- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനങ്ങളോട് മര്യാദയ്ക്കു പെരുമാറാൻ പൊലീസിന് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ?
കൊച്ചി: കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദ്ദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം രൂക്ഷവിമർശനം നടത്തിയത്.
"അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഞാനിതു പലതവണയായി ആവർത്തിക്കുന്നു. ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ" കോടതി ചോദിച്ചു. ജോലി സമ്മർദം ജനങ്ങൾക്കു നേരെ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്നു നേരത്തേതന്നെ ഹൈക്കോടതി പറഞ്ഞിരുന്നു.
"പൊലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങൾക്ക് ആ യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനർഥം ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്" കോടതി പറഞ്ഞു.
ആലത്തൂർ സ്റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്‌ഐ വി.ആർ.റിനീഷ് അപമാനിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്‌ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കോടതി ഇടപെട്ടത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, താൻ സംഭവത്തിൽ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പു പറയാൻ സന്നദ്ധനാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തെ ചോദ്യം ചെയ്തായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. അഭിഭാഷകനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോ ഇല്ലയോ എന്നത് സത്യവാങ്മൂലത്തിൽ പറയുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. അതേ ശ്വാസത്തിൽതന്നെ ഉണ്ടായ 'സംഭവത്തി'ൽ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് പരസ്പരവിരുദ്ധമാണ്.
ഒന്നുകിൽ കോടതിയലക്ഷ്യത്തിനു വിചാരണ നേരിടുക അല്ലെങ്കിൽ വ്യക്തതയുള്ള സത്യവാങ്മൂലം നൽകുക. പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മോശം പെരുമാറ്റം പാടില്ല എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടെന്നു ഡിജിപി തന്നെ പറഞ്ഞിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ശാസന മാത്രം കേട്ട് ചെയ്ത തെറ്റിൽനിന്ന് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാമെന്ന് കരുതരുത് എന്നും കൂട്ടിച്ചേർത്തു. മാർച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.