- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാഗ്യയുടെ വിവാഹത്തിൽ ആദ്യാവസാനം പങ്കെടുത്തു മോദി

ഗുരുവായൂർ,
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കണ്ട അത്യപൂർവ്വ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇന്ന് നടന്നത്. പല വിഐപി കല്യാണങ്ങൾക്കും വേദിയായിട്ടുണ്ടെങ്കിലും കൃഷ്ണ സന്നിധിയിൽ ഒരു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വിവാഹം നടക്കുന്നത് ആദ്യ സംഭവമാണ്. ഇതിന് മുമ്പ് ഒരു ഇവിടെ നടന്ന മറ്റൊരു വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഇത് കൂടാതെ മലയാളത്തിന്റെ താരരാജാക്കന്മാരുടെ സാന്നിധ്യം കൊണ്ടും ഭാഗ്യ സുരേഷ് - ശ്രേയസ്സ് വിവാഹം ശ്രദ്ധേയമായി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകും എന്നതു തന്നെയാണ് ഇതിൽ നിർണായകമായതും. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ഗുരുവായൂരിൽ എത്തിയതും. ഇതിന് മുമ്പ കെ കരുണാകരന്റെ മക്കളായി കെ മുരളീധരന്റെയും പത്മജയുടെയും വിവാഹം ഗുരുവായൂരിൽ വച്ചാണ് നടന്നത്. അക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു കെ കരുണാകരൻ. എന്നിട്ടു കൂടി ഇന്ദിരയും ഈ വിവാഹങ്ങൾക്ക് എത്തിയിരുന്നില്ല. ഈ ചരിത്രം നിലനിൽക്കെയാണ് സുരേഷ് ഗോപിക്ക് വേണ്ടി മോദി വിവാഹത്തിൽ പങ്കെടുത്തതും.
ക്ഷേത്രദർശനത്തിന് ശേഷമാണ് മോദി വിവാഹ വേദിയിലേക്ക് എത്തിയത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായി മാറുകയും ചെയ്തു. പ്രധാനമന്ത്രിയാണ് കാരണവരുടെ റോളിൽ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തു. സുരേഷ് ഗോപിയെയും മക്കളെയും ചേർത്തു നിർത്തുകയായിരുന്നു അദ്ദേഹം.

വധൂവരന്മാർക്ക് വരണമാല്യം എടുത്ത നൽകിയത് മോദിയായിരുന്നു. ഈ ഹാരം പര്സ്പ്പരം അണിയിച്ചു വിവാഹ ചടങ്ങ് പൂർത്തിയായ ശേഷം ഇരുവരും മോദിയുടെ കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങി. ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധൂവരന്മാർക്ക് അക്ഷതം നൽകി അനുഗ്രഹം നൽകി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം,ഖുശ്ബു,ദുലീപ്,ഷാജി കൈലാസ്,രചന നാരായണൻകുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

2019 ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികളിലൊന്ന് ഗുരുവായൂർ ദർശനമായിരുന്നു. അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും. മുൻപ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഗുരുവായൂർ ദർശനം നടത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗുരുവായൂർ ദർശനമായിരുന്നു ഇത്.
മോദി എത്തും മുൻപുതന്നെ ഗുരുവായൂരിലെ ദർശനവും വിവാഹങ്ങളും വിവാഹസമയങ്ങളിലെ മാറ്റവുമെല്ലാം വലിയ വാർത്തകളും വിവാദങ്ങളുമായി മാറിയിരുന്നു. ഗുരുവായൂരിലെ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ദേശീയ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഭരണ മാറ്റങ്ങളിൽ അധികാരം നഷ്ടപ്പെടുകയും തിരിച്ചുപിടിക്കുകയും ചെയ്തപ്പോഴെല്ലാം രാഷ്ട്രീയ നേതാക്കൾ പലരും ഗുരുവായൂരിലേക്ക് ഓടിയെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പനെ തൊഴുതതുകൊണ്ട് പാർട്ടിയിൽനിന്ന് ശാസന കേട്ടവരുമുണ്ട്. കെ കരുണാകരനാകട്ടെ കേരളം ഭരിച്ചത് ഗുരുവായൂരപ്പനെ മുറുകെ പിടിച്ചായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഗുരുവായൂരിനെ ആദ്യമായി ലോക ശ്രദ്ധയിലേക്ക് എത്തിച്ചത്. അതിനു കാരണമായതാകട്ടെ ലീഡർ കെ.കരുണാകരനും. 1977 മുതൽ 80 വരെ ഇന്ദിരാ പ്രിയദർശിനിയെ ഇന്ത്യ കൈവിട്ട കാലമായിരുന്നു. അക്കാലത്തും ഉറച്ച പിന്തുണ നൽകി ലീഡർ ഒപ്പമുണ്ടായിരുന്നു. ഗുരുവായൂരപ്പനിൽ ഉറച്ചു വിശ്വസിച്ചോളൂ, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാം എന്ന ഉപദേശവും നൽകി. കാലം മാറിമറിഞ്ഞു. ഇന്ദിര വീണ്ടും പ്രധാനമന്ത്രിയായി. നന്ദിസൂചകമായി അവർ 1980 ജനുവരി 18ന് ഗുരുവായൂരിലെത്തി. ക്ഷേത്ര ദർശനം നടത്തി, പഞ്ചസാര കൊണ്ട് തുലാഭാരവും. ആ വാർത്തയും ചിത്രങ്ങളും ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു.
ഏത് പ്രതിസന്ധിയിലും മലയാളമാസം ഒന്നാം തീയതി ഗുരുവായൂർ ദർശനം മുടക്കാത്ത നേതാവായിരുന്നു കെ.കരുണാകരൻ. ഇത് ഇന്ദിരാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എഐസിസി, വർക്കിങ് കമ്മിറ്റി യോഗങ്ങൾ ഈ ദിവസങ്ങളിൽ വച്ചിരുന്നില്ല. ഒരിക്കൽ ഒരു അടിയന്തര വർക്കിങ് കമ്മിറ്റിക്കിടയിൽ മലയാള മാസം ഒന്നാം തീയതി വന്നു. വർക്കിങ് കമ്മിറ്റി നിർത്തി വച്ച് ലീഡർക്ക് വരാനായി ഇന്ദിര പ്രത്യേക വിമാനം ഒരുക്കി.

ഇന്ദിരയ്ക്കു പിന്നാലെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ചേർന്ന് നാരായണീയം നാനൂറാം വാർഷികാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ ഗുരുവായൂരിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻ ഹിന്ദു മത സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തി ദർശനം നടത്തി. ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആയിരുന്ന ആർ.വെങ്കട്ടരാമൻ, ശങ്കർ ദയാൽ ശർമ, പ്രധാനമന്ത്രി പി.വി.നരസിംഹറാവു എന്നിവരും ദർശനത്തിന് എത്തിയിട്ടുണ്ട്.
പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി, റാംനാഥ് കോവിന്ദ് എന്നീ രാഷ്ട്രപതിമാരും ക്ഷേത്രദർശനം നടത്തി. കെ.ആർ.നാരായണൻ, എ.ബി.വാജ്പേയി, എൽ.കെ.അഡ്വാനി, ചന്ദ്രശേഖർ, എച്ച്.ഡി. ദേവെഗൗഡ എന്നിവരും അധികാര സ്ഥാനത്തിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. സിപിഎമ്മിൽനിന്നു പുറത്തായതിനു ശേഷം കെ.ആർ.ഗൗരിയമ്മ രണ്ടു വട്ടം ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. സിഎംപി നേതാവ് എം വിരാഘവനും ക്ഷേത്രത്തിനകത്തു കയറി. സിപിഎം നേതാവായ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെ ദർശനം നടത്തി, പാർട്ടിയുടെ ശാസന വാങ്ങി.

