- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ജനവാസകേന്ദ്രത്തിൽ പാറമട; സർക്കാരിനെതിരേ സമരം ചെയ്യാതെ കളക്ടർക്കെതിരേ സമരം ചെയ്യുന്ന ജില്ലാ പ്രസിഡന്റിന് വിമർശനം; രണ്ടു വട്ടം ജനപ്രതിനിധികൾ ആയവർ മാറി നിന്ന് മറ്റുള്ളവർക്ക് അവസരം കൊടുക്കണമെന്ന് മുൻ ഡിസിസി പ്രസിഡന്റ്; ആന്റോ ആന്റണി എംപിക്കെതിരേയും രൂക്ഷ വിമർശനം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃക്യാമ്പ് പ്രക്ഷുബ്ധം
അടൂർ: രണ്ടു ദിവസമായി ഇവിടെ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പിൽ ചേരി തിരിച്ച് വാക്കേറ്റം. ആന്റോ ആന്റണി എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ഷെഹിം, ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ എന്നിവർക്കെതിരേ രൂക്ഷവിമർശനം. ഏറ്റവുമധികം വിമർശനം നേരിടേണ്ടി വന്നത് ആബിദ് ഷെഹിമിനാണ്. ജില്ലാ കളക്ടർ എന്നാൽ സർക്കാരിന്റെ ഭാഗമല്ലെന്ന മണ്ടത്തരവും ചിലർ ചർച്ചയ്ക്കിടെ വിളിച്ചു പറഞ്ഞു.
ആന്റോ ആന്റണി എംപിക്കെതിരേ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജാണ് ആരോപണം തൊടുത്തു വിട്ടത്. ഒരിക്കൽ ജനപ്രതിനിധിയാകുന്നവർ തങ്ങളുടെ ജീവിതകാലം മുഴുവൻ ആ കസേരയിൽ തുടരുകയാണ്. അതിന് മാറ്റം വരണം. തുടർച്ചയായി രണ്ടു വട്ടം ജനപ്രതിനിധി ആയവർ മാറി നിന്ന് മറ്റുള്ളവർക്ക് അവസരം കൊടുക്കണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് പരിഗണ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചു സീറ്റും നഷ്ടമായപ്പോൾ ഉത്തരവാദിത്തം മുഴുവൻ ഡിസിസി പ്രസിഡന്റായ തന്റെ തലയിൽ കൊണ്ടു വയ്ക്കാനാണ് ശ്രമം നടന്നത്. ജില്ലയുടെ എംപിയായ ആന്റോ ആന്റണിയുടെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടായിട്ടില്ലെന്ന സൂചനയും ബാബു ജോർജ് നൽകി.
പ്രതിനിധി ചർച്ചയിൽ ചേരി തിരിഞ്ഞ് രൂക്ഷവിമർശനം ഉണ്ടായി. ജില്ലാ കളക്ടര്ർ ഡോ. ദിവ്യ എസ. അയ്യർക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ കഴിഞ്ഞ ദിവസം അഴിച്ചു വിട്ട രൂക്ഷമായ വിമർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടന്നു. സർക്കാരിനെതിരേ നടക്കേണ്ട സമരം ജില്ലാ കളക്ടർക്കെതിരേ തിരിച്ചു വിട്ടുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ ഭാര്യ ഡോ. ദിവ്യ എസ്. അയ്യരാണ് ജില്ലാ കളക്ടർ. കലക്ടർ ഫേസ് ബുക്ക് നോക്കി ഇരിക്കുകയാണെന്നും ഈ നാട്ടിൽ ജനങ്ങൾക്ക് സുരക്ഷയില്ലെന്നുമാണ് കണ്ണൻ വിമർശിച്ചത്.
സർക്കാരിനെതിരായ സമരം വഴി മാറ്റി കലക്ടർക്കെതിരേ തിരിച്ചു വിട്ട് കണ്ണൻ വ്യക്തി വിരോധം തീർക്കുകയാണെന്നായിരുന്നു ആരോപണം. ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകൾ ഉണ്ടായിരുന്നു. അതിനെതിരേ സമരം നടത്താൻ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംഘടനകൾ തയാറായില്ല. ശബരീനാഥന്റെ ഭാര്യ എന്ന നിലയിൽ മടിച്ചു നിൽക്കുകയായിരുന്നു. സിപിഎം നേതാക്കളുമായി സമരസപ്പെട്ടതിനാൽ കലക്ടർക്ക് ആ ഭാഗത്ത് നിന്ന് ശല്യം ഇല്ല. പമ്പയിൽ ഡ്യൂട്ടിയുടെ ഭാഗമായി ചെന്ന് ശരണം വിളിച്ചതിനാൽ സംഘപരിവാർ സംഘടനകളും മിണ്ടില്ല. ചുരുക്കത്തിൽ എന്ത് വീഴ്ച സർക്കാരിന്റെ ഭാഗത്ത് നിന്ന വന്നാലും സമരം നടത്താതെ കോൺഗ്രസ് മാറി നിൽക്കുകയായിരുന്നു. അഥവാ സമരം നടത്തിയാൽ തന്നെ അത് ഉേദ്യാഗസ്ഥർക്കെതിരേ മാത്രമാണ്.
കളക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്ന് എൽഡി ക്ലാർക്ക് നിയമന ഉത്തരവ് ചോർന്നു, ദുരന്ത നിവാരണ വിഭാഗത്തിന്റെ് മോക്ഡ്രില്ലിനിടെ മല്ലപ്പള്ളിയിൽ യുവാവ് മുങ്ങി മരിച്ചു, പത്തനംതിട്ട നഗരത്തിൽ ചിപ്സ് കടയിലെ പൊട്ടിത്തെറി തുടങ്ങിയ സംഭവങ്ങളിലെല്ലാം സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ കലക്ടർക്കെതിരേയും വിമർശനം ഉയരേണ്ടതാണ്. എന്നാൽ, കലക്ടർ സർക്കാരിന്റെ പ്രതിനിധി അല്ലെന്ന വിധത്തിലുള്ള ബാലിശമായ ആക്ഷേപമാണ് കണ്ണനും കൂട്ടർക്കുമെതിരേ ഉയർന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ഷെഹിമിന്റെ പാറമടയ്ക്ക് എതിരേ മറുപക്ഷം വിമർശനം ഉയർത്തി. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ജനവാസ കേന്ദ്രത്തിന് ഭീഷണിയാകുന്ന വിധത്തിലുള്ള പാറമട ഷെഹിം വാങ്ങി. ജനപക്ഷത്ത് നിന്നു കൊണ്ട് അവിടെ സിപിഎം സമരം നടത്തുകയാണ്. പാറമട യൂത്ത് കോൺഗ്രസുകാരന്റെ ആയതിനാൽ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും സമരം നടത്താൻ കഴിയുന്നില്ല. ജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന പാറമടയ്ക്കെതിരേ യൂത്ത് കോൺഗ്രസ് സമരം നടത്തണമെന്ന ആവശ്യവും ഉയർന്നു.
മറുനാടന് മലയാളി ബ്യൂറോ