- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ സൈബർ സഖാക്കളുടെ കണ്ണിൽ കരടായി എം എ ബേബിയും! ഹരീഷ് പേരടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണം; 'ഇടതുപക്ഷ വിരുദ്ധന്റെ സിനിമയ്ക്ക് പ്രമോഷൻ' എന്ന് വിമർശിച്ചു സഖാക്കൾ; പോസ്റ്റർ ഷെയർ ചെയ്തത് പാർട്ടി വിരുദ്ധ നിലപാടിനുള്ള അംഗീകാരമല്ലെന്ന് വിശദീകരിച്ച പി ബി അംഗം
തിരുവനന്തപുരം: അസഹിഷ്ണുതയുടെ കാര്യത്തിൽ സിപിഎം കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അണികളെയും കടത്തിവെട്ടുന്നവരാണ്. പാർട്ടിയെ വിമർശിക്കുന്ന സിനിമകളെ കൂവിൽ തോൽപ്പിക്കുന്നതിനൊപ്പം മറ്റു മാർഗ്ഗങ്ങളും അവർ പ്രയോഗിക്കുമെന്നത് പതിവാണ്. ടി പി 51 വെട്ട് എന്ന സിനിമയ്ക്ക് എതിരെ അടക്കം നിരവധി ഭീഷണികൾ വന്നിട്ടുണ്ട്. ഇപ്പോൾ സിപിഎം അണികൾ ഉന്നമിടുന്നത് പാർട്ടിയെ വിമർശിക്കുന്ന സിനിമാക്കാരെയാണ്. ഇത്തരക്കാരുടെ നോട്ടപ്പുള്ളി ലിസ്റ്റിലാണ് നടൻ ഹരീഷ് പേരടിയും.
സർക്കാറിന്റെ കൊള്ളരുതായ്മയെ സൈബറിടത്തിൽ വിമർശിക്കുന്ന വ്യക്തിയാണ് ഹരീഷ് പേരടി. ഇതിന്റെ പേരിൽ ഹരീഷ് പേരടിയെ അടുത്തിടെ ഒരു നാടകമേളയിൽ നിന്നും ഒഴിവാക്കിയത് അടക്കം വിവാദമായിരുന്നു. ഇങ്ങനെ ഇടതു സർക്കാറിന്റെയും അണികളുടെയും കണ്ണിൽകരടായ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വിവാദത്തിൽ ചാടി.
ദാസേട്ടന്റെ സൈക്കിൾ എന്ന പുതിയ സിനിമയുടെ പോസ്റ്ററാണ് എം എ ബേബി പങ്കുവെച്ചിരിക്കുന്നത്. അഖിൽ കാവുങ്കലാണ് ചിത്രത്തിന്റെ സംവിധായകൻ. പോസ്റ്ററിനെതിരെ സൈബർ ആക്രമണം തുടങ്ങിയതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തു വരികയും ചെയ്തു. ഹരീഷ് പേരടി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചതിൽ എം എ ബേബി വിശദീകരണവുമായി പിന്നീട് രംഗത്ത് എത്തുകയും ചെയ്തു.
'ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ സംവിധായകന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി എന്ന് പറഞ്ഞാണ് എം എ ബേബിയുടെ വിശദീകരണം. 'ഇടതുപക്ഷ വിരുദ്ധന്റെ' സിനിമക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചില സുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. പ്രഗൽഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന- ചലച്ചിത്ര നിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്നമില്ല, ഫേസ്ബുക്കിൽ മതി എന്നറിയിച്ചു.
ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ, അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
രാഷ്ട്രീയാതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്. എം എ ബേബിയെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾ ആയിരിക്കും ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യുക എന്ന് ഹരീഷ് പേരടി നേരത്തെ അറിയിച്ചിരുന്നു.
അഖിൽ കാവുങ്കൽ തന്നെയാണ് തിരക്കഥയും. ഹരീഷ് പേരടിക്കൊപ്പം, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. രാഹുൽ സി വിമലയാണ് ഛായാഗ്രാഹണം. നൗഫൽ പുനത്തിലാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
മറുനാടന് ഡെസ്ക്