കോഴിക്കോട്: കഴിഞ്ഞ ദിവസം മുൻ ധനകാര്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ ടി എം തോമസ് ഐസക്ക്, 'കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ' എന്ന് പറഞ്ഞ് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ചാർജുകൾ താരതമ്യം ചെയ്തുകൊണ്ട്, തിരുവനന്തപുരത്ത് ചാർജ് കൂടുതൽ ആയത് അദാനി ഏറ്റെടുത്തതുകൊണ്ടാണെന്ന് സമർഥിക്കുന്ന രീതിയിൽ ആയിരുന്നു ആ പോസ്റ്റ്. അതിൽ തോമസ് ഐസക്ക് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

''കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിലോ? കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ. ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണ്. അതുകൊണ്ട് എയർ ലൈൻ കൊള്ളയടിക്കുകയാണെന്നു പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷണൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്. എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകാം!
ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂ.''- ഇങ്ങനെയാണ് ഐസക്കിന്റെ പോസ്റ്റ് അവസാനിച്ചത്.

ശുദ്ധ വിവരക്കേട് എന്ന് സോഷ്യൽ മീഡിയ

എന്നാൽ തോമസ് ഐസക്കിന്റെത് ശുദ്ധ വിവരക്കേട് ആണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇതു സംബന്ധിച്ച് പഠിച്ച സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ. എഴുത്തുകാരനും പ്രാംസംഗികനുമായ പ്രവീൺ രവി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കേരളത്തിൽ ആളുകളെ ഏറ്റവും കൂടുതൽ പൊട്ടന്മാർ ആക്കുന്നത് പലപ്പോഴും ഇത്തരം സാമ്പത്തികശാസ്ത്രം പഠിച്ചു അറിവ് നേടി എന്ന് മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ആളുകൾ ആയിരിക്കും. ധനമന്ത്രി തോമസ് ഐസക്ക് എഴുതിയ ഈ പോസ്റ്റ് ഇതിന് ഉദാഹരണം ആണ്. ഇതിന് എതിരെ പ്രതികരിച്ചാൽ അദാനി ഫാൻ ആക്കും, സംഘി ആക്കും.

എനിക്ക് അദാനിയോട് ബിജെപി ഗവൺമെന്റിനോട് ഉള്ള താല്പര്യം കൊണ്ടല്ല ഇത്തരം വാർത്തകൾക്കെതിരെ എഴുതുന്നത്. ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ പൊട്ടന്മാരും മണ്ടന്മാരും ആക്കുന്ന ഇത്തരം സാമ്പത്തിക നരേറ്റെവുകൾ എഴുതി പൂരിപ്പിച്ചു വിടുന്ന ആളുകൾക്കെതിരെയുള്ള പ്രതിഷേധമാണ്.

അദാനി അഴിമതി ചെയ്യുകയോ അന്യായമായി പണം ഈടാക്കുകയും ചെയ്താൽ തീർച്ചയായും പ്രതികരിക്കണം അതിനൊന്നും ആർക്കും സംശയമില്ല. പക്ഷേ നുണകൾ കൊണ്ട് നിങ്ങൾ ഉണ്ടാക്കുന്ന കഥകളും കവിതകളും വിശ്വസിക്കുന്ന വളരെ സാധാരണക്കാരായ ജനങ്ങൾ പിന്നീട് സമൂഹത്തിന് തന്നെ ബാധ്യതയാകും എന്നതുകൊണ്ടാണ് ഇതിനൊക്കെ വീണ്ടും വീണ്ടും മറുപടി എഴുതി സമയം കളയുന്നത്.

കൊച്ചിയിൽ നിന്ന് ഉള്ള ടിക്കറ്റ് നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് ഡൽഹിയിലേക്ക് ഒക്കെയുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. അതിനു കാരണം അദാനിയാണ് എയർപോർട്ട് നടത്തുന്നത് എന്നതുകൊണ്ടാണ് എന്നതാണ് തോമസ് ഐസക്കിന്റെ പുതിയ കണ്ടുപിടിത്തം. കേരള സർക്കാർ നടത്തുന്ന കൊച്ചിയിൽ നിരക്ക് വളരെ കുറവാണ് എന്നതാണ് അദ്ദേഹം ഇതിന് വേണ്ടി മുന്നോട്ട് വെക്കുന്ന താരതമ്യം. ഇനീം തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ അടിയിൽ തന്നെ വന്ന ഈ കമന്റ് ഞാൻ അതേപടി ഇവിടെ ഇടുകയാണ്.

'അദാനി ഏറ്റെടുക്കുന്നതിന് മുമ്പും ഇത് തന്നെ ആയിരുന്നു അവസ്ഥ. അദാനി ഏറ്റെടുത്തിട്ടില്ലാത്ത സ്വകാര്യ വിമാനത്താവളത്തിലും അദാനി ഏറ്റെടുത്തിട്ടില്ലാത്ത പൊതു മേഖലാ വിമാനത്താവളത്തിലും തല്സ്ഥിതി തന്നെയാണ് തുടരുന്നത്. എയർ ഫെയർനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് ഒരുപക്ഷെ ഐസക് സാറിന് അക്കമിട്ട് അറിയില്ലായിരിക്കാം. എന്നാലും അങ്ങനെ കുറെ ഫാക്ടേഴ്സ് ഉണ്ടെന്ന കാര്യം അറിയാത്ത ആൾ അല്ല താങ്കൾ. അപ്പോൾ തെറ്റിദ്ധരിപ്പിക്കൽ തന്നെയാണ് ഉദ്ദേശം. ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ഒരു ദിവസം ഹൈദരാബാദിലേക്ക് 5 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 900+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 1 ഫ്ലൈറ്റ് മാത്രം (ശരാശരി 180 സീറ്റ്). കൊച്ചിയിൽ നിന്ന് ഒരു ദിവസം ഡൽഹിയിലേക്ക് 8 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 1516+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 2 ഫ്ലൈറ്റ് മാത്രം (ശരാശരി 360 സീറ്റ്).കൊച്ചിയിൽ നിന്ന് ഒരു ദിവസം ബംഗ്ലേലൂരിലേക്ക് 16 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 2880+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 3 ഫ്ലൈറ്റ് മാത്രം (ശരാശരി 540 സീറ്റ്). കൊച്ചിയിൽ നിന്ന് ഒരു ദിവസം ചെന്നൈലേക്ക് 5 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 900+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 3 ഫ്ലൈറ്റ് മാത്രം (ശരാശരി 540 സീറ്റ്). മുകളിൽ കാണിച്ചതിന് സമാനമായ അവസ്ഥയാണ് കോഴിക്കോടും.

ചുരുക്കത്തിൽ കേരളത്തിലെ ആഭ്യന്തര സർവീസുകളുടെ ഹബ് ആണ് കൊച്ചി. സ്വാഭാവികമായും സീറ്റ് കൂടുതൽ ഉള്ളതുകൊണ്ട് ടിക്കറ്റ് ഫെയർ കുറവായിരിക്കും കൊച്ചിയിൽ. സീറ്റ് കുറവായതിനാൽ തിരുവനന്തപുരത്തും കോഴിക്കോടും ടിക്കറ്റ് ഫെയർ കൂടുതൽ ആണ്. മാത്രമല്ല ഈ രണ്ട് എയർപോർട്ടുകളിലും പാസഞ്ചർ ട്രാഫിക് പൊട്ടൻഷ്യൽ ഉണ്ട്. സ്വാഭാവികമായും സീറ്റ് കൂടി കുറഞ്ഞാൽ ഫെയർ കൂടുക തന്നെ ചെയ്യും. ഫെയർ നോക്കി യാത്ര ചെയ്യുന്ന മലയാളികൾ കൊച്ചി വഴി യാത്ര ചെയ്യാൻ നിർബന്ധിതരാണ്.

എയർപോർട്ട് എക്കണോമിക്ക് റെഗുലേറ്ററി അതോരിറ്റിയുടെ മാനദന്ധങ്ങൾ എയർപോർട്ട് താരിഫുകൾക്ക് ബാധകമാണെങ്കിലും സ്വകാര്യ വിമാനത്താവളങ്ങൾക്ക് പലപ്പോഴും എയർലൈ ഓപ്പറേറ്റേഴ്സിനു മറ്റ് പല ഇളവുകളും നൽകാൻ സാധിക്കും. അതുകൊച്ചി എയർപോർട്ട് മാനെജ്മെന്റ് ചെയ്യുന്നും ഉണ്ട്. ഇത് പക്ഷെ പൊതുമേഖലയിൽ ആയിരുന്ന തിരുവനന്തപുരത്തിന് കഴിഞ്ഞിട്ടില്ല, ഇപ്പോഴും പൊതു മേഖലയിലുള്ള കോഴിക്കോടിന് കഴിയുകയും ഇല്ല.

ഇനി ഏതെങ്കിലും നിലക്ക് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുമെങ്കിൽ സർക്കാർ നീതി പൂർവ്വം ഇടപെടണമായിരുന്നു. നിങ്ങൾ ധനമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാർ എയർലൈൻ ഓപ്പറേറ്റർമാരുടെ യോഗം മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചു ചേർത്തിട്ട് 39 പുതിയ സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്ന് പോലും പൊതു മേഖലയിൽ ഉള്ള കോഴിക്കോട് എയർപോർട്ടിനു നൽകാതിരിക്കാനാണ് ശ്രദ്ധ കാണിച്ചത്. പേരിനു മാത്രം സർവീസുകൾ തിരുവനന്തപുരത്തിനു അനുവദിച്ചപ്പോൾ കൂടുതൽ സർവീസുകൾ നൽകിയത് കണ്ണൂരിനും കൊച്ചിക്കും ആണ്.ചുരുക്കത്തിൽ ഈ പോസ്റ്റ് സദുദ്ദേശപരമല്ല. ഇതിൽ പറഞ്ഞിരിക്കുന്നത് പലതും അസത്യവും അർദ്ധ സത്യങ്ങളുമാണ്'

ഇദ്ദേഹം ഈ കമന്റിൽ പറഞ്ഞത് സത്യമാണോ എന്നറിയാൻ ഞാൻ കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ഫെയർ നോക്കി, ഞായറാഴ്ച ദിവസം ഇൻഡിഗോക്ക് അതിൽ കാണിക്കുന്നത് 8000 രൂപയാണ്. പൊതുമേഖലയിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്ന കോഴിക്കോട് എയർപോർട്ടിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ചാർജ് ആണ് 8000 രൂപ. അതിനെ കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് ബിജെപി മേടിച്ച് അദാനിക്ക് കൊടുക്കുകയാണ് എന്ന് വേണമെങ്കിൽ പറയുമായിരിക്കും, അതുകൊണ്ട് കണ്ണൂരിൽ നിന്നുള്ള ചാർജ് കൂടി നോക്കി കളയാമെന്ന് വിചാരിച്ചു. അതും 8647 രൂപ ആണ്. ഇനീം തിരുവനന്തപുരം കൂടി നോക്കി കളയാം എന്ന് കരുതി നോക്കിയപ്പോൾ മൂന്ന് ഫ്ലൈറ്റുകൾ ഇൻഡീഗോയുടെതായി ഉണ്ടു. രാവിലെ 7:40 ന് പോകുന്നതിനു 8918രൂപ ആണ്. വൈകീട്ട് ആറിന് പോകുന്ന ഫ്ലൈട്ടിന് 10,178 യും. കൊച്ചിയിൽ നിന്നു ആറ് ഫ്ലൈട്ടുകൾ ഉണ്ട്്. അതിൽ കൂടിയ നിരക്ക് 9688രൂപയും കുറഞ്ഞ നിരക്ക് രാത്രി 11:45 ന് ഉള്ള 7956 രൂപയും ആണ്.

അതായത് അവധി ദിവസങ്ങളിൽ സീറ്റുകൾ ഫുൾ ആകുമ്പോൾ മിക്കവാറും എയർപോർട്ടുകളിൽ നിന്നെല്ലാം ഒരേ നിരക്കാണ്. കൊച്ചി ഒരു ഹബ് ആയതുകൊണ്ട് സാധാരണ ദിവസങ്ങളിൽ കൂടുതൽ സീറ്റുകൾ ഫ്രീ ആയി വരികയും അതിനു ചാർജ് കുറയുകയും ചെയ്യുന്നു. ഇതിനെ ആണ് തോമസ് ഐസക്ക് അദാനിയുടെ കൊള്ള ചാർജ് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

അദാനിയെ ന്യായീകരിക്കാൻ വേണ്ടിയല്ല ഈ പോസ്റ്റുകൾ എഴുതുന്നത്, വീഡിയോ ചെയ്യുന്നത്. ഈ സംസ്ഥാനത്തെ ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന കമ്മ്യൂണിസ്റ്റ്കാരായ ബുദ്ധിജീവികൾക്കെതിരെ ഇനിയും നിരന്തരം എഴുതിക്കൊണ്ടിരിക്കും. അതിനി എത്ര കോർപ്പറേറ്റ് ഭീകരൻ എന്ന് വിളിച്ചാലും.''- പ്രവീൺ രവി വ്യക്തമാക്കി.