പത്തനംത്തിട്ട : പൊതുപരിപാടിയിൽ പ്രസംഗിക്കാൻ മകന്റെ കൈപിടിച്ചെത്തുകയും, പ്രസംഗത്തിലുട നീളം കൈയിലിരുന്ന മകന്റെ കളിചിരികൾ മൈക്കിലൂടെ കേൾപ്പിക്കുകയും ചെയ്ത പത്തനംത്തിട്ട കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്ലാവർക്കും മക്കളുണ്ടെന്നും എന്നാൽ പൊതുപരിപാടിയിൽ മര്യാദപാലിക്കണമെന്നുമാണ് പ്രധാന വിമർശനം.

ഇത് അനുകരണീയമല്ലെന്നും കള്ടറുടെ ഔചിതയമില്ലാത്ത തമാശകളിയാണ് പൊതുവേദിയിൽ കണ്ടതെന്നും ഇത് അവരുടെ വീട്ടുപരിപാടിയല്ലെന്നും വിമർശിച്ച ഗാനരചയിതാവ് രാജീവ് ആലുങ്കൽ കള്ടർ ഓവറാക്കി ചളമാക്കിയെന്നും പരസ്യമായി തുറന്നടിച്ചു.ഇന്നലെ അടൂർ നഗരസഭ സംഘടിപ്പിച്ച ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലായിരുന്നു സംഭവം.

സ്ഥലം എം.എ.ൽഎ ചിറ്റയം ഗോപകുമാറും മറ്റ് സിനിമാ രംഗത്തുള്ളവരും വേദിയിലുണ്ടായിരുന്നു.മുഖ്യപ്രഭാഷണം നടത്തിയ ദിവ്യ മകനുമായി മൈക്കിന് മുന്നിൽ നിൽക്കുന്നതിന്റെ രംഗങ്ങൾ ചിറ്റയം ഗോപകുമാറാണ് ഫേസ് ബുക്കിലിട്ടത്.വേദിയിലെ മുഖ്യ ആകർഷണം ദിവ്യയുടെ മകനായിരുന്നു എന്ന തലക്കെട്ടോടെയായിരുന്നു ചിറ്റയം പോസ്റ്റ് പങ്കുവച്ചത്. എന്നാൽ ഇത്തരമൊരു നടപടിയെ പ്രശംസിച്ച ചിറ്റയത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

കളക്ടറായതുകൊണ്ട് എല്ലാവരും വേദിയിലിരുന്ന് ചിരിച്ചെന്നും ഏതെങ്കിലും വീട്ടുജോലിക്കാരി ജോലിക്കെത്തുമ്പോൾ കുഞ്ഞുമായി വന്നാൽ അവരുടെ ജോലി പോകുമെന്നും വിമർശനം ഉയർന്നു. എന്നാൽ ഇതൊന്നും വിവാദമാക്കേണ്ടെന്നും അമ്മയോട് കൊഞ്ചുന്ന കുഞ്ഞ്, ആ മാതൃഭാവം,സിനിമ സർഗാത്മകമായ കല, കളക്ടർക്ക് പിന്തുണ എന്നായിരുന്നു മുൻ സി പി എം എംഎ‍ൽഎ കെ.വി.അബ്ദുൾഖാദറിന്റെ പ്രതികരണം. എന്നാൽ കൊഞ്ചുന്നത് കുഞ്ഞ് അല്ല അമ്മയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും തിരിച്ചടിച്ച അബ്ദുൾ ഖാദറിനെ തിരുത്താനും ആളുകൾ രംഗത്തെത്തി.

പബ്ലിസ്റ്റിക്ക് വേണ്ടിയാണ് കള്ടറുടെ ശ്രമമെന്ന് ആക്ഷേപിക്കുന്നവരും കുറവല്ല. ഡോക്ടറായ അമ്മ ഓപ്പറേഷൻ തീയേറ്ററിൽ പോകുമ്പോഴും പൈലറ്റായ അമ്മ വിമാനം പറത്തുമ്പോഴും മക്കളെ കൊണ്ടുപോയാൽ എന്താകും സ്ഥിതിയെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.2021 ജൂലൈയിൽ പത്തനംത്തിട്ടയിൽ കള്കടറായി എത്തിയ ദിവ്യ എസ് അയ്യർ ഏറെ ശ്രദ്ധനേടുന്നതിനിടെയാണ് പൊതുവേദിയിൽ മര്യാദപാലിച്ചില്ലെന്ന ആക്ഷേപം ഉയരുന്നത്.

പൊതുവേദികളിൽ പാട്ടുപാടി ദിവ്യ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.പത്തനംത്തിട്ടയിൽ അടുത്തിടെ നടന്ന എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ ഡോ. ദിവ്യ എസ്. അയ്യർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്‌ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർത്ഥികൾക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കളക്ടർ.

ഫ്‌ളാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കളക്ടറും കൂടിയത്. വിദ്യാർത്ഥികൾക്കൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കളക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്‌കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്.

ശബരിമലയിൽ കഴിഞ്ഞ മകരവിളക്ക് ഉത്സവത്തിനിടയിലും ദിവ്യ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ താരമായത് വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ പള്ളിക്കെട്ട് ശബരിമലയ്ക്ക്... എന്ന ഗാനമാണ് ദിവ്യ പാടിയത്. ഇരുവരും കൈകൊട്ടി ആസ്വദിച്ചു പാടുന്ന വിഡിയോ പുറത്തുവന്നിരുന്നു.