- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സുഭാഷ് ചന്ദ്ര ബോസിനോടുള്ള അച്ഛന്റെ ആരാധന മക്കളുടെ പേരിൽ 'ബോസ്' എത്തിച്ചു; ആ മഹാന്റെ നാട്ടിൽ അതിലൊരാൾ ഗവർണ്ണറായത് കാലത്തിന്റെ നിയോഗം; ആറു മാസം കൊണ്ട് ബംഗാളിയിൽ 25 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന പ്രസംഗം; ആനന്ദബോസ് ബംഗാളികളെ വിസ്മയിപ്പിക്കുമ്പോൾ
കൊൽക്കത്ത: ഒരു മലയാളി എങ്ങനെ ബോസ് ആയി ? ''കോട്ടയം മാന്നാനത്താണ് വീട്. അച്ഛൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ഗാന്ധിജിയോട് ബഹുമാനവും ഇഷ്ടവുമായിരുന്നു അച്ഛന്. എന്നാൽ, സുഭാഷ് ചന്ദ്രബോസിനോടായിരുന്നു ആരാധന. ആ ഇഷ്ടം ഞങ്ങൾ മക്കളുടെ പേരിലും പ്രതിഫലിച്ചു. മൂത്ത ചേട്ടൻ വേണു. ചേച്ചി ഓമന. ഞാനുൾപ്പെടെ ഞങ്ങൾ മറ്റെല്ലാ കൂടപ്പിറപ്പുകളുടെയും പേരിനൊപ്പം ബോസ് ഉണ്ട്. മോഹൻ ബോസ്, സുന്ദർ ബോസ്, സുകുമാർ ബോസ്, കോമളാ ബോസ്, ഇന്ദിരാ ബോസ് പിന്നെ ഞാനും.''-ഇങ്ങനെയാണ് ആ കഥ സിവി ആനന്ദബോസ് പറയാറുള്ളത്. ആ മക്കളിലൊരാൾ വർഷങ്ങൾക്ക് ശേഷം സുഭാഷ്ചന്ദ്ര ബോസിന്റെ നാട്ടിൽ ഗവർണറായത് കാലത്തിന്റെ നിയോഗമായിരിക്കാമെന്ന വിശ്വസിക്കുന്ന ബംഗാൾ ഗവർണർ. ആ ഗവർണർ വീണ്ടും ബംഗാളികളെ വിസ്മയിപ്പിക്കുകയാണ്.
റിപ്പബ്ലിക് ദിനത്തിൽ ബംഗാളി ഭാഷയിൽ പ്രസംഗിച്ച് ഗവർണർ ഡോ സിവി ആനന്ദബോസ് ബംഗാളിനോടുള്ള തന്റെ സ്‌നേഹം അറിയിക്കുകയാണ്. ദൂരദർശൻ വഴി 24 മിനിറ്റു നേരം ബംഗാളി ഭാഷയിൽ മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകൾ, സന്ദേശങ്ങൾ, ഭാരതത്തിന്റെ, വിശേഷിച്ച് ബംഗാളിന്റെ മഹത്തായ പാരമ്പര്യങ്ങൾ, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു നടത്തിയ പ്രഭാഷണം നിമിഷനേരങ്ങൾക്കുള്ളിൽ ബംഗാളി ദൃശ്യമാധ്യമങ്ങൾ അത്യധികം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.
സ്വാതന്ത്ര്യദിനം, ബംഗാൾ സ്ഥാപകദിനം, ദുർഗാപൂജ, ദീപാവലി ആഘോഷവേളകളിലും സർവകലാശാല വിവാദവിഷയങ്ങളിലും ബംഗാളിഭാഷയിൽ പ്രസംഗിച്ച് ഗവർണർ ആനന്ദബോസ് ബംഗാൾ ജനതയുടെ മനം കവർന്നു. ഗവര്ണറായി ചുമതലയെടുക്കുമ്പോൾ തന്നെ ബംഗാൾ ഭാഷാ പഠനത്തിനും തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളിൽ ബംഗാളി ഭാഷയിൽ പ്രസംഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആറുമാസത്തിനുള്ളിൽ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ബംഗാളിഭാഷയിൽ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു.
തുടർന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദർഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയിൽ തന്നെ പ്രസംഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ശുഷ്‌കാന്തിയും ഭാഷാപ്രേമികൾ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്. മാന്നാനം ഗ്രാമത്തിൽ നിന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ബ്യൂറോക്രാറ്റിലേക്കും ബംഗാളിലെ പ്രഥമപൗരനിലേക്കുമുള്ള യാത്രയിൽ പ്രതിഭയാണ് ആനന്ദബോസിന് തുണയായത്.
''മാന്നാനത്തുതന്നെയായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കെ.ഇ. കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. സ്റ്റേറ്റ് ബാങ്കിലായിരുന്നു ആദ്യ ജോലി. ബംഗാളിലും ചെന്നൈയിലും മിസോറാമിലുമെല്ലാം പ്രവർത്തിച്ചു. പക്ഷേ, ബാങ്കിങ്ങിനോട് മാനസികമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. മടുപ്പായിരുന്നു. അങ്ങനെ സിവിൽ സർവീസ് ലക്ഷ്യംവച്ചു. പഠിക്കുന്ന സമയത്ത് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. രണ്ടാമൂഴത്തിൽ തയ്യാറെടുപ്പ് കടുപ്പിച്ചു. ചേട്ടന് ചെന്നൈയിലാണ് ജോലി. അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. പരീക്ഷയെഴുതി. ഇരുപത്തഞ്ചാംറാങ്ക് കിട്ടി. അതോടെ, ഐ.എ.എസ്. തിരഞ്ഞെടുത്തു,''-ഇതായിരുന്നു ആനന്ദബോസിന്റെ ജീവിത വിജയത്തിന്റെ അടിത്തറ.
കണ്ണൂരിലായിരുന്നു പരിശീലനം. കാസർകോട് സബ് കളക്ടറായി ആദ്യ നിയമനം. പാലായിലും സബ് കളക്ടറായി. പിന്നീട്, കൊല്ലം കളക്ടറടക്കമുള്ള പല പദവികളിലും നിയമിതനായി. സംസ്ഥാന, കേന്ദ്ര പദവികൾ. ഒടുവിൽ കേരളത്തിലെത്തി ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ചു. അതിന് ശേഷം ബംഗാളിലേക്കും എത്തി.