീഷിന് ചികിത്സാച്ചെലവ് ഉൾപ്പെടെ രതീഷ് നൽകണമെന്നും അന്വേഷണ കമ്മിഷൻ നിർദേശിച്ചു.
ഭൂരിഭാഗം പ്രവർത്തകരും നിർദേശത്തെ അനുകൂലിച്ചെങ്കിലും പാർട്ടിയിലെ ഉന്നത ഇടപെടലിനെ തുടർന്ന് നടപടി ഉണ്ടായില്ല. പാർട്ടിയിൽനിന്ന് നീതിലഭിക്കാതെ വന്നപ്പോഴാണ് ജനുവരി 13-ന് സനീഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെയാണ് ശനിയാഴ്ച ഏരിയ കമ്മിറ്റി ചേരുന്നത്.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതുകൊണ്ട് പരാതി ആ പൊലീസ് സ്റ്റേഷനിലേക്ക് തലയോലപ്പറമ്പ് പൊലീസ് കൈമാറി. സനീഷിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും അടുത്തദിവസം നേരിട്ട് എത്താനും നിർദേശിച്ചതായി മണ്ണഞ്ചേരി പൊലീസ് പറഞ്ഞു. ഒക്ടോബർ 14-ന് ആലപ്പുഴ കലവൂരിൽ രതീഷിന്റെ ഭാര്യവീട്ടിലെ ചടങ്ങിന് ഡ്രൈവറായി പോയപ്പോൾ മർദനമേറ്റതായാണ് സനീഷിന്റെ പരാതി.
ചടങ്ങിനെത്തിയവർക്ക് ലോഡ്ജിൽ രതീഷ് മുറിയെടുത്തുനൽകിയിരുന്നു. മറവൻതുരുത്തിലെ സിപിഎം. പഞ്ചായത്തംഗത്തിനും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം മുറിയിലിരിക്കുമ്പോൾ രതീഷ് എത്തി ആക്രമിക്കുകയായിരുന്നെന്ന് സനീഷ് പറയുന്നു. മദ്യം ഇരിക്കുന്ന വാഹനത്തിന്റെ താക്കോൽ ഒളിപ്പിച്ചെന്നുപറഞ്ഞ് അടിച്ചുവീഴ്ത്തി വാരിയെല്ല് ചവിട്ടിയൊടിച്ചു. പഞ്ചായത്തംഗവും പാർട്ടിക്കാരായ സുഹൃത്തുക്കളും സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി. അതിനാൽ അന്ന് പരാതി നൽകിയില്ല. പിന്നീട് ഇവർ തിരിഞ്ഞുനോക്കിയില്ലെന്നും സനീഷ് പറയുന്നു.