മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിൽ വിഷം കൊടുത്തുകൊന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും പാക്കിസ്ഥാൻ അധികാരികൾ ഇത് പ്രചരിപ്പിച്ചതാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സ്ഥിരീകരണം. കറാച്ചിയിലെ പോഷ് ക്ലിഫ്ടൺ ഏരിയയിലെ വൃത്തങ്ങളെ ഉദ്ദരിച്ചാണ് ഇന്ത്യൻ ഏജൻസികൾ ഇത് പറയുന്നത്. ദൈനംദിന പ്രവർത്തനങ്ങളിൽ ദാവൂദ് ഏർപ്പെടുന്നുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. പാക് ഏജൻസികളാണ് വ്യാജ വാർത്തയ്ക്ക് പിന്നിലെന്നും വിലയിരുത്തുന്നു. ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീലും വാർത്ത നിഷേധിച്ചിട്ടുണ്ട്.

ദാവൂദിന് പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐ സുരക്ഷ നൽകുന്നതിനാൽ വിഷം കലർത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീൽ തള്ളിക്കളഞ്ഞിരുന്നു. ദാവൂദ് ഇബ്രാഹിമിന് അജ്ഞാതൻ വിഷം നൽകിയെന്നായിരുന്നു പ്രചാരണം. അമേരിക്ക അടക്കം കുറ്റവാളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ദാവൂദ്. ദാവൂദ് പാക്കിസ്ഥാനിൽ ഇല്ലെന്നാണ് പാക് സർക്കാർ ഇതുവരെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഐഎസ് ഐയാണ് ദാവൂദിന് സുരക്ഷ നൽകുന്നതെന്ന വാദം ഛോട്ടാ ഷക്കീൽ തന്നെ ഉയർത്തുന്നത്. ഇത് പാക്കിസ്ഥാന് വൻ തിരിച്ചടിയാണ്.

ഏതായാലും കറാച്ചിയിൽ ദാവൂദ് ഉണ്ടെന്ന ഇന്ത്യൻ ഏജൻസികളുടെ മുൻ നിഗമനത്തിന് ഇപ്പോൾ സ്ഥിരീകരണം വരികയാണ്. ദാവൂദ് താമസിക്കുന്ന മേഖലയെ റോ നിരന്തര നിരീക്ഷണത്തിനും വിധേയമാക്കുന്നുണ്ട്. കറാച്ചിയിലെ പോഷ് ക്ലിഫ്ടൺ ഏരിയയിലെ ഇന്ത്യൻ ഏജൻസിയുടെ സ്രോതസ്സുകളും അസാധാരണമായ ഒരു പ്രവർത്തനത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. ഇതിനൊപ്പം ദാവൂദ് കറാച്ചിയിലുണ്ടെന്നും താൻ നിരന്തരം കാണുന്നുണ്ടെന്നുമുള്ള ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തൽ പാക്കിസ്ഥാന് തലവേദനയാകും. ദാവൂദിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പാക്കിസ്ഥാനോട് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടേക്കും. അമേരിക്കയും സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

ദാവൂദുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 'റോ' നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ വിഷം കൊടുത്തു കൊന്നുവെന്ന അഭ്യൂഹങ്ങൾ ന്യൂസ് 18നും തള്ളിക്കളഞ്ഞു. ന്യൂസ് 18-നോട് സംസാരിച്ച ദാവൂദിന്റെ അടുത്ത സഹായി ഛോട്ടാ ഷക്കീൽ, ഗുണ്ടാസംഘം വളരെ ''ജീവനും ആരോഗ്യവാനും'' ആണെന്ന് പറഞ്ഞു. ''ദാവൂദ് ജീവിച്ചിരിപ്പുണ്ട്, ആരോഗ്യവാനാണ്. ഈ വ്യാജ വാർത്ത കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി. ഇന്നലെ ഞാൻ അദ്ദേഹത്തെ പലതവണ കണ്ടു, ''-ഇതായിരുന്നു ചോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തൽ.

വിഷം കഴിച്ച ശേഷം ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചതായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ചില ഉപയോക്താക്കൾ ദാവൂദ് മരിച്ചുവെന്ന് പരാമർശിക്കുന്ന പാക്കിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കറിന്റെ അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ടുകൾ പോലും പോസ്റ്റ് ചെയ്തു. എന്നാൽ സന്ദേശവും അക്കൗണ്ടും വ്യാജമാണെന്ന് തെളിഞ്ഞു.

അതിനിടെ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ് പ്രതികരിച്ചു. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ ജാവേദ് മിയാൻദാദിനെയും കുടുംബത്തെയും പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കിയതായും അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ താൻ വീട്ടുതടങ്കലിലാണെന്നതു തെറ്റായ വാർത്തയാണെന്നു മിയാൻദാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

''ദാവൂദിനെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. പറയാനുള്ളത് പാക്കിസ്ഥാൻ സർക്കാർ പറയും.'' മിയാൻദാദ് പ്രതികരിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദ് ഇബ്രാഹിമിനെ ചികിത്സിക്കുന്നതെന്നാണു വിവരം. ആശുപത്രി ഫ്‌ളോറിലെ ഒരേയൊരു രോഗി ദാവൂദാണെന്നും അടുത്ത ബന്ധുക്കളെയും ഡോക്ടർമാരെയും മാത്രമാണ് അകത്തേക്കു കടത്തിവിടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കളവാണെന്നാണ് ഇന്ത്യൻ ഏജൻസികൾ അന്വേഷണത്തിൽ കണ്ടെത്തുന്നത്.

ദാവൂദ് മരിച്ചു എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്‌സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്‌ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ഈ സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നും റിപ്പോർട്ടുകളുണ്ട്.