- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിപ്പോർട്ടറിനും മീഡിയാവണ്ണിനുമെതിരെ സിപിഎം
കോഴിക്കോട്: മലബാർ രാഷ്ട്രീയത്തിൽ എന്നും വിവാദ ഭൂമികയാണ് നാദാപുരം. നിരവധി രാഷ്ട്രീയ - സാമുദായിക സംഘർഷങ്ങൾക്കും വേദിയായ ഇവിടം സിപിഎമ്മും മുസ്ലിം ലീഗുമാണ് കാലങ്ങളായി മുഖാമുഖം നിൽക്കാറുള്ളത്. അതുകൊണ്ടുതന്നെ നാദാപുരത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുമ്പോൾ അത് എക്കാലവും വിവാദമാകാറുണ്ട്. അതുപോലെ ഒരു വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റിപ്പോർട്ടർ ചാനലിനെ അവതാരക സ്മൃതി പരുത്തിക്കാടും, മീഡിയാവണ്ണിലെ സി ദാവൂദും, 1957-ൽ പ്രഥമ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്പാർട്ടിയും സി.എച്ച്.കണാരനും സാമുദായികപ്രചാരണം നടത്തിയെന്ന് ആരോപിച്ചതാണ് വിവാദമായത്. ഇതിനെതിരെ എഴുത്തുകാരനും സിപിഎം സൈദ്ധാന്തികനും, കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ രംഗത്തെത്തി. ദാവൂദും സ്മൃതിയും പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിൽ ചരിത്രബോധമില്ലാത്ത വിവരദോഷികൾ തട്ടിവിടുന്ന ബഡായികളെ ഏറ്റുപിടിച്ച് ജനമനസ്സുകളിൽ സ്വാധീനമുറപ്പിച്ച നേതാക്കളെ അപമാനിക്കാനും കമ്യൂണിസ്റ്റുകാർക്കെതിരായി തെറ്റായ നറേഷനുകൾ സൃഷ്ടിക്കാനുമുള്ള ദാവൂദിന്റെയും സ്മൃതിയുടെയും വൃത്തികെട്ട കളികൾ ചോദ്യംചെയ്യപ്പെടുമെന്ന് കുഞ്ഞിക്കണ്ണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഹിന്ദുക്കളും മുസ്ലീങ്ങളുമായ പാവപ്പെട്ട കർഷകരുടെയും പറമ്പിൽ പണിയെടുക്കുന്നവരുടെയും നേതാവെന്ന നിലയിലുള്ള സ്വാധീനവും പിന്തുണയുമാണ് സി.എച്ച്.കണാരനെ വൻഭൂരിപക്ഷത്തിന് വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിയ്യ ധ്രുവീകരണം കെട്ടുകഥ
കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്‌ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ദാവൂദും സ്മൃതിയും പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. മീഡിയാവണിലെ സി.ദാവൂദും റിപ്പോർട്ടറിലെ സ്മൃതിപരുത്തിക്കാടും സി.എച്ച്.കണാരനെതിരായി നടത്തിയ ചരിത്രവിരുദ്ധവും വസ്തുതകളുമായി ബന്ധമില്ലാത്തതുമായ നുണപ്രചരണങ്ങൾ പിൻവലിച്ച് അതേ ചാനലുകളിലൂടെ കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. എന്ത് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്, 1957-ൽ പ്രഥമ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്പാർട്ടിയും സഖാവ് സി.എച്ച്.കണാരനും സാമുദായികപ്രചരണം നടത്തിയെന്ന് ദാവൂദും സ്മൃതിപരുത്തിക്കാടും ആരോപിക്കുന്നത്? ചരിത്രത്തിന്റെയും വസ്തുതകളുടെയും ഒരു തെളിവുമില്ലാത്ത കാര്യങ്ങൾ ചിരസമ്മതസത്യമെന്നപോലെ തട്ടിവിടാൻ ദാവൂദിനും സ്മൃതിക്കും ആരാണ് ധൈര്യം നൽകിയത്? തങ്ങൾ എതിരാളികളായി കാണുന്നവർക്കെതിരെ എന്തും വിളിച്ചുപറയാമെന്നതാണോ ഇവരെപോലുള്ളവർ മനസ്സിലാക്കിയിരിക്കുന്ന മാധ്യമധാർമ്മികത?
നവോത്ഥാനത്തിന്റെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കർഷകസമരമുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളർന്നുവന്ന ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരെ ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപമാനിക്കാൻ ദാവൂദിനും സ്മൃതിക്കും ആരാണധികാരം നൽകിയത്? വസ്തുതകളുടെയും വിവരങ്ങളുടെയും എന്തടിസ്ഥാനമാണ്, 1957-ലെ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് സി.എച്ച്.കണാരനെ ജയിപ്പിക്കാൻ തിയ്യ ധ്രുവീകരണമുണ്ടാക്കിയെന്ന തങ്ങളുടെ വാദത്തിനുള്ളതെന്ന് ഇവർ വ്യക്തമാക്കണം.
സാമൂഹ്യമാധ്യമങ്ങളിൽ ചരിത്രബോധമില്ലാത്ത വിവരദോഷികൾ തട്ടിവിടുന്ന ബഡായികളെ ഏറ്റുപിടിച്ച് ജനമനസ്സുകളിൽ സ്വാധീനമുറപ്പിച്ച നേതാക്കളെ അപമാനിക്കാനും കമ്യൂണിസ്റ്റുകാർക്കെതിരായി തെറ്റായ നറേഷനുകൾ സൃഷ്ടിക്കാനുമുള്ള ദാവൂദിന്റെയും സ്മൃതിയുടെയും വൃത്തികെട്ട കളികൾ ചോദ്യംചെയ്യപ്പെടാതെ പോകരുത്. ചരിത്രത്തിന്റെ അസന്ദിഗ്ധമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ അത്തരം ഒതളങ്ങ വർത്തമാനങ്ങൾ ചോദ്യംചെയ്യപ്പെടുകയും തുറന്നുകാട്ടപ്പെടുകയും വേണം.
കമ്യൂണിസ്റ്റുകാർക്കും അതിന്റെ നേതാക്കന്മാർക്കുമെതിരെ എന്തു നുണയും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാവാം ഒരു പക്ഷെ ദാവൂദും സ്മൃതിയും. അത്തരം നുണയൻസമൂഹത്തിന്റെ പ്രതിനിധികളോട് മാധ്യമധർമ്മത്തെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
1957-ൽ കമ്യൂണിസ്റ്റ്പാർട്ടി കോൺഗ്രസിന്റെ അധികാരകുത്തകയ്ക്കും അവർ മുന്നോട്ടുവെക്കുന്ന വികസനപാതക്കുമെതിരായ ഒരു ബദൽ വികസനനയം മുന്നോട്ടുവച്ചാണ് മത്സരിച്ചത്. 1956-ലെ കമ്യൂണിസ്റ്റുപാർട്ടിയുടെ തൃശൂർ സമ്മേളനം അംഗീകരിച്ച കേരളവികസനരേഖയുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാർ ജനങ്ങളോട് വോട്ടുചോദിച്ചത്. ഭൂപരിഷ്‌കരണവും സാർവ്വത്രികവിദ്യാഭ്യാസവും ജനജീവിതം മെച്ചപ്പെടുത്താനുള്ള അടിസ്ഥാനസൗകര്യവികസനവുമൊക്കയാണ് സി.എച്ച്.കണാരൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്പാർട്ടി സ്ഥാനാർത്ഥികൾ പ്രചാരണവിഷയമാക്കിയത്. മാത്രവുമല്ല മലബാറിന്റെ പിന്നോക്കാവസ്ഥയും മുസ്ലിം ജനതക്കെതിരായ ബ്രിട്ടീഷ് ഗവൺമെന്റ് തുടങ്ങിവെച്ച വിവേചനപരമായ നിയമങ്ങളും ഭരണനടപടികളും അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ പ്രചരണം നടത്തി.
നാദാപുരത്തും ഈ ദിശയിലാണ് 1957-ലെ പ്രചരണങ്ങൾ നീങ്ങിയത്. നാദാപുരത്തെ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ സി.എച്ച്.കണാരനെ തോൽപിക്കാൻ മുന്നിട്ടിറങ്ങിയത് അവിടുത്തെ ഭൂപ്രമാണിമാരായിരുന്നു. അതിൽ പ്രധാനം വളയത്തെ ഹിന്ദു ജന്മിമാരായിരുന്നു. മുത്തങ്ങച്ചാൽ മലയിലെ കർഷകരുടെ കൈവശഭൂമി തട്ടിയെടുത്ത ഭൂവുടമകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കമ്യൂണിസ്റ്റുകാരെ എല്ലാതരത്തിലും തകർക്കാനുള്ള നീക്കമാണ് ജന്മിവർഗങ്ങൾ നടത്തിയത്. സി.എച്ച്.കണാരന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ വി.കെ.കുഞ്ഞമ്മദ്ഹാജിക്ക് ഹിന്ദു-മുസ്ലിം ഭൂപ്രമാണിമാരുടെ പിന്തുണ ഒരേപോലെ കിട്ടിയിരുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളുമായ പാവപ്പെട്ട കർഷകരുടെയും പറമ്പിൽ പണിയെടുക്കുന്നവരുടെയും നേതാവെന്ന നിലയിലുള്ള സ്വാധീനവും പിന്തുണയുമാണ് സി.എച്ച്.കണാരനെ വൻഭൂരിപക്ഷത്തിന് വിജയത്തിലെത്തിച്ചത്. 1957-ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും കമ്യൂണിസ്റ്റ്പാർട്ടിയും ചില മണ്ഡലങ്ങളിൽ പരസ്പരം സഹായിച്ചിരുന്നുവെന്നതും ഒരു ചരിത്രവസ്തുതയാണ്. താനൂർ, കൊടുവള്ളി തുടങ്ങിയ തങ്ങൾക്ക് സ്ഥാനാർത്ഥികളില്ലാത്ത മണ്ഡലങ്ങളിൽ കമ്യൂണിസ്റ്റ്പാർട്ടി ലീഗ് സ്ഥാനാർത്ഥികളെയാണ് പിന്തുണച്ചത്. സംസ്ഥാനത്തൊട്ടാകെ കോൺഗ്രസിനൊപ്പം നിന്ന കത്തോലിക്കസഭ തൊട്ടുള്ള ജാതിമതസാമുദായിക ഗ്രൂപ്പുകളും കക്ഷികളും നീചമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ആ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റുകാർ ദൈവവിശ്വാസമില്ലാത്തവരാണെന്നും അവർ അധികാരത്തിൽവന്നാൽ പള്ളികളും അമ്പലങ്ങളും ചുട്ടെരിക്കുമെന്നും അക്കാലത്ത് വ്യാപകമായി പ്രചാരണം നടന്നിരുന്നു.
കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണവും കമ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവും നടത്തിയ മുസ്ലിംലീഗ് നേതാവ് ബാഫക്കിതങ്ങൾതന്നെ കമ്യൂണിസ്റ്റ്പാർട്ടി അധികാരത്തിൽവന്നശേഷം തന്റെ നേരത്തെയുള്ള നിലപാട് തിരുത്തി പ്രസ്താവനയിറക്കിയിട്ടുണ്ടെന്നതും ചരിത്രമാണ്. മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷം നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ഇ.എം.എസ് സർക്കാരിന്റെ നടപടികളെ അഭിനന്ദിച്ച് ബാഫക്കി തങ്ങൾ നടത്തിയ പ്രസ്താവന; "കേരളത്തിൽ മലബാറിന്റെ പിന്നോക്കാവസ്തയെ മന്ത്രിസഭ മനസ്സിലാക്കി അംഗീകരിച്ചുകാണുന്നതിൽ സന്തോഷമുണ്ട്. മലബാറിന്റെ അവികസിത പ്രദേശങ്ങളിൽ വികസന പദ്ധതികൾ ആരംഭിച്ചുകാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്. വിദ്യാലയങ്ങളുടെ പ്രവേശനകാര്യത്തിലും മറ്റ് പിന്നോക്ക സമുദായക്കാരോടൊപ്പം അവർക്ക് അപര്യാപ്തമെങ്കിലും പബ്ലിക്ക് സർവ്വീസിലെ പ്രാതിനിധ്യത്തിലും ഖണ്ഡിതമായ തോത് നിർണയിച്ചതിന് മുസ്ലീങ്ങൾ ഗവൺമെന്റിനോട് നന്ദിയുള്ളവരാണ്."
ഇനി ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്ന് പരിശോധിച്ചുപോകാം. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സൈബർവിങ് നടത്തിയ വർഗീയ വിദ്വേഷ പ്രചരണങ്ങളെയും ലൈംഗികാധിക്ഷേപങ്ങളെയും സാധൂകരിക്കാനും ഇടതുപക്ഷക്കാരാണ് വർഗീയപ്രചരണം നടത്തിയതെന്ന് വരുത്തിതീർക്കാനും അതിന് ചരിത്രപരമായ അടിസ്ഥാനം സൃഷ്ടിക്കാനുമാണ് ദാവൂദും സ്മൃതിയും ശ്രമിച്ചത്. ഷാഫിപറമ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്ത അന്നുമുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യചെയ്യാനുള്ള പ്രചരണതന്ത്രങ്ങളാണ് യു.ഡി.എഫിന്റെ സൈബർവിങ് പയറ്റിനോക്കിയത്. അതുകൊണ്ടൊന്നും ടീച്ചറുടെ സ്വീകാര്യതയും വ്യക്തിത്വവും ജനങ്ങൾക്കിടയിൽ തകർക്കാനാവില്ലെന്ന് വന്നതോടെയാണ് വന്യമായ വർഗീയാവേശത്തോടെ ടീച്ചറെ മുസ്ലിം വിരുദ്ധയാക്കാനുള്ള ഫെയ്ക്ക് വീഡിയോകളും പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ചത്.
റിപ്പോർട്ടർ ചാനലിന്റെ അശ്വമേധം പരിപാടിയുടെ ഭാഗമായി ടീച്ചറുമായി നാദാപുരത്ത് വെച്ച് ഡോ.അരുൺകുമാർ നടത്തിയ സംഭാഷണത്തെ എഡിറ്റ് ചെയ്ത് ടീച്ചർ മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്ന് പറയുന്നതരത്തിലുള്ള വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് റിപ്പോർട്ടർ ചാനലിന്റെ തന്നെ ശ്രദ്ധയിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ കൊണ്ടുവരികയും ഡോ.അരുൺതന്നെ താനുമായുള്ള അഭിമുഖം തെറ്റായി എഡിറ്റുചെയ്ത വ്യാജ വീഡിയോ ആണ് യു.ഡി.എഫ് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നതെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജനങ്ങളെ അറിയിച്ചു. റിപ്പോർട്ടർ ചാനലും എൽ.ഡി.എഫ് വടകര മണ്ഡലം കമ്മറ്റിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ പേരിൽ കേസുകളെടുത്തു.
ഇതുകൊണ്ടൊന്നും ഷാഫിയുടെ സൈബർസംഘം ടീച്ചറെ മുസ്ലിം വിരുദ്ധയാക്കുന്നതിൽനിന്ന് പിന്മാറിയില്ല. കഴിഞ്ഞവർഷം കോഴിക്കോട് നടന്ന കൃഷ്ണപിള്ള സ്മൃതി സെമിനാറിൽ ടീച്ചർ നടത്തിയ സുദീർഘമായ ഒരു പ്രസംഗത്തെ എഡിറ്റു ചെയ്ത് ടീച്ചർ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചുവെന്ന രീതിയിൽ ഫെയ്ക്ക് വീഡിയോകൾ പ്രചരിപ്പിച്ചു. ഇത് ഫെയ്ക്ക് വീഡിയോയെന്നറിയാതെ നവാസ് മാന്നാനിയെപോലുള്ള പല ഇസ്ലാമിക പണ്ഡിതരും ടീച്ചർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. ടീച്ചറുടെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ അവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ പോസ്റ്റുകൾ പിൻവലിച്ചു തങ്ങൾക്കുപറ്റിയ തെറ്റ് ഏറ്റുപറഞ്ഞു.
എന്നിട്ടും നവാസ് മാന്നാനിയെപോലുള്ള പണ്ഡിതരുടെ പേരിൽ ഫെയ്ക്ക് പോസ്റ്ററുകളുണ്ടാക്കി യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. എന്തിന് ആദരണീയനായ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ പേരിൽ വ്യാജ ലെറ്റർഹെഡുണ്ടാക്കി പ്രചാരണം നടത്തി. മാതൃഭൂമി ഓൺലൈനിന്റെ പോസ്റ്റർ മാതൃകയുണ്ടാക്കി കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്ന് വ്യാപകമായ പ്രചരണം നടത്തി. മീഡിയാവണിന്റെ ഓൺലൈൻ പോസ്റ്റർ മാതൃകയുണ്ടാക്കി കാന്തപുരത്തിന്റെ പേരിൽ ടീച്ചറമ്മയല്ല ബോംബമ്മയാണെന്ന് ഫെയ്ക്ക് പോസ്റ്റർ പ്രചരിപ്പിച്ചു.
ഈയൊരു സാഹചര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ യു.ഡി.എഫ് നടത്തുന്ന വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കും ലൈംഗിക അധിക്ഷേപങ്ങൾക്കുമെതിരെ ശൈലജ ടീച്ചർ വടകരയിൽ പത്രസമ്മേളനം വിളിക്കുന്നതും മാധ്യമപ്രവർത്തകരോട് യു.ഡി.എഫ് കേന്ദ്രങ്ങൾ നടത്തുന്ന അധാർമ്മികവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധവുമായ പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ടീച്ചർ വളരെ വ്യക്തതയോടുകൂടി, ഒരു സംശയത്തിനുമിടനൽകാത്ത രീതിയിൽ ഫെയ്ക്ക് വീഡിയോകളും പോർണോ ചിത്രങ്ങളും തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത് (ടീച്ചറുടെ പത്രസമ്മേളനത്തിന്റെ വീഡിയോ പൂർണമായി സാമൂഹ്യമാധ്യമങ്ങളിലുണ്ട്).
ഈ പത്രസമ്മേളനത്തിനുശേഷം യു.ഡി.എഫ് പ്രൊഫൈലുകളിൽ ടീച്ചറെ നീചമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളുമാണ് നിറഞ്ഞത്. എവിടെ ടീച്ചറുടെ 'ഗ്രാനി സെക്‌സ്' തുടങ്ങി എന്തെല്ലാം വൃത്തികേടുകളാണ് വർഗീയ, അശ്ലീല സംസ്‌കാരത്തിന്റെ ഉന്മാദങ്ങളിൽ ഉറഞ്ഞുതുള്ളുന്ന സൈബർ ക്രിമിനലുകൾ തള്ളിവിട്ടത്. നമ്മുടെ പ്രബുദ്ധതയെയും സംസ്‌കാരത്തെയും അശ്ലീലകരമാക്കുന്ന യു.ഡി.എഫ് പ്രവർത്തകരുടെ സൈബർ ആക്രമണങ്ങളെ അപലപിക്കാനോ തടയാനോ ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ ഷാഫി പറമ്പിൽ തയ്യാറായില്ല എന്ന കുറ്റകരമായ കാര്യമാണ് ദാവൂദും സ്മൃതിയും ഉൾപ്പെടെയുള്ള മാധ്യമ ക്വട്ടേഷൻ പ്രചാരകർ മറച്ചുപിടിച്ച് ഇപ്പോൾ ഇരകളെതന്നെ അപരാധിയാക്കുന്ന തന്ത്രം പയറ്റുന്നത്.
വടകരയിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ടീച്ചറോട് യു.ഡി.എഫുകാർ പോർണോ വീഡിയോ എവിടെയെന്ന് ചോദിക്കുന്നുണ്ടല്ലോ, അങ്ങനെയൊന്നില്ലേ എന്ന ചോദ്യമുന്നയിച്ചപ്പോഴാണ് ടീച്ചർ വീഡിയോ ഉണ്ടെന്നല്ല പറഞ്ഞത് പോർണോ ചിത്രമുണ്ടെന്നാണ് പറഞ്ഞതെന്ന് മറുപടി നൽകിയത്. ഷാഫിക്കുവേണ്ടി പ്രചരണം നടത്തുന്ന ട്രോൾ റിപ്പബ്ലിക്-ടി.ആർ എന്ന ഇൻസ്റ്റ-എഫ്.ബി പേജുവഴിയാണ് പോർണോ ചിത്രത്തിൽ ടീച്ചറുടെ തലവെട്ടിയൊട്ടിച്ച് യു.ഡി.എഫുകാർ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ടീച്ചർ നൽകിയ പരാതിയിൽ യു.ഡി.എഫ് പ്രവർത്തകന്റെ പേരിൽ കേസെടുത്തിട്ടുമുണ്ട്.
മോദിസർക്കാരിനെതിരായി ഉന്നയിക്കേണ്ട എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളിൽനിന്നും ഒഴിഞ്ഞുമാറി യു.ഡി.എഫ് ക്യാമ്പുകൾ വർഗീയ പ്രചരണങ്ങളിലേക്ക് വടകരയിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. മതാരാധനക്കുള്ള സ്ഥലങ്ങളെപോലും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഷാഫിക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള കാര്യങ്ങൾ വടകരയിൽ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഷാഫി നടത്തിയിട്ടുള്ള പ്രചാരണപരിപാടികളുടെ പേരിൽ നിരവധി പരാതികൾ ഇലക്ഷൻകമ്മീഷന്റെയും വരണാധികാരിയുടെയും മുമ്പിലുണ്ട്. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ദാവൂദിനെയും സ്മൃതിയെയുംപോലുള്ളവർ ഇടതുപക്ഷക്കാരാണ് വർഗീയപ്രചരണം നടത്തിയത് അതിന് ചരിത്രപരമായ അടിസ്ഥാനമുണ്ട് എന്നൊക്കെ തട്ടിവിടുന്നത്."- കെ ടി കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടി.