തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര രാമനാമം ജപിക്കണമെന്ന് പറഞ്ഞതോടെ അവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഖുശ്‌ബു അടക്കമുള്ളവർ വിഷയം ഉന്നയിച്ചതോടെ വിഷയം ദേശീയ തലത്തിലും വലിയ വാർത്തയായി. കേരളത്തിൽ ഇടതു സൈബർ ഹാൻഡിലുകളാണ് വിമർശനം ഉന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ തലത്തിലെ വാർത്തകൾ.

അതേസമയം വിഷയത്തിൽ ചിത്രക്ക് പിന്തുണയുമായി ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി രംഗത്തെത്തി. ചിത്ര തന്റെ അഭിപ്രായം പറഞ്ഞതിന് അവരെ ചീത്തവിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറയുന്നതിനെ ഇത്രയേറെ എതിർക്കേണ്ട കാര്യമെന്താണെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.

'എം ടി വാസുദേവൻ നായർ ഈയിടെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ അത് പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, തിരുത്താൻ ചിലർ ശ്രമിച്ചു. എന്നാൽ, ആരും അദ്ദേഹത്തെ ചീത്തപറഞ്ഞില്ല. പക്ഷേ, ചിത്ര സ്വന്തം അഭിപ്രായം പറഞ്ഞപ്പോൾ അവരെ ചീത്തവിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആർക്കും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട്' -ശ്രീകുമാരൻ തമ്പി പറഞ്ഞു.

'ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാൻ എന്റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമനാപം പാടി പഠിച്ചയാളാണ്. അത് എന്റെ സംസ്‌കാരത്തിൽ പെട്ടുപോയതാണ്. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറയുന്നതിനെ ഇത്രയേറെ എതിർക്കേണ്ട കാര്യമെന്താണ്. ബിജെപിയുടെയോ ആർ.എസ്.എസിന്റെയോ വകയായിട്ട് ശ്രീരാമനെ കാണുന്നതാണ് കുഴപ്പം. ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്. ആദികവിയായ വാത്മീകി എഴുതിയ ഒരു മഹദ്‌ഗ്രന്ഥത്തിലെ നായകനാണ്. അതുപോലൊരു നായകനാണ് ശ്രീകൃഷ്ണൻ. അങ്ങനെയുള്ള നായകരെയാണ് നമ്മൾ ദൈവതുല്യരായിക്കണ്ട് പൂജിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാട്ടുകാരിലൊരാളാണ് ചിത്ര. ചിത്ര അവരുടെ അഭിപ്രായം പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ യോജിക്കണമെന്നില്ല. പക്ഷേ, എന്തിനാണ് ചീത്തവിളിക്കുന്നത്. ഞാൻ രാഷ്ട്രീയത്തിൽ സത്യത്തിന്റെ കൂടെ നിൽക്കും. പിണറായി ഒരു നല്ല കാര്യം ചെയ്താൽ അത് നല്ലതാണെന്ന് പറയും. അതുപോലെ മോദി ഒരു നല്ലകാര്യം ചെയ്താൽ അത് നല്ലതാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട് -ശ്രീകുമാരൻ തമ്പി പറഞ്ഞു.

അതേസമയം ചിത്രക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ അതിരൂക്ഷമായ ആക്രമണമാണ് അവർ നേരിടുന്നത്.

അതേ സമയം, ചിത്രയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അയോധ്യാ പ്രാണപ്രതിഷ്ഠാ വേളയിൽ രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞത് കേട്ടയുടൻ സൈബർ ഇടങ്ങളിൽ കെഎസ് ചിത്രക്കെതിരെ ആക്രമണങ്ങൾ നടക്കുകയാണെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു. എന്നാൽ അവരുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി സൈബർ ആക്രമണം നടത്തുന്നു. സഹിഷ്ണുതയുടെ പര്യായമായ കേരളത്തിന് യോജിക്കുന്നതാണോ ഇതൊക്കെ. ശബരിമലയിൽ ആചാരലംഘനത്തിന് നിന്നവരാണ് ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്'- വി മുരളീധരൻ പറഞ്ഞു.

സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രം?ഗത്തെത്തിയിരുന്നു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ചിത്രയ്ക്ക് ആക്രമണം നേരിടേണ്ടി വരുന്നതെന്നും കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സൈബർ ആക്രമണം ശക്തമായതോടെ ചിത്രയെ പിന്തുണച്ച് ഗായകൻ ജി വേണു ഗോപാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നാണ് ജി വേണുഗോപാൽ ചോദിച്ചത്.