- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശാന്തൻപാറയിലെ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി; ഇന്നലെ രാത്രി ഭിത്തി പൊളിച്ചത് പാർട്ടി ഇടപെട്ട്; റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ നടപടി; അമിക്കസ് ക്യൂറി റിപ്പോർട്ടും പാർട്ടിക്കെതിരായി
മൂന്നാർ: വിവാദങ്ങൾക്കൊടുവിൽ ശാന്തൻപാറയിലെ സിപിഎം ഓഫീസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി. പാർട്ടി ഇടപ്പെട്ടാണ് സംരക്ഷണ ഭിത്തി പൊളിച്ചു നീക്കിയത്. പുറമ്പോക്ക് കയ്യേറി നിർമ്മിച്ചതാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ മതിലാണ് പൊളിച്ചുനീക്കിയത്. കെട്ടിടം നിർമ്മിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും പുറമ്പോക്ക് കൈവശപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്. താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്.
ഗാർഹികേതര നിർമ്മാണമായതിനാൽ റവന്യൂവകുപ്പ് എൻ.ഒ.സി നിഷേധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിർമ്മിക്കാൻ അനുമതിയുള്ള സ്ഥലത്താണ് വാണിജ്യാവശ്യത്തിനുള്ള നിർമ്മാണം നടന്നത്. 2022 നവംബർ 25നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിൽ ശാന്തൻപാറ ടൗണിലുള്ള എട്ടു സെന്റ് ഭൂമിയിൽ ബഹുനില ഓഫിസ് മന്ദിരം നിർമ്മിക്കുന്നതിനെതിരെ റവന്യു വകുപ്പ് സ്റ്റോപ് മെമോ നൽകിയത്.
എന്നാൽ അവഗണിച്ച് നിർമ്മാണം നടന്നിരുന്നു. ഹൈക്കോടതിയിൽ ഭൂസംബന്ധമായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുൻപിൽ ലഭിച്ച പരാതിയെ തുടർന്ന് നിർമ്മാണം വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറത്തുവിട്ടു. വീണ്ടും വിലക്ക് ലംഘിച്ചുവെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോടതി ഇനിയാെരുത്തരവുണ്ടാകും വരെ ശാന്തൻപാറയിലെ സിപിഎം ഓഫിസ് തുറന്നു പ്രവർത്തിക്കരുതെന്നും ഉത്തരവിട്ടു.
അതേസമയം മാത്യു കുഴൽനാടനെതിരെ ഭൂമി കൈയേറ്റം ആരോപിച്ചാണ് റവന്യൂ വകുപ്പ് കേസെടുത്തത്. ചിന്നക്കനാലിൽ റിസോർട്ടിനോട് ചേർന്ന് 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയെന്നാണ് കേസ്. ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടിസ് നൽകിയിട്ടുണ്ട്. ചിന്നക്കനാൽ സൂര്യനെല്ലിയിൽ പ്രവർത്തിക്കുന്ന എറ്റേർനോ കപ്പിത്താൻ റിസോർട്ടിനോടു ചേർന്നുള്ള ഭൂമിയാണ് കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നത്. 50 സെന്റ് സർക്കാർ ഭൂമി തിരികെപ്പിടിക്കാൻ ഇടുക്കി കലക്ടർ നേരത്തെ നിർദേശിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ നൽകിയ റിപ്പോർട്ട് കലക്ടർ അംഗീകരിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ചാണു റവന്യു വിഭാഗം കലക്ടർക്കു റിപ്പോർട്ട് നൽകിയത്. 2022ൽ മാത്യു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നാണു സൂര്യനെല്ലിയിൽ ഒരേക്കർ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്. എന്നാൽ സൂര്യനെല്ലിയിൽ റിസോർട്ടിനോടു ചേർന്ന് 50 സെന്റ് ഭൂമി താൻ കയ്യേറിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നാണ് മാത്യു കുഴൽനാടന്റെ വാദം.
2022ൽ ഭൂമി വാങ്ങിയശേഷം ഒരു സെന്റ് പോലും കൂട്ടിച്ചേർത്തിട്ടില്ല. പാപ്പാത്തിച്ചോല റോഡിനു സമീപം ഒരു സംരക്ഷണഭിത്തിയുണ്ടായിരുന്നത് കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുക മാത്രമാണു ചെയ്തത്. ചെരിവുള്ള സ്ഥലം ഇടിഞ്ഞു പോകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഏറ്റവും അടുത്ത സുഹൃത്തിനോടാണു ഭൂമി വാങ്ങിയതെന്നതിനാൽ അന്ന് അളന്നു തിട്ടപ്പെടുത്തിയിരുന്നില്ല. 50 സെന്റല്ല, 50 ഏക്കർ ഭൂമി പിടിച്ചെടുത്താലും താൻ പിന്നോട്ടു പോകില്ല.