തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ.എസ് ചിത്ര. എന്നാൽ ഗായിക പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അവർക്കെതിരെ കടുത്ത സൈബർ ആക്രമണണമാണ് നടക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വീഡിയോയും അവർ ചെയ്തു. ഇതോടെയാണ് സൈബറിടത്തിൽ വ്യാപകമായി കുരുപൊട്ടൽ. ഇടതു അനുഭാവികളടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തു വന്നത്.

'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.

കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തി. ഇടതു സൈബർ ഇടങ്ങളിൽ പ്രമുഖനായ ശ്രീചിത്രൻ അടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തുവന്നത്. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രൻ പറയുന്നു.

നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല.
വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ എന്നാണ് ശ്രീചിത്രൻ പങ്കുവച്ചത്.

കെഎസ് ചിത്ര തന്റെ രാമക്ഷേത്ര ആശംസ അവസാനിപ്പിക്കുന്നത് ലോക സമസ്താ സുഖിനോ ഭവന്തു എന്ന സൂക്തത്തിലാണ്.
പ്രിയപ്പെട്ട വാനമ്പാടീ,

അഞ്ചു തിരിയിട്ട ദീപങ്ങളുമായി താങ്കൾ സ്വാഗതം ചെയ്യുന്ന ഈ ജനുവരി 22ലെ രാമ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് മുൻപൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു. 1948 ഡിസംബറിൽ അവിടെ കുറച്ചുപേർ കടന്നു കയറി. അതിനകത്ത് ഒരു ബാലരാമ വിഗ്രഹം വെച്ചു. ഭവതി പറഞ്ഞ സർവ്വചരാചരങ്ങളുടെയും സുഖം ഉണ്ടല്ലോ, അയോധ്യയിലെ മുസ്ലീങ്ങളുടെ സുഖം അന്ന് അവസാനിച്ചു. ക്രമേണ ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളുടെയും.

1992 ഡിസംബർ ആറിന് സർവ്വചരാചരങ്ങളുടെയും സുഖത്തിനായി ഇന്ന് അമ്പലം പണിഞ്ഞവർ തന്നെ ആ പള്ളി കല്ലോട് കല്ല് തകർത്തു കളഞ്ഞു. അടുത്തവർഷം മുതൽ ഇതേ സമസ്ത ലോക സുഖകാംക്ഷികൾ ഡിസംബർ 6 വിജയദിനമായി ആഘോഷിച്ചു. പിന്നീട് ഇന്ത്യയിൽ എണ്ണമറ്റ കൂട്ടക്കൊലകളുടെ ചരിത്രം പിറന്നു. ആ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്.

എല്ലാ വാനമ്പാടിയുടെയും സംഗീതത്തിൽ താൻ പറക്കുന്ന ആകാശത്തിന്റെ അന്തരീക്ഷമുണ്ട്. അതുകൊണ്ട് ലോകത്തെങ്ങും സംഗീതം തനിക്ക് ചുറ്റുമുള്ള ചരിത്രത്തിന്റെ അന്തരീക്ഷം തിരിച്ചറിയുന്ന വാനമ്പാടികളെ സൃഷ്ടിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല. വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ.

നേരത്തെ നടൻ മോഹൻലാലും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു. ക്ഷേത്രത്തിൽ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ജനുവരി 22 ന് രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.