- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടിയതിന്റെ പേരിൽ കാർ കത്തിക്കാൻ ശ്രമം; കരിങ്കുന്നത്തുണ്ടായ സംഘർഷത്തിൽ അക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തില്ലെന്ന് ആക്ഷേപം; ഒഴിവായത് വൻദുരന്തം
തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തിയതോടെ തൊടുപുഴ കരിങ്കുന്നത്ത് വൻ സംഘർഷം. ഇരുന്നൂറോളം വരുന്ന തൊഴിലാളികൾ മണ്ണെണ്ണയൊഴിച്ച് കാർ കത്തിക്കാൻ ശ്രമിച്ചു. പൊലീസിനൊപ്പം നാട്ടുകാരും ചേർന്നാണ് അര മണിക്കൂറോളം സമയം നീണ്ട് നിന്ന സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ കരിങ്കുന്നം ടൗണിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ഇടുക്കി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി കടയിലിടിക്കുകയും തുടർന്ന് വഴി യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ ദേഹത്ത് തട്ടുകയുമായിരുന്നു.
പരിക്കേറ്റ തൊഴിലാളിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പ്രകോപിതരായി വാഹനത്തിലുണ്ടായിരുന്നവരെ മർദ്ദിക്കാൻ ശ്രമിച്ചു. ഇത് വാഹനത്തിലുണ്ടായിരുന്നവർ ചെറുക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ ലേബർ ക്യാമ്പിൽ നിന്നുള്ള മറ്റ് തൊഴിലാളികളെ കൂടി അക്രമി സംഘം വിളിച്ച് വരുത്തി. മിനിട്ടുകൾക്കുള്ളിൽ ഇരുന്നൂറോളം തൊഴിലാളികൾ സ്ഥലത്ത് സംഘടിച്ചെത്തി. ഇത് കണ്ട് ഭയന്ന കാർ യാത്രികർ ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചു.
ഇതിനിടെയാണ് ലേബർ ക്യാമ്പിൽ നിന്നെത്തിയ തൊഴിലാളികൾ മണ്ണെണ്ണ ഒഴിച്ച് കാർ കത്തിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് കരിങ്കുന്നം സ്റ്റേഷനിൽ നിന്നും പൊലീസ് ഓടിയെത്തിയെങ്കിലും അക്രമികളെ നിയന്ത്രിക്കാനായില്ല. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയും ഒപ്പം നാട്ടുകാരും കൂടിയാണ് സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്.
അര മണിക്കൂറോളം സംഘർഷാവസ്ഥ നീണ്ട് നിന്നതിനെ തുടർന്ന് തൊടുപുഴ - പാലാ റൂട്ടിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു. കാറിന് മുകളിൽ മണ്ണെണ്ണ ഒഴിച്ചെങ്കിലും തീയിടാത്തതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അപകടത്തിൽപ്പെട്ട ഇതര തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
എന്നാൽ അക്രമം അഴിച്ച് വിടുന്നതിനായി മണ്ണെണ്ണ നിറച്ച കന്നാസുകളുമായി സംഘടിത സ്വഭാവത്തോടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇടുക്കി ജില്ലയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ളത് കരിങ്കുന്നം പഞ്ചായത്തിലാണ്. കരിങ്കുന്നം ടൗണിനോട് ചേർന്ന് തന്നെയുള്ള കെട്ടിടങ്ങൾക്ക് മുകളിലും മറ്റുമായുള്ള ലേബർ ക്യാമ്പിൽ മാത്രം അഞ്ഞൂറിലധികം തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ചെറിയൊരു വാഹനാപകടമായിട്ട് കൂടി ഇത്തരത്തിൽ അക്രമ സ്വഭാവത്തോടെ തൊഴിലാളികൾ സംഘടിച്ചെത്തിയത് നാട്ടുകാരെയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസെടുക്കണമെന്നും തൊഴിലാളികളുടെ ഇടയിൽ ക്രിമിനലുകൾ കടന്ന് കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ