കോഴിക്കോട്: സാമ്പത്തിക ശാസ്ത്രത്തിൽ ഗ്രഷാംസ് ലോ എന്ന ഒരു പരികൽപ്പനയുണ്ട്. ഒരു നാട്ടിൽ നല്ല നാണയങ്ങളും, കള്ളനാണയങ്ങളും ഒരുപോലെ പ്രചരിച്ചാൽ, ക്രമേണേ നല്ല നാണയങ്ങൾ ഇല്ലാതാവുകയും, കണ്ണനാണയങ്ങൾ നിറയുമെന്നുമാണ് ആ തിയറി പറയുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ സിപിഎമ്മിൽ അത് സത്യമായിരിക്കയാണ്. പാർട്ടിയുടെ പേരിൽ ക്വട്ടേഷൻ സംഘങ്ങൾ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്നത് പതിവായതോടെ, പൊതുയോഗം വിൽച്ച് പരസ്യമായി പ്രതികരിക്കേണ്ട ഗതികേടാണ് സിപിഎം നേതൃത്വത്തിന് വന്നുചേർന്നത്.

സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തതും, ഞെട്ടിപ്പിക്കുന്നതുമായിരുന്നു കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം. ക്രിമിനൽസംഘങ്ങൾ പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കി തിങ്കളാഴ്ച രാത്രി ചുങ്കത്ത് സിപിഎം. താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയാണ് രാഷ്ട്രീയവിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്.

ചോദിക്കുന്നത് 25ലക്ഷം വരെ

പ്രെടോൾ പമ്പ് ഉടമകളിൽ നിന്നും ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും 5 ലക്ഷം മുതൽ 25 ലക്ഷംവരെ ചോദിക്കുന്നതായി പാർട്ടി നേതാക്കാൾ പരസ്യമായി പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തിൽ നിലം മണ്ണിട്ടുനികത്തൽ, വൻകിട ഭൂമിയിടപാടുകൾ, മണ്ണ്-കല്ല് ഖനനം, കെട്ടിടസമുച്ചയനിർമ്മാണങ്ങൾ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലെത്തി സ്ഥലമുടമകളെയും ഗുണഭോക്താക്കളെയും തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ക്രിമിനൽസംഘങ്ങളുടെ പണംതട്ടൽ.

സാങ്കേതിക പ്രതിബന്ധങ്ങളുള്ള നിർമ്മാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലെത്തി 'കാര്യം നടക്കാനുള്ള കമ്മിഷൻ' ഇനത്തിലാണ് അഞ്ചുമുതൽ 25 ലക്ഷം രൂപവരെ ക്വട്ടേഷൻസംഘം ആവശ്യപ്പെടുന്നത്. തുക ലഭിച്ചില്ലെങ്കിൽ പാർട്ടിഭാരവാഹികളുടെ നേതൃത്വത്തിൽ അടുത്തദിവസങ്ങളിലെത്തി പ്രതിഷേധിക്കുമെന്നറിയിക്കും. എന്നിട്ടും വഴങ്ങാത്തവർക്കുനേരെ അക്രമ, വധഭീഷണിയാണ് ഒടുവിലുണ്ടാവുക.

ചുങ്കത്തെ ഭൂമിവിൽപ്പനയുമായും ബാലുശ്ശേരിറോഡിലെ ഒരു പെട്രോൾപമ്പിൽ മണ്ണുനികത്തലുമായും ബന്ധപ്പെട്ടും പാർട്ടിയുടെ പേരിൽ ഇത്തരം സംഘങ്ങൾ പണപ്പിരിവിന് ശ്രമിച്ചതോടെയാണ് ജില്ലാകമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം പ്രാദേശികനേതൃത്വം പ്രതിരോധവുമായി രംഗത്തെത്തിയത്.

താമരശ്ശേരി മലബാർ പ്രൊഡ്യൂസ് ആൻഡ് റബ്ബർ കമ്പനി ലിമിറ്റഡ് ഡയറക്ടറായ കോഴിക്കോട് സ്വദേശിയെ ഒരുസംഘം കാർതടഞ്ഞ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ താമരശ്ശേരി പൊലീസ് റഫീഖ്, ഫിർദൗസ്, ജിഷ്ണു എന്നിവരുടെപേരിൽ കേസെടുത്തിരുന്നു. കോരങ്ങാട് എരഞ്ഞോണ വീട്ടിൽ അബ്ദുൾകരീമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് കുറ്റാരോപിതർ ഉൾപ്പെട്ട സംഘമാണ് ഭീഷണിക്കേസിൽ അന്ന് പ്രതിസ്ഥാനത്തായത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചുങ്കത്തെ ഭൂമിവിൽപ്പന നടത്താനൊരുങ്ങിയപ്പോൾ അതിനെതിരേ ഭൂരേഖകളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഇതേസംഘം ബോർഡ് സ്ഥാപിച്ചിരുന്നു. ഇവർ പ്ലാന്റേഷൻ ഉടമയോടും വാങ്ങാനെത്തിയവരോടും ആദ്യം 25 ലക്ഷവും പിന്നീട് അഞ്ചുലക്ഷവും വീതം ചോദിക്കുകയും തുകനൽകിയില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതായി പരാതിക്കാരൻ പിന്നീട് പൊലീസിനെ അറിയിച്ചു.

ഇതിനിടെയാണ് പ്രദേശത്തെ കുടിവെള്ളസുരക്ഷയുടെ പേരുപറഞ്ഞ് പെട്രോൾപമ്പിൽനിന്ന് മറ്റൊരു സംഘം പണം പിരിച്ചെടുക്കാൻ നടത്തിയ ശ്രമം പുറത്തായത്. പ്ലാന്റേഷൻ ഉടമ വിഷയം നേരിട്ട് സിപിഎം. ജില്ലാസെക്രട്ടറി പി. മോഹനന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ്, നേതൃത്വം ഇടപെട്ടത്. ഗുണ്ടാപ്പിരിവ് വിവാദത്തിൽ പാർട്ടിപ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്നും ക്വട്ടേഷൻസംഘങ്ങളുടെ നടപടികൾക്കെതിരേ ജനത്തെ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിശദീകരണപൊതുയോഗം സംഘടിപ്പിച്ചതെന്നും സിപിഎം. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ. ബാബു അറിയിച്ചു.

ഇവർ 'ക്ഷണിക്കപ്പെടാത്ത ഇടനിലക്കാർ'

ചുങ്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽസംഘങ്ങൾ താമരശ്ശേരി മേഖലയിലെ വൻകിട വസ്തു ഇടപാടുകളിലും നിർമ്മാണ, ഖനന പ്രവൃത്തികളിലും 'ക്ഷണിക്കപ്പെടാത്ത ഇടനിലക്കാർ' ആയി രംഗത്തെത്തുകയാണ്. തരംമാറ്റിയ വൻകിടഭൂമികൾ മുറിച്ചുവിൽക്കുമ്പോഴും വൻതോതിൽ ഖനനപ്രവൃത്തികൾ നടക്കുമ്പോഴുമെല്ലാം സ്വയം പൊതുപ്രവർത്തകർ ചമഞ്ഞ് രംഗത്തെത്തി പ്രതിഷേധിക്കുന്നതാണ് ഇത്തരക്കാരുടെ ആദ്യനടപടി. ഒടുവിൽ 'കാര്യം നടക്കാൻ പണംനൽകണം' എന്ന തരത്തിലേക്ക് ചർച്ചയെത്തിക്കും. ഒരു കൊലക്കേസ് പ്രതിയായ ക്വട്ടേഷൻ സംഘാംഗമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

അതിനിടെ, പണപ്പിരിവ് വിഷയത്തിൽ സിപിഎം. താമരശ്ശേരി നോർത്ത് ലോക്കൽകമ്മിറ്റി താമരശ്ശേരിയിൽ നടത്തിയ രാഷ്ട്രീയവിശദീകരണ പൊതുയോഗം ജില്ലാകമ്മിറ്റിയംഗം ആർ.പി. ഭാസ്‌കരക്കുറുപ്പ് ഉദ്ഘാടനംചെയ്തു.ഒരാളുടെ സ്വത്ത് അയാൾക്ക് ഇഷ്ടാനുസരണം വിൽക്കുന്നതിനും വേറൊരാൾക്ക് വാങ്ങുന്നതിനും നിയമാനുസൃത പരിരരക്ഷയുള്ള നാട്ടിൽ, ക്രിമിനൽസംഘങ്ങൾ ക്രയവിക്രയങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള തെറ്റായ പ്രവണതകളെ സിപിഎം. ശക്തമായി എതിർക്കും.അക്രമിസംഘങ്ങളുടെ അന്യായമായ ഇത്തരം ഇടപെടലിന് വിധേയമാവേണ്ടിവരുന്നവരെ സംരക്ഷിക്കാൻ സിപിഎം. മുന്നോട്ടുവരും. ഇത്തരം വിഷയത്തിൽ പാർട്ടിയുടെ പൊതുസമീപനത്തിന്റെ ഭാഗമായാണ് താമരശ്ശേരിയിൽ രാഷ്ട്രീയവിശദീകരണ പൊതുയോഗം സംഘടിപ്പിച്ചതെന്ന് ഭാസ്‌ക്കരക്കുറപ്പ് പറഞ്ഞു. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുന്നുണ്ടെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. ''പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരെ സിപിഎമ്മിന്റെ മേൽവിലാസം ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തി പണംവാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുന്നുണ്ട്.''- മോഹനൻ പ്രതികരിച്ചു.

പക്ഷേ കാര്യങ്ങൾ ഈ നിലയിൽ എത്തിച്ചതിന് പിന്നിൽ, പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്നാണും വിമർശനമുണ്ട്. ഈ മേഖലയിലെ സിപിഎം നേതാക്കളുടെ ഒരു പതിവ് നമ്പർ ആയിരുന്നു, ഭീഷണിപ്പെടുത്തി പണം തട്ടൽ. ഹോട്ടലകളും, പെട്രോൾ പമ്പുകളും, വ്യവസായ സ്ഥാപനങ്ങളുമൊക്കെ കൊടികുത്തി പൂട്ടിക്കുമെന്ന് പറഞ്ഞ് ഇവർ നേരത്തെ വൻ തുക വാങ്ങിയിരുന്നു. ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരായിനിന്ന് ലക്ഷങ്ങൾ തട്ടിയവരുമുണ്ട്. ഇത് സിപിഎം നേതാക്കളുടെ പതിവ് രീതിയായതുകൊണ്ടാണ് ജനം വിശ്വസിച്ചത്. മാത്രമല്ല ഇത്തരം സംഘങ്ങളുമായി ബന്ധമുള്ള പലരും ഇപ്പോഴും പാർട്ടിയിലുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കുക കുടി ചെയ്താലേ, ഇത്തരം സംഘങ്ങളെ ഒതുക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം.