കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ എത്തി കീഴടങ്ങി. ടി.പി. വധക്കേസിൽ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങിയത്. ഈ മാസം 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പെടെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഇന്ന് കോടതിയിൽ കീഴടങ്ങിയത്.

രോഗബാധിതനായ ജ്യോതി ബാബു ആംബുലൻസിലെത്തിയാണ് കോടതിയിൽ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. പ്രതികൾ കീഴടങ്ങാൻ എത്തിയപ്പോൾ സിപിഎം നേതാക്കളുമുണ്ടായിരുന്നു.

കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗമായിരുന്നു കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിൻ മുൻ അംഗമാണ് ജ്യോതിബാബു. 12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സിപിഎം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎ‍ൽഎ. നൽകീയ അപ്പീലുമായിരുന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട 2 പേരടക്കം 8 പേർക്കു കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു. 10ാം പ്രതി കെ.കെ.കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരാണു കുറ്റക്കാരുടെ ഗണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ കൃഷ്ണന്റെ പങ്കാളിത്തം വിലയിരുത്തുന്നതിൽ ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ സാക്ഷിമൊഴി നിർണായകമായി.

'ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ചുകിടത്തണമെന്നും ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ റോഡിൽ തെറിക്കുന്നതു കാണേണ്ടി വരു'മെന്നും കൃഷ്ണൻ പ്രസംഗിച്ചതു കേട്ടതായി സാക്ഷിയായ അച്യുതൻ മൊഴി നൽകിയിരുന്നു. തന്റെ ഭർത്താവ് ഈ പ്രസംഗത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതായി രമയും മൊഴി നൽകി. സിപിഎം തന്നെ എന്തെങ്കിലും ചെയ്യുന്നെങ്കിൽ കെ.സി.രാമചന്ദ്രൻ, സി.എച്ച്.അശോകൻ, കെ.കെ.കൃഷ്ണൻ, പി.മോഹനൻ എന്നിവർ അറിയാതെയാകില്ലെന്നു കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ടി.പി. പറഞ്ഞതായും രമ മൊഴി നൽകി.

സാക്ഷിമൊഴികളും ഫോൺ കോൾ ഡേറ്റ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളുമാണു ജ്യോതി ബാബുവിനു വിനയായത്. കൊലയ്ക്കു മുന്നോടിയായി 2012 ഏപ്രിൽ 10നു ചൊക്ലിയിലെ സമീറ ക്വാർട്ടേഴ്‌സിൽ ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി, എട്ടാം പ്രതി കെ.സി.രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജൻ എന്നിവർക്കൊപ്പം ജ്യോതി ബാബു ഒത്തുകൂടിയതായി സാക്ഷിമൊഴികളുണ്ട്. സിപിഎം പ്രവർത്തകരല്ലാത്ത അനൂപും കൊടി സുനിയും ഈ കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടതു ഗൂഢാലോചനയിലെ പങ്കിന്റെ സൂചനയാണ്.

സിപിഎം നേതാക്കളായ കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജൻ, ജ്യോതി ബാബു, പി.കെ.കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 2012 ഏപ്രിൽ രണ്ടിനും 20നുമിടയ്ക്ക് 32 ഫോൺ കോളുകളുണ്ട്.