മൂന്നാർ: അഡ്വ. എ രാജയുടെ എംഎൽഎ സ്ഥാനം റദ്ദാക്കിയ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമായിട്ടാണ് കാണുന്നതെന്ന് ദേവികുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി കുമാർ. അഡ്വ. എ രാജ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചാലും ഭയമില്ലെന്നും നിയമപോരാട്ടം തുടരുമെന്നും കൃത്യമായ തെളിവുകൾ കൈയിലുണ്ടെന്നും ഡി കുമാർ പറഞ്ഞു. വിധി മറിച്ചാവുമെന്ന് പ്രതീക്ഷിക്കുന്നില്ലന്നും കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ദേവികുളത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഡി കുമാർ. കുമാറിന്റെ ഹർജി പരിഗണിച്ച ശേഷമാണ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. ഒടുവിൽ തനിക്ക് അനുകൂലമായ വിധി എത്തിയപ്പോൾ സത്യം ജയിച്ചെന്നായിരുന്നു കുമാറിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമ്മീഷന് പരാതി നൽകിയിരുന്നു. പക്ഷെ ഉദ്യോഗസ്ഥർ ഭരണ കക്ഷി ആയതിനാൽ രാജയ്ക്ക് ഒപ്പം നിന്നു. ശരിയായ എല്ലാ തെളിവുകളും ഹാജരാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വന്നാൽ സ്ഥാനാർത്ഥി ആകുമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നു ഡി കുമാർ പറഞ്ഞു.

അഡ്വ.എ രാജയുടെ എംഎൽഎ സ്ഥാനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സത്യത്തിന്റെ വിജയമായിട്ടാണ് കാണുന്നത്. രാജ സി എസ് ഐ പള്ളയിൽ വിവാഹിതനായതിന്റെ ഫോട്ടോയും അമ്മ മരിച്ചപ്പോൾ കൃസ്ത്യൻ ആചാരപ്രകാരം സംസ്‌കരിച്ചതിന്റെ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചത് കേസിൽ നിർണ്ണായക തെളിവായി. സി എസ് ഐ ബിഷപ്പും കൃത്യമായ വിവരങ്ങൾ നൽകി.

ദേവികുളം അസ്സംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.പട്ടികജാതിക്കാർക്ക് മാത്രം സംവരണം ചെയ്തിട്ടുള്ള സീറ്റിൽ പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രാജയെ സ്ഥാനാർത്ഥിയായി പരിഗണിക്കരുത് എന്ന് തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ താനും യുഡിഎഫ് നേതാക്കളും ഇക്കാര്യം തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇത് ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല.

തിരഞ്ഞെടുപ്പിന് ശേഷം യുഡി.എഫ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് നിയമ നടപടികളിലേയ്ക്ക് നീങ്ങിയത്. കെ.പിസിസി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ അഡ്വ.എസ് അശോകന്റെ മാർഗ്ഗനിർദ്ദേശങ്ങളും തുണയായെന്നും കോൺഗ്രസ് മൂന്നാർ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായ ഡി കുമാർ പറഞ്ഞു.

എ.രാജ യും കുടുംബാംഗങ്ങളും ക്രിസ്തീയ മതവിശ്വാസികളാണെന്നും രാജയുടെ വിവാഹവും മാതാവിന്റെ മരണാനന്തര ചടങ്ങുകളും ക്രിസ്തുമത ആചാരപ്രകാരം ആയിരുന്നു എന്നും സ്ഥിരീകരിക്കുന്ന രേഖകൾ കോടതിക്ക് മുമ്പാകെ എത്തിക്കാൻ കഴിഞ്ഞതും നേട്ടമായി. കൃത്യമായ രേഖകളും തെളിവുകളുമാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് സസൂക്ഷ്മം പരിശോധിച്ച് ,വലിയ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ഇത്തരത്തിലുള്ള ഒരു വിധിന്യായത്തിലെത്തിച്ചേർന്നത്.

സീനിയർ അഭിഭാഷകനായ അഡ്വ നരേന്ദ്രകുമാർ വളരെ ആത്മാർത്ഥമായി തന്നെയാണ് കേസ് നടത്തി വിജയത്തിലെത്തിച്ചത്. ഇനി ഏതറ്റം വരെയും നിയമപോരട്ടത്തിന് തയ്യാറാണ്. കെപിസിസി ഡി.സി.സി നേതൃത്വവുമായി ആലോചിച്ച് ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കും. നിയമപോരട്ടങ്ങൾക്ക് കോൺഗ്രസ് നേതാവ് എ കെ മണിയും ജി മുനിയാണ്ടിയും സഹപ്രവർത്തകരും ശക്തമായ പിന്തുണ നൽകിയിരുന്നുവെന്നും ഡി.കുമാർ പറഞ്ഞു.

സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.

എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി നിലവിൽ പരിഗണിച്ചിട്ടില്ല.

2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.