- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ആഭ്യന്തരം ഭരിക്കുമ്പോൾ സിപിഎം സൈബർ പോരാളികൾക്കും രക്ഷയില്ല; ആലുവയിലെ വസ്തുഇടപാട് തർക്കത്തിൽ സൈബർ പോരാളി പി കെ സുരേഷ് കുമാറിനെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതച്ച് ജയിലിൽ അടച്ചെന്ന് പരാതി; ഫോണുകൾ പിടിച്ചെടുത്തെന്നും ആക്ഷേപം
തിരുവനന്തപുരം: സി പി എം സൈബർ പോരാളി പി കെ സുരേഷ് കുമാറിനെ പിണറായി പൊലീസ് കള്ള കേസിൽ കുടുക്കി മർദ്ദിച്ച് അവശനാക്കി ജയിലിലടച്ചതായി പരാതി. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയ സുരേഷ് കുമാറിനെ പൊലീസുകാർ മർദ്ദിക്കുകയും പിന്നീട് കള്ള കേസിൽ കുരുക്കി ജയിലിലടയ്ക്കുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 15 നാണ് സംഭവം.
2021 ഒക്ടോബറിൽ ഒരു വീട് വാങ്ങാൻ വേണ്ടി പ്രാദേശിക ബിൽഡർക്ക് സുരേഷ് കുമാർ അഡ്വാൻസ് നൽകിയിരുന്നു. വീടും വീടിരിക്കുന്ന സ്ഥലവും അതിനോട് ചേർന്ന് ബിൽഡറുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും ഒരു സെന്റ് സ്ഥലവും കൂടി ചേർത്താണ് വില നിശ്ചയിച്ച് അഡ്വാൻസ് നൽകിയത്. എന്നാൽ വസ്തുവും വീടും കൂടി വാങ്ങാൻ ബാങ്ക് ലോൺ ലഭിക്കാത്തതിനെത്തുടർന്ന് സുരേഷ് കുമാർ അഡ്വാൻസ് തുക തിരികെ ചോദിച്ചു. എന്നാൽ തുക തിരികെ നൽകാൻ ബിൽഡർ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞ ജൂലൈ 16 ന് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇരുകൂട്ടരേയും ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചെങ്കിലും ധാരണയായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ബിൽഡർമാരിൽ ഒരാൾ പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ സുരേഷ് കുമാറിനെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ടിപ്പർ കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ഓഗസ്റ്റ് 16 ന് ആലുവ റൂറൽ എസ്പി ക്ക് സുരേഷ് കുമാർ പരാതി നൽകി. റൂറൽ എസ്പി ആലുവ ഡിവൈഎസ്പിയെ പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
ഒരു മാസമായിട്ടും ഡി വൈ എസ് പി ഓഫീസിൽ നിന്നും അനക്കമൊന്നും ഇല്ലാത്തതിനെത്തുടർന്ന് സെപ്റ്റംബർ 15 ന് സുരേഷ് കുമാർ ഡി വൈ എസ് പി ഓഫീസിൽ നേരിട്ടെത്തി. എന്നാൽ അങ്ങനെ ഒരു പരാതി അവിടെ ലഭിച്ചിട്ടില്ലെന്ന് ആയിരുന്നു മറുപടി. വാക്കേറ്റത്തെത്തുടർന്ന് ഓഫീസ് റൈട്ടർ സുരേഷ് കുമാറിനെ മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പിന്നീട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂടി ചേർന്ന് സുരേഷ് കുമാറിനെ മർദ്ദിച്ചു.
ഡി വൈ എസ് പി ഓഫീസിൽ നിന്നും അറിയിച്ചതിനെത്തുടർന്ന് ആലുവ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി സുരേഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ചു. സി പി എം ഭരണകാലത്ത് സൈബർ സി പി എം പോരാളികൾക്ക് പോലും രക്ഷയില്ലാതായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും തുടർ നടപടികൾ കാത്തിരിക്കുകയാണെന്നും സുരേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രിയായ പിണറായി വിജയന് പൊലീസിൽ നിയന്ത്രണമില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നതാണ്. ഇത് ശരിവയ്ക്കുന്ന സംഭവമാണ് സുരേഷ്കുമാറിന്റെ കാര്യത്തിൽ നടന്നത്.
സുരേഷ് കുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:
പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി... സെപ്റ്റംബർ 16 ന് ഉച്ചയോടെ ആലുവ പൊലീസ് ബലമായി കൈക്കലാക്കിയ ഫോണുകൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോടതിയിൽ നിന്ന് തിരിച്ച് കിട്ടി.. ഫോണുകൾ തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ക്ലയിം പെറ്റീഷനും അഡ്വാൻസ് പെറ്റീഷനും ഞാൻ തന്നെ ഒക്ടോബർ 1 ന് കോടതിയിൽ സമർപ്പിച്ചു , സ്വയം വാദിച്ച് അനുകൂല വിധി നേടി.. ഇന്നലെ വൈകിട്ട് സെൽഫ് ബോണ്ടിൽ ഫോണുകൾ തിരിച്ച് കിട്ടി.. സെപ്റ്റംബർ 19 ന് ജാമ്യം ലഭിച്ച് ജയിൽ വിമോചിതനായി എങ്കിലും ഫോണുകൾ ഇല്ലാതിരുന്നതു കൊണ്ട് ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്യാനോ സോഷ്യൽ മീഡിയ ഇടപെടലുകൾ നടത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല .
നിയമ ലംഘനങ്ങളുടെ വലിയ നിര തന്നെ എനിക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിലും അതിന്റെ തുടർ നടപടികളിലും ഉണ്ടായിട്ടുണ്ട്. എല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കപ്പെടും. ചില കാര്യങ്ങൾ ഹൈക്കോടതി മുഖാന്തിരം പരിശോധിക്കപ്പെടേണ്ടതുണ്ട്. എനിക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ വിചാരണ കോടതിയിലൂടെ വിചാരണ നടത്തി തീർപ്പാക്കൽ എന്ന നെടുനാളത്തെ നടപടിക്രമമല്ല, മറിച്ച് അന്യായമായ കസ്റ്റഡി , കേസ്, അറസ്റ്റ് റിമാന്റ് , അടക്കമുള്ള വിഷയങ്ങളും അനധികൃതമായി എന്റെ ഫോണുകൾ പൊലീസ് ഓപ്പൺ ചെയ്ത് സെപ്റ്റംബർ 17 ന് രാവിലെ പൊലീസ് അതിക്രമം സംബന്ധിച്ച് ഞാനിട്ട പോസ്റ്റ് പൊലീസ് തന്നെ നീക്കം ചെയ്ത സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, ഡേറ്റാ അപഹരണം അടക്കമുള്ള വിഷയങ്ങളും ഹൈക്കോടതിയിൽ ചോദ്യം ചെയ്യും.
മുഖ്യമന്ത്രിക്ക് ഞാൻ നൽകിയ പരാതിയിൽ ഇപ്പോൾ നടക്കുന്ന അന്വേഷണ പുരോഗതിയും അതിന്റെ റിപ്പോർട്ടും ലഭിക്കാനായി തൽക്കാലം കാത്തിരിക്കുന്നു..
എന്താണ് സെപ്റ്റംബർ 16 നും 17 നും ഉണ്ടായ സംഭവങ്ങൾ എന്ന് വ്യക്തമാക്കാം..
2021 ഒക്ടോബറിലാണ് ഒരു വീട് വാങ്ങാൻ വേണ്ടി പ്രാദേശിക ബിൽഡർക്ക് ഞാൻ അഡ്വാൻസ് നൽകിയത് . വീടും വീടിരിക്കുന്ന 3.3 സെന്റ് സ്ഥലവും അതിനോട് ചേർന്ന് ബിൽഡറുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് നിന്ന് ഒരു സെന്റ് സ്ഥലവും കൂടി ചേർത്താണ് വില നിശ്ചയിച്ച് വാക്കുറപ്പിച്ച് അഡ്വാൻസ് നൽകിയത്. ബാങ്ക് ലോൺ കൂടി റെഡിയായാലേ വീട് വാങ്ങാൻ ഞങ്ങളുടെ കൈയിൽ പണം ഉണ്ടാകൂ എന്ന് വ്യക്തമായി പറഞ്ഞ് തന്നെയാണ് വാക്കുറപ്പിച്ചതും രജിസ്ട്രേഷന് ആറ് മാസ കാലാവധി പറഞ്ഞ് അഡ്വാൻസ് നൽകിയതും. കോ- ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ ശരിയാക്കുന്നതിലേക്കായി പ്രസ്തുത വസ്തുവിന്റെ എല്ലാ രേഖകളുടെയും പകർപ്പുകൾ അഡ്വാൻസ് നൽകിയപ്പോൾ തന്നെ ബിൽഡർ എനിക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സഹകരണ ബാങ്കിനെ സമീപിച്ചു. കരുവന്നൂർ ബാങ്ക് പ്രശ്നങ്ങൾക്ക് ശേഷം 5 സെന്റിൽ താഴെയുള്ള ഈട് വസ്തുക്കളിൽ ഗ്രാമീണ മേഖലയിൽ ലോൺ അനുവദിക്കേണ്ടതില്ല എന്ന ഒരു തീരുമാനം ഉള്ളതു കൊണ്ട് ലോൺ അപേക്ഷ പ്രശ്നത്തിലായി . വീടിരിക്കുന്ന 3.3 സെന്റ് വസ്തുവിന് ചേർന്നുള്ള ഒരു സെന്റ് വസ്തു കൂടി വാങ്ങുന്നുണ്ട് എന്ന കാര്യം ബാങ്ക് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അക്കാര്യം കൂടി കരാറാക്കി രേഖകൾ ബാങ്കിൽ നൽകിയാൽ 4.3 സെന്റ് സ്ഥലം ഉണ്ട് എന്ന പരിഗണന നൽകി സഹകരണ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി ലോൺ നൽകാം എന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് ഇക്കാര്യം ഉൾപ്പെടുത്തി കരാർ തയ്യാറാക്കാൻ ബിൽഡറെ സമീപിച്ചപ്പോൾ ആണ് അഡീഷണൽ ആയി വാങ്ങാൻ നിശ്ചയിച്ച ഒരു സെന്റ് ഉൾപ്പെടുന്ന 6 സെന്റ് പ്ലോട്ട് കൂടിയ വിലയ്ക്ക് ബിൽഡർ മറ്റൊരാൾക്ക് വിറ്റു എന്നറിയുന്നത്.
10 വർഷത്തോളമായി IT റിട്ടേൺ ഞാൻ ഫയൽ ചെയ്തിട്ടില്ല. അതിനുള്ള വാർഷിക വരുമാനം ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. ഭാര്യയ്ക്കും IT ഇല്ല. റവന്യൂ റിക്കവറി അടക്കമുള്ള നടപടികൾ വന്ന് എന്റെ സിബൽ സ്കോറും വളരെ താഴെ ആയതു കൊണ്ട് നാഷണലൈസ്ഡ് - ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് ലോണും ലഭിക്കില്ല. അക്കാരണത്താൽ സഹകരണ ബാങ്ക് മാത്രമേ ആശ്രയമായുള്ളൂ.. 3.3 സെന്റ് സ്ഥലത്തിന് സഹകരണ ബാങ്കിൽ നിന്ന് ഒരു കാരണവശാലും ലോൺ ലഭിക്കില്ല എന്നുറപ്പായതോടെ വാക്ക് വ്യത്യാസം കാണിച്ച ബിൽഡറോട് അഡ്വാൻസ് തുക തിരികെ നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. തരാമെന്ന് ബിൽഡർ പറഞ്ഞെങ്കിലും അയാൾ അത് പാലിച്ചില്ല.
കഴിഞ്ഞ ജൂണിൽ എന്റെ ഒരു സുഹൃത്തിന്റെ ഇടപെടലിന്റെ ഭാഗമായി സ്വകാര്യ ബാങ്കിൽ നിന്ന് വൈഫിന്റെ പേരിൽ 15 ലക്ഷം രൂപ ലോൺ പാസായികിട്ടി. തുടർന്ന് ഞങ്ങൾ ഇപ്പോൾ വാങ്ങിയ വീടിന് Advance നൽകി കരാർ എഴുതുകയും ജൂൺ 29 ന് ബാങ്ക് DD ഇഷ്യു ചെയ്യുകയും ചെയ്തു. ബാക്കി പണം സമാഹരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ നെട്ടോട്ടമോടുന്നതിനിടയിൽ ആദ്യം അഡ്വാൻസ് കൊടുത്ത ബിൽഡറോട് ഞാൻ നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകണമെന്ന് ഫോണിലൂടെയും നേരിട്ടും പലവട്ടം സംസാരിച്ചു. രജിസ്ട്രേഷൻ തീയതിയുടെ രണ്ട് ദിവസം മുമ്പ് പൈസ തിരികെ തരാമെന്ന് വാക്ക് പറഞ്ഞ ബിൽഡർ ആ സമയം വാക്കു മാറി . Advance തിരിച്ച് തരാൻ പറ്റില്ല എന്നും വേണമെങ്കിൽ വസ്തു തീറ് നടത്തി എടുത്തോ എന്നും പറഞ്ഞു. ഒടുവിൽ പല സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഇപ്പോൾ വാങ്ങിയ വീടിന്റെ ഉടമയ്ക്ക് ബാങ്ക് ലോൺ കിഴിച്ചുള്ള ബാക്കി പൈസ കൊടുത്ത് രജിസ്ട്രേഷൻ നടത്തിയത്.
പുതിയ വീടിന്റെ രജിസ്ട്രേഷന് മുമ്പ് തന്നെ ആദ്യ ബിൽഡർ Advance തുക തിരികെ നൽകാതെ കബളിപ്പിക്കുന്ന വിഷയം കാണിച്ച് കഴിഞ്ഞ ജൂലൈ 16 ന് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി , രണ്ടാം ദിവസം അവിടത്തെ SHO ബിൽഡർമാരെയും എന്നെയും വിളിച്ച് സംസാരിച്ച് പരാതി തീർപ്പാക്കാൻ ശ്രമിച്ചു എങ്കിലും ഇത് സിവിൽ കേസ് ആണ് , പൊലീസ് ഇടപെടണ്ട എന്ന് പറഞ്ഞ് ബിൽഡർമാർ പരാതി തീർപ്പ് രജിസ്റ്ററിൽ പോലും ഒപ്പ് വെക്കാതെ സ്റ്റേഷനിൽ നിന്ന് പോയി..
മൂന്നാഴ്ചകൾക്ക് ശേഷം വീടിനടുത്തുള്ള ജംഗ്ഷനിൽ വെച്ച് ബിൽഡർമാരിൽ ഒരാൾ അവർക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ കയർത്ത് സംസാരിക്കുകയും അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ടിപ്പർ കയറ്റി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു..
ഞങ്ങളുടെ കാശും പോയി , പരാതി നൽകി പരിഹാരം കാണാൻ ശ്രമിച്ചപ്പോൾ അതും നടന്നില്ല ഒടുക്കം ഭീഷണിയും തെറി വിളിയും വധഭീഷണിയും. ഇക്കാര്യം സംബന്ധിച്ച് ഓഗസ്റ്റ് 16 ന് ആലുവ റൂറൽ SP യ്ക്ക് നേരിട്ട് ഞാൻ പരാതി നൽകി. SC അട്രോസിറ്റി ആയി തന്നെ പരാതി നൽകാൻ ഒരു അഭിഭാഷക സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അക്കാര്യം വ്യക്തമാക്കിയാണ് പരാതി നൽകിയത്. റൂറൽ SP ആലുവ DYSP യെ എന്റെ പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഒരു മാസമായിട്ടും പരാതിയിൽ അന്വേഷണം എന്തെങ്കിലും നടക്കുകയോ എന്നെ വിളിച്ച് മൊഴി എടുക്കുകയോ ഉണ്ടായില്ല..
ബിൽഡറുടെ കൈയിൽ നിന്ന് DySP കൈക്കൂലി വാങ്ങി എന്റെ പരാതിയുടെ അന്വേഷണം അട്ടിമറിച്ചു എന്ന് സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ പത്തരയോടെ എന്നെ ഒരാൾ അറിയിച്ചതിനെ തുടർന്ന് ഞാൻ DySP ഓഫീസിൽ വിളിച്ച് എന്റെ പരാതിയുടെ കറണ്ട് സ്റ്റാറ്റസ് എന്താണ് എന്നന്വേഷിച്ചു. അങ്ങനെ ഒരു പരാതിയേ അവിടെ ഇല്ല എന്ന മറുപടിയാണ് Dysp ഓഫീസിൽ നിന്ന് ലഭിച്ചത്. തുടർന്ന് പതിനൊന്നരയോടെ ഞാൻ DySP ഓഫീസിൽ നേരിട്ട് ചെല്ലുകയും DySP സ്ഥലത്തില്ലാതിരുന്നതിനാൽ ഓഫീസ് റൈട്ടറുമായി സംസാരിക്കുകയും ചെയ്തത്.. എന്റെ പരാതി അവിടെ ഇല്ല എന്ന പല്ലവി റൈട്ടർ ആവർത്തിച്ചു. സ്വാഭാവികമായും നീതി നിഷേധിക്കപ്പെട്ടതിന്റെ ദേഷ്യം ഉണ്ടായിരുന്നതു കൊണ്ട് ശബ്ദമുയർത്തി തന്നെ ഞാൻ സംസാരിച്ചു. കൈക്കൂലി വാങ്ങി SC അട്രോസിറ്റി പരാതിയിലെ അന്വേഷണം അട്ടിമറിച്ചു അല്ലേടോ എന്ന് ചോദിച്ചതോടെ പ്രകോപിതനായി റൈട്ടർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് കണ്ടാലറിയാവുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരും അയാൾക്കൊപ്പം ചേർന്ന് മർദ്ദിക്കുന്ന സ്ഥിതി ഉണ്ടായി...
ഇതിനിടയിൽ ഓഫീസിന് വെളിയിൽ ഉണ്ടായിരുന്ന ഒരു ഓഫീസർ അകത്തേക്ക് വരികയും എനിക്ക് മർദ്ദനമേറ്റു എന്ന് മനസ്സിലാക്കുകയും എന്നെ തിരിച്ചറിയുകയും ചെയ്തതോടെ റൈട്ടറോട് സാറേ പണി പാളും എന്ന് പറഞ്ഞതോടെ റൈട്ടർ ഓഫീസ് അകത്ത് നിന്ന് പൂട്ടി എന്നെ പുറത്തേക്ക് വിടാൻ അനുവദിച്ചില്ല. പ്രസ്തുത ഉദ്യോഗസ്ഥനോട് സ്റ്റേഷനിൽ വിളിക്കാൻ റൈട്ടർ പറഞ്ഞെങ്കിലും അദ്ദേഹം അത് ചെയ്യാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് മറ്റൊരാൾ ആലുവ സ്റ്റേഷനിലേക്ക് വിളിക്കുകയും ഒരു SI യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി എന്നെ കസ്റ്റഡിയിൽ എടുത്ത് ആലുവ സ്റ്റേഷനിൽ ഉച്ചയ്ക്ക് 11.45- 12 മണിയോടെ എത്തിച്ചു. സ്റ്റേഷനിൽ എത്തിച്ച പാടെ GD ചാർജിൽ ഉണ്ടായിരുന്ന ASI ബലമായി എന്റെ ഫോണുകൾ വാങ്ങി എടുത്തതുകൊണ്ട് എനിക്ക് ആരെയും വിവരം അറിയിക്കാൻ കഴിഞ്ഞില്ല. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് FIR രജിസ്റ്റർ ചെയ്തതോ അറസ്റ്റ് റെക്കോർഡ് ചെയ്തതോ ഒന്നും ഞാൻ അറിഞ്ഞില്ല. SHO യെ നേരിൽ കാണണമെന്നും Adl. SP യുമായി ഫോണിൽ സംസാരിക്കണമെന്നും സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ ഞാൻ അവശ്യപ്പെട്ടെങ്കിലും രാത്രി 7.30 ന് ആണ് SHO യെ നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞത്. അതിന് ശേഷം SHO പറഞ്ഞിട്ടാണ് എന്റെ ഫോണുകളിൽ ഒരെണ്ണം എനിക്ക് തിരിച്ച് തരുന്നതും ഞാൻ എന്റെ സുഹൃത്തും ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറിയായ പ്രവീണിനെ വിളിച്ച് വിവരം പറയുന്നതും Ambily Kamala അമ്പിളി വക്കീലിന്റെ ഹസ്ബൻഡ് Adv. മധുസൂധനന്റെ നമ്പർ പ്രവീണിന് കൈമാറുന്നതും. ആ ഫോൺ വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ GD ചാർജ്ജ്കാരൻ ഫോൺ തിരികെ വാങ്ങി വെച്ചു. പ്രവീൺ മുഖാന്തിരമാണ് ബാക്കി സുഹൃത്തുക്കളും അതു വഴി പാർട്ടി സഖാക്കളും വിവരമറിയുന്നത്.
പാർട്ടിയുടെ വിവിധ നേതാക്കൾ ഇടപെട്ടു എങ്കിലും FIR രജിസ്റ്റർ ചെയ്തതിനാൽ എല്ലാവരും നിസ്സഹായരായെന്ന് പിറ്റേന്ന് രാവിലെ എന്നെ കാണാൻ സ്റ്റേഷനിൽ വന്ന പാർട്ടി ജില്ലാ കമ്മിറ്റി അംഗം പറഞ്ഞപ്പോഴാണ് പാർട്ടി ഇടപെട്ട വിശദ വിവരങ്ങൾ ഞാനറിയുന്നത്. അതിനിടയിൽ രാവിലെ ഒരു പൊലീസ് ഓഫീസറുടെ സഹായത്തോടെ ഞാനിട്ട Fb പോസ്റ്റ് വഴി കൂടുതൽ വിവരങ്ങൾ പുറം ലോകം അറിഞ്ഞു.
SHO പോലും അറിയാതെ ഒരു ജാമ്യമില്ല വകുപ്പുകൾ ചുമത്തിയ FIR, വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടടുപ്പിച്ച് കസ്റ്റഡിയിൽ ആയ എന്നെ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള കോടതിയിൽ അന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഹാജരാക്കാം എന്നിരിക്കെ 24 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ച് നോൺ APP ദിവസമായ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ ഇടുക എന്ന കൃത്യമായ ഗൂഢാലോചന അരങ്ങേറിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് അറസ്റ്റ് റെക്കോർഡ് ചെയ്തതായ മെമോ എന്നെ കൊണ്ട് ഒപ്പ് വെയ്പ്പിക്കുന്നത് ശനിയാഴ്ച രാവിലെ 10.30 ന്. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോൾ Dysp ഓഫീസിൽ വെച്ച് മർദ്ദനമേറ്റ വിവരം കോടതിയെ അറിയിച്ചപ്പോൾ വിവരങ്ങൾ വിശദമായി രേഖാമൂലം എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് എഴുതി നൽകിയതിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയും APP ഇല്ലാത്തതിനാൽ ജാമ്യഹർജി തൊട്ടടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ഉത്തരവിടുകയും ചെയ്തു.
ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ പരിശോധനകൾക്ക് ശേഷം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ കിടത്തി ചികിത്സിക്കേണ്ട പരിക്കുകൾ ഇല്ല എന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനാലും ആവശ്യമായ മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്തിട്ടുള്ളതിനാലും മരുന്നുകൾ വാങ്ങി നൽകാൻ പൊലീസിന് നിർദ്ദേശം നൽകി റിമാന്റ് ചെയ്തു. ശനി രാത്രി, ഞായർ , തിങ്കൾ പകൽ ... രണ്ട് ദിവസം ജയിൽ വാസവും വെള്ളിയും ശനിയുമായ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയും കഴിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ച് വൈകിട്ട് അഞ്ചരയോടെ ജയിൽ മോചിതനായി.
പൊലീസ് രജിസ്റ്റർ ചെയ്ത കള്ളക്കേസ് പുല്ലു പോലെ കോടതിയിൽ പൊളിച്ചടുക്കിയാണ് IPC 353 അടക്കമുള്ള വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ മധു അണ്ണനും അമ്പിളി വക്കീലും ചേർന്ന് ജാമ്യം നേടിയെടുത്തത്..
വിവരം അറിഞ്ഞ് കോടിയേരി സഖാവിനൊപ്പം ചെന്നൈ ആശുപത്രിയിൽ ആയിരുന്നിട്ടും വിഷയത്തിൽ ഇടപെട്ട പ്രിയ സുഹൃത്ത് Bineesh Kodiyeri , ബിനീഷ് പറഞ്ഞിട്ട് എന്റെ ഭാര്യയെയും മക്കളെയും വിഷമ ഘട്ടത്തിൽ ആശ്വസിപ്പിക്കാനായി വീട്ടിൽ വരികയും കോടതിയിൽ എനിക്ക് വേണ്ടി ഹാജരാകാൻ വേണ്ടി രാവിലെ തന്നെ സ്റ്റേഷനിൽ എത്തിയ ബിനീഷിന്റെ അസോസിയേറ്റും എന്റെ സുഹൃത്തുമായ Adv. Ninu Mohandas , കട്ടയ്ക്ക് കൂടെ നിന്ന പ്രിയ സുഹൃത്ത് പ്രവീൺ ഈങ്ങമണ്ണ , ഒരു കൂടപ്പിറപ്പായി വൈഫിന് എല്ലാ ആശ്വാസവുമായി കൂടെ നിന്ന അമ്പിളി വക്കീൽ , വിഷയത്തിൽ ഇടപെട്ട പാർട്ടി സഖാക്കൾ , ഓൺലൈനിലും ഓഫ് ലൈനിലും ഇടപെട്ട പ്രിയ സുഹൃത്തുക്കൾ എല്ലാവർക്കും നന്ദി അറിയിക്കുന്നു..
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല... നാട്ടിൽ ഉണ്ടെങ്കിൽ അത് തുടർന്ന് കൊണ്ടേയിരിക്കും ... മുമ്പൊരിക്കൽ അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു കേസും അറസ്റ്റും ഒരു ദിവസത്തെ ജയിൽവാസവും കിട്ടിയിരുന്നു. ആലുവ മുൻസിപ്പാലിറ്റിയിലെ അഴിമതിക്ക് എതിരെ പരാതി നൽകി മുൻസിപ്പൽ സെക്രട്ടറിയെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു എങ്കിലും സംഘടിതരായ ഉദ്യോഗസ്ഥ- വലതു പക്ഷ രാഷ്ട്രീയ സഖ്യം എന്റെ സ്ഥാപനം പൂട്ടിച്ചു കൊണ്ടാണ് അതിന് കണക്കു തീർത്തത്..
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് വരാൻ വേണ്ടി തൽക്കാലം കാത്തിരിക്കുന്നു. കുറ്റകൃത്യത്തിന്റെ ഭാഗമായി പൊലീസ് പോലും കണക്കാക്കാതിരുന്ന എന്റെ മൊബൈൽ ഫോണുകൾ തുറന്ന് പരിശോധിക്കുകയും അതിലെ വിവരങ്ങൾ മനസ്സിലാക്കുകയും എന്റെ Fb പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ നിയമ നടപടികളുമായി മുന്നോട്ട് പോകും. അത് എന്റെ സ്വകാര്യതയേക്കാൾ എന്നോട് സംവദിച്ചിട്ടുള്ള മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്.. വാർത്തകൾക്കായി കൈമാറി കിട്ടിയിട്ടുള്ള രഹസ്യ വിവരങ്ങളടക്കമുള്ള കാര്യങ്ങൾ ഫോണുകളിൽ ഉണ്ട്. അത് പരിശോധിക്കാൻ പൊലീസിന് യാതൊരു അവകാശവും അധികാരവുമില്ല..
പിൻകുറി :- എനിക്കെതിരായ കേസും അറസ്റ്റും സർക്കാരിനും പാർട്ടിക്കുമെതിരെ വലതുപക്ഷം എങ്ങിനെ ഉപയോഗിക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അടിസ്ഥാനപരമായി സൈബർ വലതുപക്ഷം മണ്ടന്മാർ കൂടി ആയതു കൊണ്ട് രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമായി എനിക്കെതിരെ അവർ പൊലീസ് ഭാഷ്യത്തിന് ഒപ്പം നിന്നു...