- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ കടിച്ച പാമ്പ് തിരിച്ചു വരുന്നു; അതേ ആളുടെ കടിച്ച ഭാഗത്തുനിന്ന് വിഷം ഇറക്കുന്നു; എന്നിട്ടു തിരിച്ചുപോവുന്നു; കുട്ടികൾക്ക് ബുദ്ധിമാന്ദ്യവുമൊക്കെ വന്നതോടെ അത് നിർത്തി'; മുത്തച്ഛന്റെ വിഷവൈദ്യക്കഥ പറഞ്ഞ നടി സ്വാസിക എയറിൽ
കോഴിക്കോട്: കേരളത്തിലെ സിനിമാതാരങ്ങളും സെലിബ്രിറ്റികളും അടങ്ങുന്ന വലിയൊരു വിഭാഗം, അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നത് തുടർക്കഥയാവുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒരു ഓൺലൈൻ മീഡിയയുമായി നടി സ്വാസികയും, നടൻ ഷൈൻ ടോം ചാക്കോയും നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ. ഈ വീഡിയോയിൽ തന്റെ അമ്മയുടെ മുത്തച്ഛൻ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിയതിന്റെ കഥയാണ്, യാഥാർത്ഥ സംഭവം പോലെ സ്വാസിക പറയുന്നത്. ഷൈൻ ടോം ചാക്കോ അത് ശരിവെക്കുകയും, പിന്തുണക്കുന്ന വാദങ്ങൾ പറയുകയും ചെയ്യുന്നു.
ഈ വീഡിയോ വൈറലയതോടെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്. നേരത്തെ ഒരു ചാനൽ പരിപാടിക്ക് ഇടെ നടി നവ്യാ നായാർ, 'പണ്ടത്തെ സന്യാസിമാർ ഒക്കെ, ആന്തരിക അവയവങ്ങൾ പുറത്തെടുത്ത്, വൃത്തിയാക്കി തിരിച്ചുവെക്കും' എന്നു പറഞ്ഞതിനെയാണ്, പലരും ഇതിനോട് ഉപമിക്കുന്നത്.
ഇന്റർവ്യൂവിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്
സ്വാസിക: എന്റെ അമ്മയുടെ അച്ഛൻ വിഷവൈദ്യൻ ആയിരുന്നു.
ഷൈൻ ടോം ചാക്കോ: (അത്ഭുതത്തോടെ) അദ്ദേഹം വിഷവൈദ്യൻ ആയിരുന്നല്ലേ, വല്യച്ചൻ.
സ്വാസിക: കടിച്ച പാമ്പിനെ വിളിച്ച് വിഷം ഇറക്കിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
ആങ്കർ: എനിക്ക് പണ്ടേയുള്ള സംശയമാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാൻ കഴിയുമോ?
സ്വാസിക: പോസിബിളാണ്. എന്റെ വീട്ടിൽ സംഭവിച്ചിട്ടുണ്ട്. എന്റെ അമ്മയുമൊക്കെ അതിന് സാക്ഷികളാണ്.
ആങ്കർ: അത് ഇപ്പോൾ ചെയ്യാൻ കഴിയുമോ
സ്വാസിക: ഇവിടെയാണെങ്കിലും വരും. അത് പക്ഷേ ആ ഫാമിലിക്ക് വളരെ ദോഷമാണ്. അതുകൊണ്ടാണ് പിന്നീട് ആ ഫാമിലിക്ക് ഓരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യവും സ്കിൻ ഡിസീസുമൊക്കെ വരുന്നത് ഇതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോൾ അവർ അത് നിർത്തി. ഞാൻ കണ്ടിട്ടില്ല. എന്റെ അമ്മയുടെ മുത്തഛനാണ് ഇതൊക്കെ ചെയ്തിരിക്കുന്നത്. അദ്ദേഹം മരിച്ചു. ഇപ്പോൾ അത് ആരും അത് ചെയ്യുന്നില്ല.
ഷൈൻ ടോം: അപ്പോൾ കണ്ടിട്ടൊന്നുമില്ല, കേട്ടിട്ടേയുള്ളു.
സ്വാസിക: പക്ഷേ എന്റെ അമ്മ കണ്ടിട്ടുണ്ട്.
ഷൈൻടോം: അമ്മയുടെ മുത്തച്ഛനല്ലേ. അപ്പോൾ അമ്മ ചെറുപ്പത്തിൽ എപ്പഴോ കണ്ടിട്ടുണ്ടാവും. ഈ വന്ന പാമ്പ് അതുതന്നെയാണെന്ന് ഉറപ്പുണ്ടോ?
സ്വാസിക: പക്ഷേ എന്തോ ആയിക്കോട്ടെ അത് വരുന്നുണ്ടല്ലോ. ആ കടിച്ച പാമ്പ് തിരിച്ചു വരുന്നു. അതേ ആളുടെ കടിച്ച ഭാഗത്ത് നിന്ന് വിഷം ഇറക്കുന്നു. എന്നിട്ട് ആ പാമ്പ് തിരിച്ചുപോവുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്തൊക്കെ കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോൾ ആളുകൾ തള്ള് തമാശ എന്നൊക്കെപ്പറയും. പക്ഷേ ഇത് റിയൽ ആയിട്ട് നമ്മുടെ ഫാമിലിയിൽ സംഭവിച്ചതാണ്.
ഷൈൻ ടോം: അത് പണ്ടുമുതലേ നമ്മൾ കേൾക്കുന്നതാണ്. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കുമോ?
സ്വാസിക: അതിന് ഓരോ കൂട്ടൊക്കെയുണ്ട്.
ഷൈൻ ടോം: വിഷവൈദ്യന്മാർ കാത്തിരിക്കും എന്ന് കേട്ടിട്ടുണ്ട്്. ഈ പാമ്പുകടിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർ കാത്തിരിക്കുമത്രേ. അവർ വൈകുന്നേരത്തെ പൂജ കഴിഞ്ഞാൽ കുളിയോ എന്തൊക്കെയോ പരിപാടിയുണ്ട്. അതിന് മുമ്പ് വരണം. അവർ വിഷം തീണ്ടിയ ആളെ കാത്തിരിക്കും. ഞാൻ നിങ്ങളെ കാത്തിരിക്കയായിരുന്നു, വേഗം കിടത്തിക്കോളൂ കുട്ടികളെ എന്ന് പറയും.
സ്വാസിക: കാരണം അന്ന് ഹോസ്പിറ്റലുകളൊന്നും ഇല്ല
ആങ്കർ: നമ്മൾ ഇത് സിനിമയിലൊക്കെ കണ്ട എക്പീരിയൻസ് ആണെല്ലോ.
ഷൈൻ ടോം: അപ്പോൾ അവർക്ക് അങ്ങനത്തെ സെൻസുകൾ ഉണ്ടായിരിക്കാം. അവർ അതാണെല്ലോ പഠിക്കുന്നത്. അങ്ങനെ ചുറ്റുപാടുകളിൽനിന്നും തിരിച്ചറിയാൻ കഴിയും. മൃഗങ്ങൾക്ക് ചുറ്റുപാടുകളിൽനിന്ന് സുനാമി വരുന്നതും, ഭൂമിക്ക് എന്തെങ്കിലും പ്രശ്നം വരാൻ പറ്റും എന്നൊക്കെ അറിയുന്നുണ്ടല്ലോ. അതുപോലെ ഇവർക്കും കോൺസെൻട്രേറ്റ് ചെയ്യുമ്പോൾ, അറിയാൻ പറ്റും. ഇതുപോലെ ഇവർക്ക് എല്ലാ ജീവജാലങ്ങളുമായി കണക്ഷൻ ഉണ്ടായിരിക്കും.
സ്വാസിക: അങ്ങനെ സ്ഥിരമായിട്ട് പൂജയുണ്ട്. അതിന്റെ പിറകിൽ ഒരുപാട് കഥകൾ ഉണ്ട്.
ഷൈൻ ടോം: പിന്നെ ഓടക്കുഴൽ ഊതി എലികളെ വരുത്തിയ കഥകളൊക്കെ നാം പഠിച്ചിട്ടില്ലേ പണ്ട്. ഒരു പാട്ടുകാരന്റെ.
സ്വാസ്വിക: അങ്ങനെ ഒരു സ്റ്റോറിയുണ്ട്. പഴയതിലൊക്കെ ഒരുപാട് കാര്യമുണ്ട്. - ഇങ്ങനെയാണ് അഭിമുഖത്തിൽ അവർ പറയുന്നത്.
അടിമുടി അശാസ്ത്രീയത
എന്നാൽ ഈ പറയുന്നത് അടിമുടി ആശാസ്ത്രീയതയും വിവരക്കേടുമാണെന്ന് ശാസ്ത്രപ്രചാരകരും, ഡോക്ടർമാരും കുറിക്കുന്നത്. ഒന്നാമതായി കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറപ്പിക്കാൻ ലോകത്ത് ആർക്കും കഴിയില്ല. പാമ്പിന്റെ ശരീരഘടന വെച്ച് കടിച്ച വിഷം ഇറക്കാനും കഴിയില്ല. ഇത് കള്ളിയങ്കാട്ട് നീലിക്കഥപോലെ പണ്ടുതൊട്ടേ കേരളത്തിൽ പ്രചരിച്ച ഒരു കഥ മാത്രമാണ്. പാമ്പുകടിയേറ്റാൽ ഉടനെ വിഷഹാരിയെ കാണിക്കയല്ല, ആന്റിവെനം ചികിത്സയുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണ് വേണ്ടത്. അവിടെ മാത്രമാണ് ഇതിന് ചികിത്സയുള്ളത്.
എന്നാൽ പണ്ടുകാലത്ത് ആശുപത്രികൾ ഗ്രാമങ്ങളിലൊന്നും ഇല്ലാത്ത കാലത്ത് ധാരാളം വിഷഹാരികളും ഉണ്ടായിരുന്നു. പക്ഷേ അവർ കൊടുക്കുന്ന പച്ച മരുന്നുകൊണ്ടോ മന്ത്രംകൊണ്ടോ ഒന്നുമല്ല, വിഷം ഇറങ്ങിയിരുന്നത്. കേരളത്തിലെ 80 ശതമാനം പാമ്പുകൾക്കും വിഷമില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ വിഷം കയറിയെന്ന് കരുതി പരിഭ്രാന്തനായ രോഗിക്ക് ഈ മരുന്നും, പുജയും ആത്മവിശ്വാസം കൊടുക്കുന്നു.
ഇതുപോലെ തന്നെ ചിലപ്പോൾ ഒരു മുർഖൻ പാമ്പിന്റെ വിഷ സഞ്ചിയിൽ പോലും മനുഷ്യനെ കൊല്ലാനുള്ളത്ര വിഷം ഉണ്ടാകില്ല. അത് ഇരപിടിച്ച് കഴിഞ്ഞ ഉടനെയൊക്കെ ഇത് സാധാരണമാണ്. ആ സമയത്ത് മുർഖൻ മനുഷ്യനെ കടിച്ചാലും മരണ കാരണമായേക്കാവുന്ന അത്ര വിഷം ഉള്ളിൽ കയറില്ല. ഡ്രൈ ബൈറ്റ് എന്നാണ് അതിന് പറയുക. ഇത്തരം രോഗികളാണ് വിഷഹാരിയുടെ ചികിത്സയിൽ രക്ഷപ്പെടുന്നത് എന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. അല്ലാതെ ശരിക്കും ഒരു വിഷപ്പാമ്പ് കടിച്ചാൽ പണ്ടൊക്കെ മരിച്ചുപോവുമായിരുന്നു. ആന്റിവെനം ചികിത്സ വ്യാപകമായതോടെയാണ് ഈ അവസ്ഥയിൽ നിന്ന് കേരളം രക്ഷപ്പെട്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ