- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കമ്മീഷണർ സിനിമയോടെ അവൻ പൂർണമായും കൈയിൽ നിന്നും പോയിരുന്നു'; സുരേഷ് ഗോപിക്കെതിരെ ഷാജി കൈലാസിന്റെ പേരിൽ നീചമായ സൈബർ പ്രചരണം; വ്യാജമായ വാർത്തകളിൽ ആനന്ദം കൊള്ളുന്നവർക്ക് സഹോദരതുല്യമായ സുഹൃത്ബന്ധം നശിപ്പിക്കുവാൻ സാധിക്കില്ലെന്ന് ഷാജി
തിരുവനന്തപുരം: കുറച്ചു ദിവസമായി ബിജെപി നേതാവും നടനുമായി സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് നീചമായ സൈബർ പ്രചരണമാണ്. ഷാജി കൈലാസ് പറയാത്ത കാര്യം സുരേഷ് ഗോപിയെ കുറിച്ചു പറഞ്ഞു എന്നു പറഞ്ഞാണ് സിപിഎം സൈബർ സഖാക്കൾ അദ്ദേഹത്തെ അവഹേളച്ചു കൊണ്ടു പോസ്റ്റർ പ്രചരിക്കുന്നത്. കമ്മീഷണർ സിനിമയോടെ സുരേഷ് ഗോപി പൂർണമായും കൈയിൽ നിന്നും പോയിരുന്നു എന്നു പഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്ററാണ് സൈബറിടത്തിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നത്.
ആ പോസ്റ്ററിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ''കമ്മീഷണർ എന്ന സിനിമയോട് കൂടി അവൻ പൂർണമായും കയ്യിൽ നിന്ന് പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തിൽ സിനിമ ഏതാ ജീവിതമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോൾ ഭരത്ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്‌റ്റൈലിൽ തട്ടിക്കയറി-ഷാജി കൈലാസ്.
തൃശ്ശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകും എന്നു ഉറപ്പിച്ചതോടെയാണ് ഇത്തരം സൈബർ ആക്രമണങ്ങൾ സുരേഷ് ഗോപിക്കെതിരെ നടക്കുന്നത്. ഈ പോസ്റ്ററും അത്തരത്തിൽ അദ്ദേഹത്തെ മോശമാക്കുന്ന വിധത്തിൽ പ്രചരിക്കുകയായിരുന്നു. ഇത്തരം പ്രചരണങ്ങളിൽ സഹികെട്ട് സംവിധായകൻ ഷാജി കൈലാസ് തന്നെ ഇപ്പോൾ നേരിട്ടു രംഗത്തുവന്നു. വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യാർഥിച്ചാണ് ഷാജി കൈലാസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ രംഗത്തുവന്നത്.
കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുള്ള ആത്മബന്ധമെന്നും സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷാജി വ്യാജ പ്രചരണങ്ങളെ തള്ളുന്നത്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകനെന്നും ഷാജി വ്യക്തമാക്കി.
അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുരേഷ്‌ഗോപി. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിതെന്നും ഷാജി കൈലാസ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുള്ള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.
സുരേഷ് ഗോപി തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥയാകുമെന്ന് ഉറപ്പായപ്പോൾ മുതൽ അദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമണങ്ങൾ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവും. മാധ്യമങ്ങളുമായുള്ള പെരുമാറ്റത്തിന്റെ പേരിലും സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം പ്രേക്ഷകപിന്തുണ നേടി മുന്നേറുകയാണ്. കേരള ബോക്‌സോഫീസിൽ മികച്ച കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾട്ട്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡനുണ്ട്. ഒരു കോടിയിൽ നിന്ന കളക്ഷൻ ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് കോടിയിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ചിത്രം ഞായറാഴ്ച 2.4 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷൻ 5.15 കോടിയായി.