- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴിച്ചിലിനെന്ന് പറഞ്ഞ് വീട് വാടകക്കെടുത്തു; ചിക്കന്‍ തീറ്റയില്‍ നാട്ടുകാര്‍ക്ക് സംശയം; വ്യവസായം തുടങ്ങാനും പദ്ധതി; കൊടും ക്രിമിനലാണെന്ന് അറിഞ്ഞത് പൊലീസ് എത്തിയപ്പോള്‍; ചെന്നൈയില്‍ വെടിയേറ്റ് മരിച്ച ബാലാജിയുടെ ഞെട്ടലില്‍ പേരാമ്പ്രക്കാര്‍
ചെന്നൈയില്‍ വേടിയേറ്റ് മരിച്ച ബാലാജിയുടെ ഞെട്ടലില്‍ പേരാമ്പ്രക്കാര്‍
കോഴിക്കോട്: നിരവധി കൊലപാതക കേസിലടക്കം പ്രതിയായ ഒരു കുപ്രസിദ്ധ ക്രിമിനല്‍ വേഷം മാറി ഒരു ഗ്രാമത്തില്‍ ഒളിച്ച് താമസിക്കുക. എന്നിട്ട് അയാള്‍ ആ നാട്ടില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുക. പിന്നീട് തോക്ക് ചൂണ്ടി പൊലീസ് എത്തുമ്പോള്‍ തലനാരിഴക്ക് രക്ഷപ്പെടുക. ഒടുവില്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയെത്തുക. കഴിഞ്ഞ ദിവസം ചെന്നൈ പൊലീസ് വെടിവെച്ചുകൊന്ന കൊടുംകുറ്റവാളിയായ ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജി (41) കോഴിക്കോട് പേരാമ്പ്രക്ക് അടുത്തെ വെള്ളിയൂരുരില്‍ ഒളിച്ച് താമസിച്ചത് ശരിക്കും സിനിമ സ്റ്റെലില്‍ ആയിരുന്നു. മരിച്ചത് കൊടും ക്രിമിനലാണെന്ന് അറിഞ്ഞതോടെ, തമിഴ്നാട് പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് പേരാമ്പ്രയില്‍ നാട്ടുകാര്‍ ഫ്ളക്സ് വെച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയെയാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈ പൊലീസ് വെടിവച്ചുകൊന്നത്. ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ തുടങ്ങിയവ ഉള്‍പ്പെടെ അറുപതോളം കേസുകളാണ് ബാലാജിയുടെ പേരിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ പുളിയാന്തോപ്പില്‍ വ്യാസര്‍പാടി ജീവാ റെയില്‍വേസ്റ്റേഷനുസമീപത്ത് ബാലാജിയുടെ വണ്ടി നിര്‍ത്തിയിട്ടതായി കണ്ടെത്തിയ പൊലീസ് തുടര്‍ന്ന് ബാലാജിയെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ വെടിവയ്പ്പില്‍ ബാലാജി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ചെന്നൈ പൊലീസിന്റെ വിശദീകരണം.
പേരാമ്പ്രയില്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഉഴിച്ചില്‍ ചികിത്സയ്ക്കാണെന്ന പേരിലാണ് ബാലാജി പേരാമ്പ്രയിലെത്തിയത്. വലിയപറമ്പ് സ്വദേശിയായ ബസ് ഡ്രൈവറാണ് വാടകവീട് എടുത്തുനല്‍കിയത്. ഇയാള്‍ ചെന്നൈയില്‍ വോളി മത്സരങ്ങള്‍ കാണാന്‍പോയിരുന്നു. അവിടെവച്ച് ഒരു സുഹൃത്താണ് ബാലാജിയെ പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് ബാലാജി ഉഴിച്ചിലിനാണെന്ന വ്യാജേന പേരാമ്പ്രയിലെത്തിയത്. തനിക്ക് അസഹനീയമായ മുട്ടുവേദനയാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാലാജി കൊടുംകുറ്റവാളിയാണെന്ന് പേരാമ്പ്ര സ്വദേശിക്കും അറിയില്ലായിരുന്നു. പക്ഷേ ഇതിന്റെ പേരില്‍ നാട്ടുകാര്‍ വലിയപറമ്പ് സ്വദേശിക്കെതിരെ തിരിഞ്ഞിരുന്നു. ക
കര്‍ക്കടകത്തിലെ ഉഴിച്ചില്‍ചികിത്സ 14 ദിവസമാണ്. എന്നാല്‍ ബാലാജി 14ദിവസം കഴിഞ്ഞിട്ടും പോകാതായതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം മുളച്ചു. ബാലാജിയോട് നേരിട്ട് ചോദിക്കുകയും ചെയ്തു. നിസാരകാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ താമസം തുടരുകയായിരുന്നു. ഉഴിച്ചില്‍ക്കാലത്ത് മത്സ്യമാംസങ്ങള്‍ കഴിക്കരുതെന്ന് പഥ്യമുണ്ട്. എന്നാല്‍ രണ്ടുദിവസം കൂടുമ്പോള്‍ പേരാമ്പ്രയിലെ കടയിലെത്തി നാലുകിലോ ചിക്കനും മറ്റുംവാങ്ങുന്നത് പതിവായതും നാട്ടുകാര്‍ക്ക് സംശയമുണ്ടാക്കി.
പേരാമ്പ്രയിലെത്തിയ ബാലാജിക്ക് നാടും ഇവിടുത്തെ രീതികളും ഇഷ്ടപ്പെട്ടു. പുതിയ ബിസിനസ് സംരംഭം തുടങ്ങാനും പദ്ധതിയിട്ടു. യാത്രക്കിടെ വഴിയരികില്‍ ഹരിതകര്‍മസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവച്ചത് കണ്ടു. ഇത് മൊത്തമായി വാങ്ങി റീ സൈക്ലിങ്ങിന് ചെന്നൈയിലേക്ക് കൊണ്ടുപോവുന്ന ബിസിനിസ് തുടങ്ങാന്‍ ബാലാജി പദ്ധതിയിട്ടു. ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യത്തിനായി ബാലാജി കയറിയിറങ്ങി. എല്ലായിടത്തും സുഹൃത്തിന്റെ ഫോണ്‍ നമ്പറാണ് നല്‍കിയതെന്നത്.
കഴിഞ്ഞ ജൂലൈ 27ന് പേരാമ്പ്ര വെള്ളിയൂരുകാര്‍ സാക്ഷ്യംവഹിച്ചത് നാടകീയ സംഭവങ്ങള്‍ക്കാണ്. രാവിലെ പത്തിന് പേരാമ്പ്ര വെള്ളിയൂരിലെ വലിയ പറമ്പില്‍ ഒരുവീട്ടിലേക്ക് ഒരുസംഘം ആളുകള്‍ കയറിച്ചെന്നു. ഒരു പൊലീസുകാരന്റെ വീടായിരുന്നു അത്. വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ബാലാജിയെവിടെ എന്നു ചോദിച്ചാണ് സംഘം വീട്ടില്‍കയറിച്ചെന്നത്. അപരിചിതരായതിനാല്‍ വീട്ടമ്മ വീടിന്റെ മുന്‍വശത്തെ ഗ്രില്‍ അടച്ചു. ഇതിനിടെ രണ്ടുപേര്‍ വീടിന്റെ പിന്‍വശത്തേക്ക് തോക്കുമായി പോയി. മുന്നിലുള്ളവര്‍ തോക്ക് ലോഡ് ചെയ്തു. പേടിച്ചരണ്ട വീട്ടുകാരി ബഹളംവച്ചു. ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ നോക്കിയെത്തിയ പൊലീസ് വീടുമാറി തൊട്ടടുത്ത വീട്ടില്‍ കയറിയതായിരുന്നു.
വീട്ടുകാരിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. വീട്ടില്‍ പാമ്പുകയറിയതാണെന്നു കരുതി വടിയുമായി വന്നവര്‍ വരെയുണ്ടായിരുന്നു. തൊട്ടപ്പുറത്തെ വീട്ടില്‍ കോണ്‍ക്രീറ്റ് പണിക്കെത്തിയ തൊഴിലാളികളും ഓടിക്കൂടി. 'തങ്ങള്‍ തമിഴ്നാട് പൊലീസില്‍നിന്നാണെന്നും ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാക്കാത്തോപ്പ് ബാലാജിയെ തേടിവന്നതാണെന്നും' സംഘാംഗങ്ങള്‍ പറഞ്ഞു. ബാലാജിയുടെ ചിത്രം കാണിച്ചപ്പോഴാണ് നാട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞത്. വീട്ടുകാരി ബാലാജിയുടെ സഹായിയാണെന്നു കരുതിയാണ് പൊലീസ് തോക്കെടുത്തത്. തമിഴ്നാട് പൊലീസും നാട്ടുകാരും തമ്മില്‍ ബഹളം നടക്കുന്നതിനിടെ വിവരമറിഞ്ഞ ബാലാജി തൊട്ടടുത്ത വീട്ടില്‍നിന്ന് ഇറങ്ങി മുങ്ങുകയായിരുന്നു.പിന്നീട് പേരാമ്പ്രക്കാര്‍ അറിയുന്നത് ബാലാജിയുടെ മരണ വാര്‍ത്തയാണ്. ഒരു വലിയ ദുരന്തം ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.
തമിഴകത്തെ വിറപ്പിച്ച ക്രിമിനല്‍
തമിഴ്നാടിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ക്രിമിനലാണ് ബാലാജി. വടക്കന്‍ ചെന്നൈയിലെ ഗ്യാംഗുകളെ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണ്. ഒടുവില്‍ പൊലീസ് ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ ഉണ്ടാക്കുകായിരുന്നു. വ്യാസര്‍പടി ജീവ റെയില്‍വേസ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു പോലീസ് വെടിവെച്ചു കൊന്നത്.
ബുധനാഴ്ച ഇന്‍സ്‌പെക്ടര്‍ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഒരു ടീം ബാലാജിയെ പിടികൂടാനായ എത്തിയിരുന്നു. അതിനിടെ ബാലാജി പോലീസിന് നേരെ വെടിവെയ്ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു പോലീസ് തിരിച്ചു വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലാജിയെ ഗവണ്‍മെന്റ് സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എണ്ണോറിന് സമീപം ജെയിംസ്, കാമരാജ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബാലാജിയെ പോലീസ് തെരഞ്ഞത്. ഈ കേസില്‍ നേരമത്ത ഗ്യാംസ്റ്റര്‍ നാഗേന്ദ്രന്‍ എന്നയാളെ ശിക്ഷിച്ചിരുന്നു. എണ്ണോര്‍ ധനശേഖര്‍ എന്നയാള്‍ ജയിലിലുമാണ്. ഈകേസില്‍ ബാലാജി പിടിക്കപ്പെട്ടെങ്കിലും സംഭവം സെന്തില്‍ എന്നയാള്‍ രണ്ടു ദശകമായി ഒളിവിലാണ്. 2024 ല്‍ എ.അരുണ്‍ ചെന്നൈ പോലീസ് കമ്മീഷണറായി ചാര്‍ജ്ജ് എടുത്തതോടെ നഗരത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുത്തു.
ഇതിന് പിന്നാലെ മറ്റൊരു ഗ്യാംഗ്സ്റ്ററായ തിരുവെങ്കിടം എന്ന 33 കാരനും എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. ബിഎസ്പി നേതാവ് ആംസ്‌ട്രോംഗിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടയാളാണ്. പ്രദേശത്തെ നൊട്ടോറിയസായ സി.ഡി. മണിയടക്കമുള്ള ക്രിമിനല്‍ ഗ്യാംഗുകളെ നിയന്ത്രിച്ചിരുന്നയാളാണ് ബാലാജി. 2020 മാര്‍ച്ചില്‍ സംഭവം സെന്തില്‍ ബാലാജിയെയും സി.ഡി. മണിയെയും കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ഇരുവരും സഞ്ചരിച്ച എസ് യുവിയ്ക്ക് നേരെ തെയ്‌നാംപേട്ടിലെ കാമരാജര്‍ അരംഗത്ത് വെച്ച് നാടന്‍ ബോംബ് എറിഞ്ഞിരുന്നു. അന്ന് ഇരുവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്്.